Advertisment

ദേശീയമാധ്യമങ്ങള്‍ സ്ഥാപിത താല്‌പര്യങ്ങള്‍ക്കായി വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്നത് ജനാധിപത്യ൦ തകര്‍ച്ചയിലേയ്‌ക്ക്‌ വഴിമാറുന്നതായ തോന്നലുകള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ടെന്ന്‌ കെ എസ് ശബരീനാഥന്‍ എംഎല്‍എ. പ്രഥമ ആന്‍റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്കാരം വെള്ളപ്പൊക്ക റിപ്പോര്‍ട്ടിംഗിനിടെ മുങ്ങിമരിച്ച ഇ കെ സജിമോന്റെ കുടുംബത്തിനു സമര്‍പ്പിച്ചു. മാര്‍ ജേക്കബ്‌ മുരിക്കന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എം പി മുഖ്യാതിഥിയായി

New Update

പാലാ: ഇന്ത്യന്‍ മാധ്യമ രംഗത്തെ പലതരത്തിലുള്ള ഇടപെടലുകള്‍ വഴി മാധ്യമ പ്രവര്‍ത്തകര്‍ ലാഭേച്ഛയോടെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുമ്പോള്‍, കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ കഷ്‌ടനഷ്‌ടങ്ങള്‍ വകവയ്ക്കാതെയാണ് തങ്ങളുടെ കടമ പൂര്‍ത്തീകരിക്കുന്നതെന്ന്‌ കെ.എസ്‌. ശബരീനാഥന്‍ എം.എല്‍.എ. പറഞ്ഞു.

Advertisment

ഇന്ത്യന്‍ ഭരണഘടനയുടെ നാലാം തൂണായ മാധ്യമസമൂഹം ദേശീയതലത്തില്‍ സ്വന്തം താല്‌പര്യങ്ങള്‍ക്കായി വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്നത്‌ പലപ്പോഴും ജനാധിപത്യത്തെ തകര്‍ക്കുന്നതിലേയ്‌ക്ക്‌ വഴിമാറുന്നതായ തോന്നലുകള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ടെന്ന്‌ ശബരീനാഥന്‍ പറഞ്ഞു . സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ ഈ കാലഘട്ടത്തിലെ കുടുംബങ്ങളുടെ കെട്ടുറപ്പ്‌ ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പ്രഥമ ആന്‍റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്കാരം കടുത്തുരുത്തിയില്‍ കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്ക റിപ്പോര്‍ട്ടിംഗിനിടെ വള്ളംമുങ്ങി മരണമടഞ്ഞ മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇ.കെ. സജിമോന്‍റെ ഭാര്യ സുനിതയ്ക്കും മകള്‍ക്കും സമ്മാനിച്ചു സംസാരിക്കുകയായിരുന്നു ശബരീനാഥന്‍ .

publive-image

രാവിലെ 11 മണിക്ക് പാലാ ഇടമറ്റം സെന്റ്‌ മൈക്കിള്‍സ് ഓഡിറ്റോറിയത്തിലാണ് അവാര്‍ഡ് ദാനവും നെല്ലിക്കുന്നേല്‍ കുടുംബ സംഗമവും നടന്നത്. പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എം പി മുഖ്യാതിഥിയായിരുന്നു.

കേരളത്തിലെ പ്രാദേശിക മാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ലേഖകരുടെ ജീവിതശൈലിയും, ജീവിതപശ്ചാത്തലവും, പൊതുസമൂഹത്തെ ഓര്‍മ്മപ്പടുത്തുക അവര്‍ അപ്രതീക്ഷിതമായി വേര്‍പിരിയുമ്പോള്‍ മാത്രമാണ്‌ എന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജോസ്‌.കെ.മാണി.എം.പി പറഞ്ഞു.

കുടുംബങ്ങളില്‍ നിന്ന്‌ മരണാനന്തരം വേര്‍പിരിഞ്ഞവരെ സ്‌മരിക്കുന്നത്‌ ദൈവകര്‍മ്മമാണെന്ന് മാര്‍ ജേക്കബ്‌ മുരിക്കന്‍ പറഞ്ഞു. അത്‌ സമൂഹത്തിലേക്ക്‌ പ്രചരിച്ചെങ്കില്‍ മാത്രമേ പുതിയ തലമുറ അവരുടെ ജീവിതമഹത്വം മാതൃകയാക്കുകയുള്ളൂവെന്ന്‌ അദ്ദേഹം പറഞ്ഞു .

യോഗത്തില്‍ എല്‍ ജെ മത്തായി അദ്ധ്യക്ഷത വഹിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ റെനി ബിജോയ്‌, ഫാ. ജോര്‍ജ്ജ്‌ മൂലേച്ചാലില്‍, എ.സി.കൃഷ്‌ണന്‍, അഡ്വ. ബിജു പുന്നത്താനം, അഡ്വ. ജോസ്‌ ടോം, വിന്‍സെന്റ്‌ നെല്ലിക്കുന്നേല്‍, ബോണി കുര്യാക്കോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

അനുസ്‌മരണ സമ്മേളനത്തിനു മുമ്പ്‌ ഇടമറ്റം സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍ പരേതര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക്‌ മാര്‍ ജേക്കബ്‌ മുരിക്കന്‍ നേതൃത്വം നല്‍കി. പള്ളിയിലും പാരിഷ്‌ഹാളിലും നടന്ന ചടങ്ങുകളില്‍ പാലായിലെ മാധ്യമ - രാഷ്‌ട്രീയ - സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

Advertisment