Advertisment

കൊരട്ടിപ്പള്ളിയിലെ വികാരിയുടെ സ്വര്‍ണ്ണ / നേര്‍ച്ചപ്പണ 'മോഷണ'ത്തെ വികാരി 'കൈയ്യില്‍ സൂക്ഷിച്ചു' എന്നാക്കി മയപ്പെടുത്തിയ ഫാ. തേലക്കാട്ടിന്‍റെ റിപ്പോര്‍ട്ടിനെച്ചൊല്ലി വൈദിക സമിതിയില്‍ ചേരിപ്പോര്. വിശ്വാസി കൊരട്ടി മാതാവിന് നേര്‍ച്ചയിട്ടത് മുക്കുപണ്ടമാണെന്ന വിചിത്ര വാദവുമായി ഫാ. മണവാളന്‍റെ പ്രതിരോധം ! കൊരട്ടിക്കവര്‍ച്ച മാധ്യമങ്ങളെ അറിയിക്കരുതെന്ന് എടയന്ത്രത്തിന്‍റെ ഉപദേശം. കര്‍ദ്ദിനാളിനും മണവാളനും രണ്ടു നീതിയോ എന്ന് മാര്‍ പുത്തന്‍വീട്ടില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  കൊരട്ടി പള്ളിയിലെ സ്വര്‍ണ്ണ / നേര്‍ച്ചപ്പണ കവര്‍ച്ചയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കൂടിയ എറണാകുളം - അങ്കമാലി അതിരൂപത വൈദിക സമിതി യോഗത്തില്‍ വൈദികര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

Advertisment

കൊരട്ടി മാതാവിന് നേര്‍ച്ചയായി ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ അടിച്ചുമാറ്റി ആ സ്ഥാനത്ത് മുക്കുപണ്ടം വയ്ക്കുകയും നേര്‍ച്ചപ്പണം ചാക്കോടെ അടിച്ചു മാറ്റുകയും ചെയ്ത മുന്‍ വികാരി ഫാ. മാത്യു മണവാളനെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യമാണ്‌ കൊരട്ടിയിലെ മുന്‍ വികാരി ഫാ. ലൂക്കോസ് കുന്നത്തൂര്‍, ഫാ. വയലിക്കോടത്ത് എന്നിവരുടെ നേതൃത്വത്തില്‍ യോഗത്തില്‍ ഉന്നയിച്ചത്.

പള്ളിവക സ്കൂള്‍ നിയമനത്തില്‍ കോഴ വാങ്ങാന്‍ പാടില്ലെന്ന തന്റെ കാലത്തെ കര്‍ശന വിലക്ക് മറികടന്ന് മണവാളന്‍ നിയമനത്തിന് കോഴ വാങ്ങിയെന്ന ഗുരുതരമായ ആരോപണവും ഫാ. ലൂക്കോസ് ഉന്നയിച്ചു. എന്നാല്‍ പള്ളിയ്ക്ക് ലഭിച്ച സ്വര്‍ണ്ണം മുക്കുപണ്ടമായിരുന്നെന്ന നിലപാടുമായാണ് ഫാ. മാത്യു മണവാളന്‍ ഇതിനെ പ്രതിരോധിച്ചത്.

publive-image

ഉടന്‍ കടുത്ത വിമര്‍ശനവുമായി മറ്റ്‌ വൈദികര്‍ രംഗത്തെത്തി. സദുദ്ദേശപരമായി ഒരു വിശ്വാസി മാതാവിന് നല്‍കിയ നേര്‍ച്ച സമര്‍പ്പണത്തെ ളോഹയിട്ട വൈദികന്‍ അപമാനിക്കുന്നത് മഹാ അപരാധമാണെന്ന് വൈദികര്‍ ഫാ. മണവാളനോട് പറഞ്ഞു.

