Advertisment

മരിച്ചിട്ടും കെ എം മാണിയെ വിടാതെ പഴയ 'മാണി ബ്രാൻഡ്' സൃഷ്ടാക്കൾ ! ഫൗണ്ടേഷനും സ്മാരകത്തിനും മാണി പ്രതിമയ്ക്കുമായി മത്സരിച്ച് പഴയ 'മാണി ഭക്തർ' ! ജോസിനെയും കുട്ടിയമ്മയെയും പടിയിറക്കി തറവാടൊഴുപ്പിച്ച് മ്യൂസിയവും ഫൗണ്ടേഷനും ! മരിച്ചുകഴിഞ്ഞപ്പോൾ മാണിസാറിനെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കാൻ പഴയ സ്നേഹിതരുടെ നെട്ടോട്ടം !

New Update

കോട്ടയം:  മരിച്ചിട്ടുപോലും കെ എം മാണിയെ 'സ്നേഹം' കൊണ്ട് വീർപ്പുമുട്ടിക്കുകയാണ് മാണി ബ്രാൻഡിന്റെ പേരിൽ മുതലെടുപ്പ് നടത്തി സമ്പാദിച്ചുകൂട്ടിയ പഴയ മാണി ഭക്തരെന്ന് ആക്ഷേപം.

Advertisment

ഒരുകാലത്ത് കെ എം മാണിയുടെ ഇടംവലം നിന്ന് മാണി ബ്രാൻഡിനെ കേരള രാഷ്ട്രീയത്തിലെ മികച്ച ഉൽപ്പന്നമാക്കി നേട്ടം കൊയ്തവരൊക്കെ 'മാണി സ്മരണ'യിൽ കേരളാ കോൺഗ്രസ് ഭക്തരെ വീർപ്പുമുട്ടിക്കാൻ ഒരുങ്ങുകയാണത്രെ.

publive-image

മാണി ഫൗണ്ടേഷൻ, മാണി മ്യൂസിയം, മാണി പ്രതിമ എന്ന് തുടങ്ങി കെ എം മാണിയുടെ പേരിൽ എന്തെല്ലാം സ്ഥാപിക്കാമോ അതൊക്കെ വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടർ.

ഒരു കാലത്ത് പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്ന് ഇറങ്ങാതിരിക്കുകയും അങ്ങോട്ട് തങ്ങൾക്കിഷ്ടപ്പെട്ടവരല്ലാതെ ആരും കയറാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്ത ചിലരാണ് പുതിയ നീക്കങ്ങൾക്ക് പിന്നിൽ.

മാണി മരിക്കുന്നതിന് മുമ്പേ മാണിയുടെ കോട്ടയായ കോട്ടയം സീറ്റ് പിടിച്ചെടുക്കാൻ തിടുക്കം കാട്ടിയ പി ജെ ജോസഫിനാണെങ്കിൽ ഇപ്പോൾ മാണിയുടെ പ്രതിമ സ്ഥാപിക്കണം.

അതെവിടെ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 54 വർഷക്കാലം എം എൽ എയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കെ എം മാണി മരിച്ച്‌ 40 ദിവസം കഴിഞ്ഞു ഏറെ കഷ്ടപ്പെട്ട് നഗരത്തിലെ 75 പേർക്കിരിക്കാവുന്ന ഒരു മുറിയിൽ അനുസ്മരണ സമ്മേളനം വിളിച്ചുകൂട്ടിയവരാണ് കേരളാ കോൺഗ്രസുകാർ.

ആ നിലവാരം വച്ചാണെങ്കിൽ മാണിയുടെ പ്രതിമ തമ്പാനൂർ ഓവർ ബ്രിഡ്ജിന്റെ അടിയിൽ തന്നെ എല്ലാവർക്കും കാണാൻ പറ്റുന്ന വിധം ഗംഭീരമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനാണ് സാധ്യത.

publive-image

മറ്റൊന്ന് മാണി മ്യൂസിയമാണ്. കെ എം മാണി താമസിച്ച വീട് മ്യൂസിയമാക്കണമത്രേ. അതും മാണിക്കൊപ്പം അന്തിയുറങ്ങി ഇപ്പോൾ ജോസഫിനൊപ്പം ഉണ്ട് ഉറങ്ങുന്ന ചിലരുടെ സ്വപ്നമാണ്. മാണിയുടെ മകനെ മാത്രം തീർത്താൽ പോരാ, ഭാര്യ കുട്ടിയമ്മയെ കൂടി പടിയിറക്കി തറവാട് കുളംതോണ്ടണം. അത്രമാത്രം.

അടുത്തതാണ് കെ എം മാണിയുടെ പേരിൽ എണ്ണിയാൽ തീരാത്തത്ര ഫൗണ്ടേഷനുകൾ ! അതിൽ ചിലതിൽ മാണി സാറിന്റെ വീട്ടുകാരുണ്ട്. മാണി ഫൗണ്ടേഷൻകാർ പറയുന്നത് വീട്ടുകാർ വേണ്ട, വേലക്കാർ മാത്രം മതിയെന്നാണ്.

ചിലതാണെങ്കിൽ മാണി സാറിന്റെ കാലം കഴിയും മുമ്പേ അദ്ദേഹത്തിൻറെ പേരിൽ കൂറ്റൻ സ്മാരകങ്ങൾ കാലേകൂട്ടി പണിതുയർത്തിയിട്ടുണ്ട്.

മാണിയുടെ പേരിലല്ല, സ്വന്തം പേരിലാണെന്ന് മാത്രം. ഇനി അതുപോരാ. വേറെയും വേണം, അതിന് മാണി സാറിന്റെ പേരുണ്ടെങ്കിൽ പഴയ ഡയറി നോക്കി മഹാമനസ്കരെ കണ്ടെത്തിക്കൊള്ളാം എന്നാണവരുടെ നിലപാട്. മാണിയെ മൊത്തമായി വിൽപ്പന നടത്തി ഒടുവിൽ മാണിയുടെ പാലാ കൂടി വിൽക്കുന്നെന്നു കണ്ടപ്പോൾ മാണി സാർ അകറ്റി നിർത്തിയ ഒരു വിരുതനും വേണം മാണി സ്മാരകം.

ചിലർ സ്വന്തം ജീവിതവും കുടുംബവും പ്രസ്ഥാനങ്ങളും പടുത്തിയർത്തിയത് കെ എം മാണി എന്ന ഫൗണ്ടേഷനിലായിരുന്നു. അവരിപ്പോൾ അദ്ദേഹത്തിൻറെ പേരിൽ ഒരു ഫൗണ്ടേഷൻ വേണമെന്ന് പറഞ്ഞാൽ ആരെതിർക്കാൻ ?

എന്തായാലും തനിക്ക് ശത്രുക്കളില്ലെന്ന് കെ എം മാണി പറഞ്ഞിരുന്നത് തെറ്റാണെന്നു തെളിഞ്ഞിരിക്കുന്നു. മാണിയുടെ ശത്രുക്കളൊക്കെ അദ്ദേഹത്തിൻറെ ഒപ്പം തന്നെ ഉണ്ടായിരുന്നത്രെ ! അവരെ നോക്കാതെ അപ്പുറത്തേക്ക് നോക്കിയാൽ മാണി സാറെങ്ങനെ ശത്രുക്കളെ കണ്ടെത്തും ?

Advertisment