ഡാമുകള്‍ തുറന്നുവിട്ടത് ഒന്നും നോക്കാതെ, 300 ഓളം മരണങ്ങളും ക്ഷണിച്ചുവരുത്തിയത്; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ സംഭവിച്ചത് ഗുരുതരമായ വീഴ്ച – സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങി പ്രതിപക്ഷം ! 

ജോബി ജോസഫ്
Wednesday, August 22, 2018

തിരുവനന്തപുരം:  പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ സര്‍ക്കാരിനോട് കാണിച്ച ‘മിതത്വം’ അവസാനിപ്പിക്കാന്‍ കെ പി സി സി ഒരുങ്ങുന്നു. ഡാമുകള്‍ തുറന്നുവിട്ടതില്‍ ഉണ്ടായ മുന്നൊരുക്കങ്ങള്‍ ഇല്ലായ്മയും പിഴവുമാണ് പ്രളയം വരുത്തി വച്ചതും മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതുമെന്ന ആരോപണ൦ ശക്തമായി ഉന്നയിക്കാനും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടാനുമാണ് കെ പി സി സിയുടെ തീരുമാനം.

ഇക്കാര്യങ്ങള്‍ ഉന്നയിക്കാന്‍ രാവിലെ പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളും ശക്തമായ പ്രതികരണങ്ങള്‍ക്ക് ഒരുങ്ങുകയാണ്.

ഡാമുകള്‍ തുറന്നുവിട്ടതില്‍ സംഭവിച്ച ഗുരുതരമായ പാളിച്ചകള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടും. ഇടുക്കി ഡാം ഒഴികെ മറ്റൊരു ഡാമും തുറന്നുവിട്ടതില്‍ നടപടിക്രമങ്ങള്‍ പ്രകാരമുള്ള മുന്നൊരുക്കങ്ങളോ സുരക്ഷാ മുന്നറിയിപ്പുകളോ ഉണ്ടായില്ലെന്നത് ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിയുക.

പ്രളയക്കെടുതികളുടെ സാഹചര്യത്തില്‍ പ്രശ്നം വിവാദമാക്കേണ്ടതില്ലെന്ന് യു ഡി എഫ് തീരുമാനിച്ചിരുന്നു. എന്നാല്‍ മരണ സംഖ്യ ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിനോട് ഇനി മിതത്വം വേണ്ടെന്ന നിലപാടിലാണ് നേതാക്കള്‍. ‘

അതേസമയം, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാനും കെ പി സി സി തീരുമാനിച്ചിട്ടുണ്ട്. സ്വാഭാവികമായി ഉണ്ടായ മരണങ്ങള്‍ ഒഴിവാക്കിയാല്‍ ബാക്കി വന്ന മുന്നൂറോളം മരണങ്ങള്‍ കെടുകാര്യസ്ഥത മൂലം ക്ഷണിച്ചുവരുത്തിയതാണെന്നാണ് കെ പി സി സിയുടെ വിലയിരുത്തല്‍.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് സംസ്ഥാനം കണ്ട ഏറ്റവും വലിയ പാളിച്ചയാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. നാട്ടുകാരും സന്നദ്ധ സംഘടനകളും മത്സ്യത്തൊഴിലാളികളും കയ്യും മെയ്യും മറന്ന് മുന്നിട്ടിറങ്ങിയില്ലായിരുന്നെങ്കില്‍ ദുരന്തത്തിന്റെ ചിത്ര൦ മറ്റൊന്നാകുമായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ ഇനി സര്‍ക്കാരിനോട് മായം വേണ്ടെന്നാണ് നേതാക്കളുടെ അഭിപ്രായം. പ്രളയ കെടുതികള്‍ നിയന്ത്രണാതീതമായതോടെ സര്‍ക്കാരിന്റെ പാളിച്ചകള്‍ തുറന്നു കാട്ടാനുള്ള നീക്കങ്ങള്‍ ഇനിയുണ്ടാകും.

×