Advertisment

മത്സരിച്ച് ജയിക്കില്ലെന്ന് കണ്ടപ്പോള്‍ കോടതിയെ ഉപയോഗിച്ച് അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് ജോസഫ് കോടതിയില്‍ ഉന്നയിച്ച വാദങ്ങളെന്ന്‍ ജോസ് കെ മാണി വിഭാഗം. അഞ്ച് വിഷയങ്ങള്‍ ഉന്നയിച്ച് ജോസ് കെ മാണി വിഭാഗം തൊടുപുഴ കോടതിയില്‍ അഡ്വാന്‍സ് പെറ്റീഷന്‍ സമര്‍പ്പിച്ചു

New Update

തൊടുപുഴ:  കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ മത്സരത്തിലൂടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിക്കില്ലെന്ന് കണ്ടപ്പോള്‍ കോടതി ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാന്‍ വേണ്ടി അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പി ജെ ജോസഫ് കോടതിയില്‍ നല്‍കിയിരിക്കുന്നതെന്ന് ജോസ് കെ മാണി വിഭാഗം.

Advertisment

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയില്‍ അധികാരം ഉപയോഗിക്കരുതെന്ന് കാട്ടി തൊടുപുഴ മുന്‍സിഫ്‌ കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ നല്‍കിയ അഡ്വാന്‍സ് പെറ്റീഷനിലാണ് ജോസ് കെ മാണി വിഭാഗം ജോസഫിന്റെ വാദങ്ങള്‍ തള്ളി രംഗത്ത് വന്നിരിക്കുന്നത്. അല്‍പ്പം മുമ്പാണ് ജോസ് കെ മാണി വിഭാഗം തൊടുപുഴ കോടതിയില്‍ അഡ്വാന്‍സ് പെറ്റീഷന്‍ സമര്‍പ്പിച്ചത്.

publive-image

അഞ്ച് കാര്യങ്ങളാണ് പെറ്റീഷനില്‍ ജോസ് കെ മാണി ഉന്നയിച്ചിരിക്കുന്നത്. ഒന്ന്, പരാതിക്കാര്‍ക്ക് സംസ്ഥാന സമിതി സംബന്ധിച്ച് നോട്ടീസ് കിട്ടിയിട്ടും ഇവര്‍ തര്‍ക്കവാദങ്ങള്‍ കമ്മിറ്റിയിലെത്തി ഉന്നയിക്കാന്‍ ശ്രമിക്കാതെ കോടതിയെ സമീപിച്ചത് നിലനില്‍ക്കുന്നതല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

നോട്ടീസ് കൈപ്പറ്റിയെന്ന്‍ പരാതിക്കാര്‍ സമ്മതിക്കുന്നുണ്ട്. ആ നിലയ്ക്ക് ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ ആദ്യം കമ്മിറ്റിയില്‍ ഉന്നയിക്കുകയും പിന്നീട് കോടതിയെ സമീപിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്.

publive-image

രണ്ട്, മത്സരിച്ച് ജയിക്കില്ലെന്ന് കണ്ടപ്പോഴാണ് പി ജെ ജോസഫ് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് കോടതിയെ ഉപയോഗപ്പെടുത്തി പദവി നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

മൂന്ന്‍, പാര്‍ട്ടി ഭരണഘടനയിലെ 29 -)൦ ആര്‍ട്ടിക്കിള്‍ പ്രകാരം ചെയര്‍മാന്റെ അഭാവത്തില്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന വര്‍ക്കിംഗ് ചെയര്‍മാന് എല്ലാ അധികാരങ്ങളും ഉപയോഗിക്കാന്‍ കഴിയില്ല. പാര്‍ട്ടി ഭരണഘടന പ്രകാര൦ ചെയര്‍മാന്‍ ഉള്ളപ്പോള്‍ പോലും വര്‍ക്കിംഗ് ചെയര്‍മാനുമായി കൂടി ആലോചിച്ച് വേണം കാര്യങ്ങള്‍ തീരുമാനങ്ങള്‍ എടുക്കാന്‍ എന്നാണ് വ്യവസ്ഥ.

publive-image

അതായത്, തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഒരാള്‍ ഒറ്റയ്ക്കല്ല രണ്ടു പേര്‍ കൂടി വേണമെന്നാണ് ഭരണഘടന പറയുന്നത്. അതിനാല്‍ എല്ലാ അധികാരങ്ങളും വര്‍ക്കിംഗ് ചെയര്‍മാനില്‍ നിഷിപ്തമാണെന്ന വര്‍ക്കിംഗ് ചെയര്‍മാന്റെ അവകാശവാദം നിലനില്‍ക്കില്ല.

നാല്, 31 -)൦ സ്പെഷ്യല്‍ വകുപ്പ് പ്രകാരം ചെയര്‍മാന്‍ ഇല്ലാതായാല്‍ സമവായത്തിലൂടെ ചെയര്‍മാനെ തെരഞ്ഞെടുക്കണം എന്ന് വ്യവസ്ഥ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. അതില്‍ പോലും സമവായം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ എന്ന് പറയുന്നുണ്ട്.

മാത്രമല്ല, ഈ വകുപ്പ് 2012 ല്‍ നടന്ന പാര്‍ട്ടി തെരഞ്ഞെടുപ്പിന് ശേഷം അടുത്ത തെരഞ്ഞെടുപ്പ് വരെ പ്രാബല്യത്തില്‍ വരുന്ന വിധം 2013 ല്‍ എഴുതിച്ചേര്‍ത്ത സ്പെഷ്യല്‍ വകുപ്പാണ്. 2018 ല്‍ കേരളാ കോണ്‍ഗ്രസ് പുതിയ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി. അതോടുകൂടി ഈ സ്പെഷ്യല്‍ വകുപ്പ് അസാധുവായി.

publive-image

അഞ്ച്, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് തൊടുപുഴ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും ജോസ് കെ മാണി ഹര്‍ജിയില്‍ പറയുന്നു. കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്നത് കോട്ടയത്താണ്. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നതും കോട്ടയത്താണ്. തെരഞ്ഞെടുപ്പിന് നോട്ടീസ് നല്കിയതും കോട്ടയത്ത് നിന്നാണ്. അതിനാല്‍ തന്നെ ഈ വിഷയം തൊടുപുഴ കോടതിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതാണോ എന്ന് പരിശോധിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

kerala congress new pala ele
Advertisment