Advertisment

കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം ഇടത് മുന്നണിയില്‍ വോട്ടിനിടും. പൊതുവികാരം ഒപ്പമെങ്കില്‍ സി പി ഐ എതിര്‍ത്താലും മാണി ഇന്‍. പി ജെ ജോസഫിന്‍റെ മനസ് യുഡിഎഫെങ്കിലും മാണിക്കൊപ്പം തന്നെ തുടരും !

New Update

തിരുവനന്തപുരം:   കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം ഇടത് മുന്നണി യോഗത്തില്‍ അവതരിപ്പിക്കാന്‍ സി പി എം തീരുമാനം. മുന്നണി യോഗത്തില്‍ കൂടുതല്‍ ഘടകകക്ഷികള്‍ സ്വീകരിക്കുന്ന നിലപാടിനനുസൃതമായി തീരുമാനം കൈക്കൊള്ളാനാണ് സി പി എം തീരുമാനം.

Advertisment

ഒരു പക്ഷേ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇടത് മുന്നണി യോഗം ചേര്‍ന്ന്‍ മാണി വിഷയം അവതരിപ്പിച്ചേക്കും. യോഗത്തില്‍ നിലവിലെ സാഹചര്യത്തില്‍ സി പി ഐ മാത്രമായിരിക്കും മാണിയെ എതിര്‍ക്കുക. കൂടുതല്‍ ഘടകകക്ഷികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നില്ലെങ്കില്‍ തീരുമാനം മാണിക്കനുകൂലമാകും.

സി പി ഐ മാത്രമാണ് എതിര്‍ക്കുന്നതെങ്കില്‍ മുന്നണി അതിനെ അവഗണിച്ച് ഭൂരിപക്ഷ തീരുമാനത്തിനനുസരിച്ച തീരുമാനം കൈക്കൊള്ളും. മുന്നണിയുടെ പൊതുവികാരം ഉള്‍ക്കൊള്ളാന്‍ സി പി ഐയും തയാറാകും.

publive-image

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാന്‍ യു ഡി എഫും ബി ജെ പിയും മത്സരിക്കുകയാണ്. മധ്യ കേരളത്തില്‍ ശക്തമായ വോട്ടു ബാങ്കുള്ള മാണിയെ അവഗണിക്കാന്‍ ഒരു മുന്നണിയു൦ തയാറല്ല. ഈ സാഹചര്യത്തില്‍ സി പി ഐ പറയുന്നതും കേട്ട് മാണിയുടെ കാര്യത്തില്‍ അമാന്തം കാണിച്ചാല്‍ അത് നഷ്ടമായേക്കും എന്ന ഭയം സി പി എമ്മിനുണ്ട്.

അതേസമയം, മാണിയെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ യു ഡി എഫും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസില്‍ പി ജെ ജോസഫിനും മോന്‍സ് ജോസഫിനും യു ഡി എഫിനോടാണ് താല്പര്യമെങ്കിലും പാര്‍ട്ടി ഒരു തീരുമാനം കൈക്കൊണ്ടാല്‍ അതിനൊപ്പം നില്‍ക്കാന്‍ മോന്‍സും പി ജെ ജോസഫും നിര്‍ബന്ധിതരാകാനാണ് സാധ്യത. അതിനപ്പുറമുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള ബാല്യം ഇനി തനിക്കില്ലെന്ന നിലപാടാണ് പി ജെ ജോസഫിന്.

കെ എം മാണിയെ സംബന്ധിച്ച് വീണ്ടും യു ഡി എഫുമായി സഹകരിക്കുന്നതിന് അദ്ദേഹത്തിന് വ്യക്തിപരമായും താല്പര്യക്കുറവുണ്ട്. ആവശ്യ സമയത്ത് പിന്നില്‍ നിന്ന് കുത്തിയവരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നതെന്നതാണ് മാണിയുടെ പ്രശ്നം. അതില്‍ പ്രധാനി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തന്നെയാണ്.

മാണിക്ക് വ്യക്തിപരമായി അടുപ്പമുള്ള രണ്ടു നേതാക്കള്‍ ഇപ്പോള്‍ യു ഡി എഫ് നേതൃത്വത്തിലില്ലതാനും. ഉമ്മന്‍ചാണ്ടിയും പി ജെ കുഞ്ഞാലിക്കുട്ടിയും. പഴയ യു ഡി എഫിലെ രണ്ടാം നിരക്കാര്‍ക്കൊപ്പം വേണം ഇനി യു ഡി എഫില്‍ പ്രവര്‍ത്തിക്കാന്‍.

മാത്രമല്ല, ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ പിന്‍വാങ്ങുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ യു ഡി എഫിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാണ്. അതിനാല്‍ തന്നെ സുരക്ഷിത താവളം എല്‍ ഡി എഫ് തന്നെയെന്ന നിലപാടാണ് മാണിക്ക്.

അതേസമയം, ബി ജെ പിയുമായുള്ള ഏത് ബാന്ധവത്തെയും കെ എം മാണി ശക്തമായി എതിര്‍ക്കുകയാണ്. എന്തായാലും ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള സാധ്യത നിലനില്‍ക്കുകയാണ്.

km mani kanam
Advertisment