Advertisment

കിഴക്കമ്പലത്തെ ഫെഡറല്‍ ബാങ്ക് എടിഎം കവര്‍ച്ചാ ശ്രമം പരാജയപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  കിഴക്കമ്പലത്തെ ഫെഡറല്‍ ബാങ്ക് എടിഎമ്മില്‍ മോഷ്ടാവ് നടത്തിയ കവര്‍ച്ചാ ശ്രമം പാളി. ബാങ്കിന്റെ വിദൂര നിരീക്ഷണ സംവിധാനത്തിന്റെയും ഈ സംവിധാനം വഴി വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പോലീസിന്റെയും സഹായത്തോടെയാണ് കവര്‍ച്ച തടഞ്ഞത്.

എടിഎമ്മില്‍ പണംസൂക്ഷിക്കുന്ന അറ പൊളിക്കാനുള്ള ശ്രമത്തിനിടെയാണ് വിദൂര നിരീക്ഷണ സംവിധാനം വഴി ബാങ്ക് കവര്‍ച്ചാ ശ്രമം കണ്ടെത്തിയത്. എടിഎമ്മുമായി ബന്ധിപ്പിച്ച തത്സമയ സര്‍വെയ്ലന്‍സ് സംവിധാനം ബാങ്കിന്റെ കേന്ദ്ര കമാന്‍ഡ് സെന്ററിലേക്ക് വിവരം കൈമാറിയതോടെ മുന്നറിയിപ്പു സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

ഇതോടൊപ്പം പോലീസിനും ജാഗ്രതാ സന്ദേശം ലഭിച്ചു. വിരണ്ട മോഷ്ടാവ് സുപ്രധാന തെളിവുകള്‍ സ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നു കളഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് തെളിവുകള്‍ ശേഖരിച്ചു. മോഷ്ടാവിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ബാങ്കിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു.

Advertisment