മഴകെടുതിയിൽ വീട് തകർന്നവര്‍ക്ക് വിവരശേഖരണ നടപടികൾ പൂർത്തിയാക്കി ഉടന്‍ സഹായം ഉറപ്പാക്കണം – ജോൺ ഡാനിയൽ

ന്യൂസ് ബ്യൂറോ, തൃശൂര്‍
Wednesday, September 12, 2018

മഴകെടുതിയിൽ വീട് തകർന്നവരുടെ വിവരശേഖരണ നടപടികൾ പൂർത്തിയാകാത്തത് കാരണം ധനസഹായം ലഭിക്കാൻ ഇനിയുമേറെ കാത്തിരിക്കേണ്ടി വരുമെന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകിയ വാക്ക് പാലിക്കണം. വീട് നഷ്ടപ്പെട്ടവരെ കണ്ടെത്തുന്നതിനായി സർക്കാർ പുതിയതായി ഏർപ്പെടുത്തിയ സംവിധാനം കാര്യക്ഷമമാകാത്താതാണ് ദുരിതബാധിതർക്ക് ധനസഹായമെത്തുന്നത് വൈകിക്കുന്നത്.

അർഹരായ ആളുകളെ കണ്ടെത്താൻ സർക്കാർ ഏജൻസിയായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷൻ (ഐ.ടി. മിഷൻ) പുറത്തിറക്കിയിട്ടുള്ള റീ ബിൽഡ് കേരള എന്ന അപ്ലികേഷൻ പുറത്തിറക്കിയിട്ടുണ്ട്. ഈ അപ്ലിക്കേഷനിൽ തകർന്നു വീണ വീടിന്റെ മൂന്ന് ചിത്രങ്ങൾ അപ്-ലോഡ് ചെയ്യണം.

എന്നാൽ പ്രളയം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തകർന്ന് വീണ വീടിന്റെ അവശിഷ്ടങ്ങൾ നീക്കി തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ഇനി തകർന്ന വീണ വീടുകളുടെ വ്യാപ്തി ഏത് രീതിയിലാണ് കണക്കാക്കുക എന്നതിനെ കുറിച്ച് ആശങ്കയുണ്ട്.

നേരത്തെ മഴകെടുതിയിൽ തകർന്ന വീടുകൾ വില്ലേജിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ പരിശോധിച്ച് വിലയിരുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പുതിയ സംവിധാനം ഏർപ്പെടുത്തിയതോടെ ഇത് പുനഃപരിശോധിക്കേണ്ടി വരികയും തകർന്ന വീടുകൾ വീണ്ടും പരിശോധിക്കേണ്ടതായും വരും.

ഇങ്ങനെ പരിശോധിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാരെ കൂടാതെ പുറത്ത് നിന്ന് വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് ലഭിക്കുന്ന പാസ് വേർഡ് ഉപയോഗിച്ച് വേണം ഈ അപ്ലിക്കേഷനിൽ കയറി പറ്റാൻ. ഇവരുടെ കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള മീറ്റിങ്ങുകൾ പോലും തദ്ദേശ സ്ഥാപനങ്ങൾ കൂടിയിട്ടില്ല.

പ്രളയകാലത്ത് സന്നദ്ധ പ്രവർത്തനത്തിന് ഉണ്ടായിരുന്ന ജനപ്രതിനിധികളുടെ സഹായം ഈ നടപടിക്രമങ്ങളുടെ ഒരു ഘട്ടത്തിലും തേടുന്നില്ല. അതാത് സ്ഥലങ്ങളിൽ മഴകെടുതി ഉണ്ടായ പ്രദേശങ്ങളും വീടുകളും ജനപ്രതിനിധികൾക്കാണ് ഇവരെക്കാൾ കൂടുതൽ അറിയാവുന്നതെന്ന് കോർപ്പറേഷൻ കൗൺസിലർ കൂടിയായ ജോൺ ഡാനിയൽ പറഞ്ഞു.

നേരത്തെ ബി.എൽ.ഒ.മാരെ നിയോഗിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. പലയിടങ്ങളിലും ജനപ്രതിനിധികൾ ഇവരെ അന്വേഷിച്ച് കണക്കെടുപ്പ് നടത്തിക്കേണ്ട സ്ഥിതിയും ഉണ്ടായിരുന്നു. വീട് നഷ്ടപ്പെട്ട് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും, ബന്ധു വീടുകളിലും, വീട് വടകെക്കെടുത്തും കഴിയുന്ന ദുരിതബാധിതരെ കൂടുതൽ കഷ്ടത്തിലാക്കുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്.

ദുരിതബാധിതരായ ആളുകൾ ഒരു അപേക്ഷ ഫോമും പൂരിപ്പിച്ച് നൽകേണ്ടതില്ല എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നുണ്ടെങ്കിലും ദുരിതബാധിതരുടെ ദുരിതം ഇപ്പോഴും തീർന്നിട്ടില്ല. ഇപ്പോഴത്തെ നടപടിക്രമങ്ങൾ കഴിഞ്ഞ് വരുമ്പോൾ സർക്കാർ ധനസഹായം കിട്ടി എന്നാണ് ദുരിതബാധിതരായവർക്ക് സ്വന്തം വീട് പടുത്തുയർത്താൻ സാധിക്കുകയെന്ന് മന്ത്രിമാർ വ്യക്തമാക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

×