1000 വീട് പദ്ധതിയിലേക്ക് ഓരോ വീടുകള്‍ നല്‍കി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഹസനും ! കൂടാതെ ആന്ധ്രയില്‍ നിന്നും 50 – 100 വീടുകള്‍ തരപ്പെടുത്തി നല്‍കാമെന്ന് ഉമ്മന്‍ചാണ്ടിയുടെ ഓഫറും ! കെപിസിസി പദ്ധതിയോട് പ്രതികരിക്കാതെ ആന്റണിയും സുധീരനും 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, August 29, 2018

തിരുവനന്തപുരം:  കെ പി സി സി പ്രഖ്യാപിച്ച 1000 വീട് പദ്ധതിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍ എന്നിവര്‍ ഓരോ വീട് വീതം ഏറ്റെടുത്തു.

കുടുംബാംഗങ്ങളുടെ കൂടി സഹായത്തോടെ പദ്ധതിയില്‍ ഓരോ വീടുകള്‍ ഏറ്റെടുക്കാനാണ് മൂന്ന്‍ നേതാക്കളും തീരുമാനിച്ചത്. അതിനായുള്ള സാമ്പത്തികം ഇവര്‍ മൂവരും കെ പി സി സിയ്ക്ക് കൈമാറുകയും ചെയ്തു.  എന്നാല്‍ മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയും മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും വീടുകള്‍ ഏറ്റെടുത്തിട്ടില്ല.

അതേസമയം, താന്‍ ഏറ്റെടുത്ത വീടുകള്‍ക്ക് പുറമേ ആന്ധ്രയില്‍ നിന്നും 50 മുതല്‍ 100 വീടുകള്‍ വരെ എറ്റെടുപ്പിക്കാന്‍ നടപടി സ്വീകരിക്കാമെന്നും ആന്ധ്രയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മന്‍ചാണ്ടി കെ പി സി സിയെ അറിയിച്ചിട്ടുണ്ട്.

1000 വീട് പദ്ധതി കോണ്‍ഗ്രസ് നേതാക്കള്‍ ഒരു ചലഞ്ച് ആയി ഏറ്റെടുക്കണമെന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.  പ്രളയം ബാധിക്കാത്ത മണ്ഡലം കമ്മറ്റികള്‍ ഓരോ വീട് വീതം ഏറ്റെടുക്കുന്നതാണ് പദ്ധതി. ഒരു വീടിന് 5 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്. പദ്ധതി നടപ്പിലാക്കാനായാല്‍ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി ഏറ്റെടുക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാകും ഇത്.

സോഷ്യല്‍ മീഡിയ വഴി മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസിന്റെ യുവ എം എല്‍ എമാര്‍ ഈ പദ്ധതിയോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഒപ്പം ഭരണമില്ലാത്ത ആന്ധ്രയില്‍ നിന്ന് ഉമ്മന്‍ചാണ്ടി 100 വീടുകള്‍ വരെ സംഘടിപ്പിക്കാന്‍ സാധിക്കുമോയെന്ന്‍ പരിശ്രമിക്കുമ്പോള്‍ ഭരണമുള്ള കര്‍ണ്ണാടകയുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാടും കോണ്‍ഗ്രസ് നേതൃത്വം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

×