Advertisment

ഭവന രഹിതരില്ലാത്ത കിഴക്കമ്പലം ലക്ഷ്യമിട്ട് ട്വന്‍റി20: ലക്ഷം വീടുകള്‍ ഇനി ഗോഡ്സ് വില്ലകള്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഇനി ഭവന രഹിതരില്ലാത്ത പഞ്ചായത്ത്. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിന്‍റെയും ട്വന്‍റി20 യുടെയും നേതൃത്ത്വത്തില്‍ നടപ്പാക്കുന്ന ലക്ഷം വീടുകള്‍ ഒറ്റവീടാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ഉലകനായകന്‍ കമലഹാസന്‍ ഭവനങ്ങളുടെ താക്കോല്‍ ഡിസംബര്‍ 3ന് ജനങ്ങള്‍ക്ക് കൈമാറും.

Advertisment

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഞാറല്ലൂര്‍ കോളനിയിലെ 37 വീടുകളാണ് ജനങ്ങള്‍ക്ക് കൈമാറുന്നത്. 750 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓരോ വീടും നിര്‍മിച്ചിരിക്കുന്നത്.

2 ബെഡ് റൂം, കാര്‍പോര്‍ച്ച്, അടുക്കള, ബാത്ത്റൂം, ടോയ്ലറ്റ്, സിറ്റ്ഔട്ട്, ചുറ്റുമതില്‍ എന്നിവ അടങ്ങിയതാണ് ഒരു വീട്. വീടുകളിലേക്ക് വെള്ളം, റോഡ്, വഴി വിളക്ക് എന്നിവ ട്വന്‍റി20യുടെ നേതൃത്വത്തില്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്.

6 കോടി രൂപ ചിലവില്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന ഞാറല്ലൂര്‍ പ്രോജക്ടില്‍ ട്വന്‍റി20 5 കോടി 26 ലക്ഷം, കേരള സര്‍ക്കാരിന്‍റെ ലക്ഷം വീട് ഒറ്റ വീടാക്കല്‍ പദ്ധതി പ്രകാരം കിഴക്കമ്പലം പഞ്ചായത്ത് 74 ലക്ഷം രൂപയും ചിലവഴിച്ചാണ് 37 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. വിലങ്ങ്, കാണ്ണാമ്പുറം, മാക്കിനിക്കര എന്നീ കോളനികളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്.

ട്വന്‍റി20 യുടെ നേതൃത്വത്തില്‍ 300 ഓളം ഭവനരഹിതരായവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുകയും, 800 ഓളം വീടുകള്‍ പുതുക്കി പണിത് വാസയോഗ്യമാക്കി നല്കുകയും ചെയ്തിട്ടുണ്ട്.

ട്വന്‍റി20 യുടെ ഓരോ പ്രവര്‍ത്തനങ്ങളും നേരത്തെ തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ആം ആദ്മി, മക്കള്‍ നീതി മയം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍, ശ്രീലങ്കന്‍ അഡ്മിനിസ്ട്രേറ്റേഴ്സ് ട്വന്‍റി20യുടെ വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കുവാന്‍ നേരത്തെ കിഴക്കമ്പലത്ത് എത്തിയിട്ടുണ്ട്.

Advertisment