ഇതിനിടെ കൊരട്ടി പള്ളിയില്‍ വ്യാപക ക്രമക്കേട് നടന്നതായ റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗങ്ങളായ ഫാ. തേലക്കാട്ട്, ഫാ. തളിയന്‍ എന്നിവര്‍ യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കി നാണക്കേട് വരുത്തി വയ്ക്കരുതെന്നും വൈദികര്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് മുതിരല്ലെന്നുമായിരുന്നു കമ്മീഷന്‍ അംഗങ്ങളുടെ നിലപാട്.

സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും അപ്പോള്‍ കര്‍ദ്ദിനാളിനോട് കാണിച്ചതോ ? എന്ന ചോദ്യവുമായി ഈ നിലപാടിനെ അനുകൂലിച്ചു. വൈദികര്‍ എഴുന്നേറ്റു. സഭയില്‍ വലിയ പിതാവിനും മണവാളനച്ചനും രണ്ടു നീതിയെന്ന നിലപാടാണോ നിങ്ങള്‍ സ്വീകരിക്കുന്നതെന്ന് സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലും വൈദികരോട് ചോദിച്ചു.

ഇതിന് എല്ലാവര്‍ക്കും എല്ലാ നിയമങ്ങളും ബാധകമാക്കാനാകില്ലെന്നായിരുന്നു പൂണിത്തുറ പള്ളി വികാരി ഫാ. വര്‍ഗീസ്‌ ചേരപ്പറമ്പന്‍റെ മറുപടി.

കൊരട്ടി പള്ളിയില്‍ വന്‍ തട്ടിപ്പ് നടന്നതായി അംഗീകരിച്ച് റിപ്പോര്‍ട്ട് തയാറാക്കേണ്ടി വന്നപ്പോഴും ഫാ. മണവാളനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു തേലക്കാട്ടച്ചനും തളിയത്തച്ചനും യോഗത്തില്‍ സ്വീകരിച്ചത്.

സ്വര്‍ണ്ണം വിറ്റു കിട്ടിയ 46 ലക്ഷം രൂപ മണവാളന്‍ പള്ളിക്കണക്കില്‍ വരവ് വയ്ക്കാതെ കൈയ്യില്‍ സൂക്ഷിച്ചു എന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. തിരുനാളിന് ലഭിച്ച സ്വര്‍ണ്ണം ലോക്കറിലേക്ക് മാറ്റാതെ മണവാളന്‍ കൈയ്യില്‍ സൂക്ഷിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'വികാരി മോഷ്ടിച്ചു' എന്ന് പറയുന്നതിന് പകരം 'കൈയ്യില്‍ സൂക്ഷിച്ചു' എന്ന വ്യാഖ്യാനം കൊണ്ടാണ് സര്‍വ്വജ്ഞാനിയായ ഫാ. തേലക്കാട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് മറ്റ്‌ ചില വൈദികര്‍ വിമര്‍ശനം ഉന്നയിച്ചത്. മാത്രമല്ല, കമ്മീഷന്‍ കണ്ടെത്തിയതിന്റെ പത്തിരട്ടിയിലേറെ രൂപയുടെ തട്ടിപ്പ് കൊരട്ടി പള്ളിയില്‍ നടന്നിട്ടുണ്ടെന്നും വൈദികര്‍ ആരോപിച്ചു.

ഇതിനിടെ ഇടവകയുടെ കടബാധ്യത തീര്‍ക്കാന്‍ വൈദികര്‍ ഒരു മാസത്തെ ശമ്പളം രൂപതയ്ക്ക് സംഭാവന ചെയ്യണമെന്ന മാര്‍ എടയന്ത്രത്തിന്റെ സര്‍ക്കുലറിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഒടുവില്‍ ഫാ. മാത്യു മണവാളന്റെ കാര്യത്തില്‍ തീരുമാനമാകാതെയാണ് വൈദിക സമിതി യോഗം പിരിഞ്ഞത്.

പ്രശ്നങ്ങള്‍ കോടതിയിലേക്ക് പോകാതിരിക്കാന്‍ ഒരാഴ്ചത്തെ സാവകാശമാണ് ഇടവകക്കാര്‍ പറഞ്ഞിരിക്കുന്നത് !

alanchery koratti
Advertisment