കോട്ടയത്ത് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസില്‍ മുന്നൊരുക്കങ്ങള്‍ തകൃതി. പക്ഷേ സ്ഥാനാര്‍ഥിയെപ്പറ്റി ധാരണയില്ല. അപ്രതീക്ഷിത സീറ്റിന് വേണ്ടി വലിപ്പച്ചെറുപ്പം നോക്കാതെ നേതാക്കളുടെ നെട്ടോട്ടം

സുഭാഷ് ടി ആര്‍
Saturday, July 21, 2018

കോട്ടയം:  പി സി തോമസിനും ജോസ് കെ മാണിക്കും പിന്‍ഗാമിയായി കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഇനി ആര് പാര്‍ലമെന്റിലെത്തും എന്ന ആകാംഷയിലാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോട്ടയത്തെ രാഷ്ട്രീയക്കാരും. ജോസ് കെ മാണി രാജ്യസഭാംഗമായി മാറിയതോടെ പകരക്കാരനെ തേടിയുള്ള ചര്‍ച്ചകള്‍ കേരളാ കോണ്‍ഗ്രസില്‍ സജീവമായി.

ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യതയില്ലെന്ന്‍ ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ കേരളാ കോണ്‍ഗ്രസ് ആരംഭിക്കുകയും ചെയ്തു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇതിനായി മാത്രം പ്രത്യേക തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ക്ക് വരെ കേരളാ കോണ്‍ഗ്രസ് എം രൂപം നല്‍കി കഴിഞ്ഞു.

മാണി ഗ്രൂപ്പില്‍ എം എല്‍ എമാരാകാനും സീറ്റ് പിടിക്കാനും പലരും മത്സരിക്കുന്നുണ്ടെങ്കിലും പാര്‍ലമെന്‍റ൦ഗമായി ജോസ് കെ മാണി പനപോലെ വളര്‍ന്നു നില്‍ക്കുകയായിരുന്നതിനാല്‍ ആ സീറ്റിനെ ചൊല്ലി സീറ്റ് മോഹികള്‍ രംഗത്ത് വന്നിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ, ഇനി അത് പറ്റില്ല.

കോട്ടയത്ത് ഒരു സ്ഥാനാര്‍ഥി കൂടിയേ തീരൂ. വിജയിച്ച എം എല്‍ എമാരെ കോട്ടയത്ത് മത്സരിപ്പിച്ചാല്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും എന്നതിനാല്‍ അതിന് സാധ്യത തീരെയില്ല. ഉണ്ടായിരുന്നെങ്കില്‍ പ്രൊഫ. എന്‍ ജയരാജ് കോട്ടയത്ത് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയാകുമായിരുന്നു. പിന്നയുള്ളത് തോറ്റ മിടുക്കരും പാര്‍ട്ടി വിട്ട് മടങ്ങിവന്ന പ്രഗത്ഭരുമാണ്.

സാധാരണ രീതിയില്‍ ഈ രണ്ടുകൂട്ടരും ഒരു നിര്‍ണ്ണായക മത്സരത്തില്‍ അനഭിമതരാണെങ്കില്‍ ഇവരെ മാറ്റി നിര്‍ത്തിയാല്‍ കേരളാ കോണ്‍ഗ്രസില്‍ പിന്നെ ‘കാലാ’ പെറുക്കേണ്ടി വരുന്നതാണ് സ്ഥിതി.

അതിനാല്‍ തന്നെ ലിസ്റ്റില്‍ മുന്‍ നിരയില്‍ തോമസ്‌ ചാഴിക്കാടന്‍, സ്റ്റീഫന്‍ ജോര്‍ജ്ജ്, ജോസഫ് എം പുതുശ്ശേരി എന്നിവരുണ്ട്.  മൂന്നുപേരും 2 തവണ വീതം തോറ്റവരാണ്. അതില്‍ തന്നെ സ്റ്റീഫന്‍ ജോര്‍ജ്ജ് പാര്‍ട്ടി വിട്ട് മറ്റ്‌ കേരളാ കോണ്‍ഗ്രസുകളില്‍ പ്രവര്‍ത്തിച്ചു മടങ്ങിവന്നയാളാണ്. പക്ഷേ പോകുന്നതിനു മുമ്പും മടങ്ങിവന്ന ശേഷവും കെ എം മാണിയുടെ വിശ്വസ്തനാണ് സ്റ്റീഫന്‍. കേരളാ കോണ്‍ഗ്രസില്‍ ‘വിശ്വസ്തത’ ഒരു പ്രധാന യോഗ്യതയാണെന്ന കാര്യം ആ രാഷ്ട്രീയം അറിയുന്നവര്‍ക്കറിയാം.

ജോസഫ് എം പുതുശ്ശേരി സീറ്റ് തര്‍ക്കത്തെ ചൊല്ലി ഒരിക്കല്‍ പാര്‍ട്ടി വിട്ട നേതാവാണ്‌. എങ്ങും ചെന്ന് കയറിയില്ലെന്നു മാത്രം. തോമസ്‌ ചാഴിക്കാടന്‍ ഇടയ്ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യുക്തി പറയുന്നതൊഴിച്ചാല്‍ എന്നും മാണിയുടെ വിശ്വസ്തനാണ്. അതിനാല്‍ തന്നെ ചാഴിക്കാടന് കോട്ടയം സീറ്റില്‍ മുന്‍ഗണനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പുതുമുഖങ്ങളെ പരിഗണിക്കണമെന്ന് ആവശ്യമുയര്‍ന്നാല്‍ ചില അപ്രതീക്ഷിത പേരുകള്‍ ഈ സീറ്റിലേക്ക് കേരളാ കോണ്‍ഗ്രസ് പരിഗണിച്ചേക്കും. റോഷി അഗസ്റ്റിന് ശേഷം മറ്റൊരു യുവ നേതാക്കള്‍ക്കും കേരളാ കോണ്‍ഗ്രസ് അവസരം നല്‍കിയില്ലെന്നതിനാല്‍ അത്തരമൊരു സാധ്യത കെ എം മാണിയുടെ പരിഗണനയിലുണ്ട്.

അങ്ങനെ വന്നാല്‍ യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന അധ്യക്ഷന്മാരും ഇപ്പോഴത്തെ പ്രസിഡന്റുമൊക്കെ പട്ടികയില്‍ കയറിക്കൂടും. അഡ്വ. ജോബ്‌ മൈക്കിള്‍, സജി മഞ്ഞക്കടമ്പില്‍, അഡ്വ, പ്രിന്‍സ് ലൂക്കോസ്, അഡ്വ. മുഹമ്മദ്‌ ഇക്ബാല്‍ എന്നിവരൊക്കെ ഈ പട്ടികയില്‍ കയറിക്കൂടും.

ക്നാനായ പ്രാതിനിധ്യം പരിഗണനയില്‍ വരുകയും തോമസ്‌ ചാഴിക്കാടന്‍ മാറി നില്‍ക്കുകയും ചെയ്‌താല്‍ ജനറല്‍ സെക്രട്ടറി സിറിയക് ചാഴിക്കാടനും പട്ടികയിലിടം നേടും. എം ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, കേരളാ കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് ജെ മാത്യു എക്സ് എം എല്‍ എ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി എന്നീ പേരുകളൊക്കെ പറഞ്ഞുകേള്‍ക്കുന്നുണ്ട്.

പാര്‍ട്ടി കേരളാ കോണ്‍ഗ്രസായതുകൊണ്ട് പരിഗണിക്കപ്പെടുന്ന പേരുകളുടെ കാര്യത്തില്‍ പഞ്ഞമുണ്ടാകാന്‍ സാധ്യതയില്ല. സീറ്റ് ആവശ്യപ്പെടുന്ന ആരെയും അത് പ്രഖ്യാപിക്കുന്നത് വരെ പിണക്കുന്ന ശീലം കെ എം മാണിക്കില്ല.

അപ്രതീക്ഷിതമായി കടന്നുവന്ന ഒഴിവായതിനാല്‍ നാലാള്‍ അറിയുന്ന കേരളാ കോണ്‍ഗ്രസുകാരൊക്കെ പട്ടികയില്‍ ഇടം നേടുമെന്നും ഉറപ്പാണ്.  പക്ഷേ, മേല്‍പ്പറഞ്ഞവരില്‍ ആര്‍ക്കും ഈ ഘട്ടത്തില്‍ പരിഗണനാ ലിസ്റ്റില്‍ മുന്‍ഗണനയുണ്ടെന്നു പറയാനും വയ്യ.

അതേസമയം തര്‍ക്കങ്ങള്‍ക്ക് ഇടയില്ലാത്ത വിധം ഈ സീറ്റിലേക്ക് പരിഗണിക്കപ്പെടാന്‍ ഇടയുള്ള പേരായിരുന്നു തോമസ്‌ ഉണ്ണിയാടന്റെത്. എന്നാല്‍ ബാര്‍ കോഴ ആരോപണങ്ങളെ തുടര്‍ന്ന്‍ കെ എം മാണിക്ക് രാജിവയ്ക്കേണ്ടി വന്ന സാഹചര്യം മുതല്‍ പിന്നീടിങ്ങോട്ട്‌ മാണിയുടെ വികാരത്തിനൊപ്പം നില്‍ക്കാന്‍ ഉണ്ണിയാടന് കഴിഞ്ഞില്ലെന്നത് ഈ മുന്‍ വിശ്വസ്തനെ ഇപ്പോള്‍ അനഭിമതനാക്കിയിരിക്കുകയാണ്.

ഒരു കാര്യം മാത്രം ഉറപ്പാണ് കേരളാ കോണ്‍ഗ്രസിന് ലഭിക്കുന്ന ലോക്സഭാ സീറ്റ് കോട്ടയമാണെങ്കിലും ഇടുക്കിയാണെങ്കിലും സ്ഥാനാര്‍ഥി കെ എം മാണിയുടെ വിശ്വസ്തന്‍ തന്നെയായിരിക്കും.

ജോസഫ് ഗ്രൂപ്പിന് ഈ സീറ്റ് ലഭിക്കില്ല. തോണ്ടല്‍ കേസില്‍ അകപ്പെട്ട് പ്രതിസന്ധിയിലായ ജോസഫിനെ അവിടെ നിന്ന് രക്ഷിച്ച് യു ഡി എഫില്‍ കൊണ്ടുവന്ന് അഭയം നല്‍കിയിട്ടും തന്റെ നിര്‍ണ്ണായക പ്രതിസന്ധി ഘട്ടത്തില്‍ ജോസഫ് ഒപ്പം നിന്നില്ലെന്ന പരാതി മാണിക്കുണ്ട്.

പാര്‍ട്ടി യു ഡി എഫില്‍ മടങ്ങിയെത്തിയ സാഹചര്യത്തില്‍ നിലവില്‍ ജോസഫിന്റെ സഹായം മാണിക്കാവശ്യവുമില്ല.  മാണി യുഡിഎഫിലെത്തിയതോടെ ജോസഫിന്റെ വിലപേശല്‍ ശക്തിയാണ് ഇല്ലാതായത്.

×