Advertisment

കുപ്പിവെള്ളത്തില്‍ ക്യാന്‍സറിനുപോലും കാരണമാകാവുന്ന ഹെവി ലെഡിന്റെ സാന്നിധ്യം. തലയോലപ്പറമ്പിലെ പെന്റാ അക്വാ കമ്പനിയുടെ അക്വാ ഗ്രീന്‍ മിനറല്‍ വാട്ടര്‍ നിരോധിച്ചു. അക്വാ ഗ്രീന്‍ കുപ്പികള്‍ മുഴുവന്‍ കടകളില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവ്. കണ്ടെത്തിയാല്‍ നടപടി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  അനുവദനീയമായതില്‍ കൂടുതല്‍ ചെമ്പിന്റെയും കറുത്തീയത്തിന്റെയും അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് പെന്റാ അക്വാ കമ്പനിയുടെ അക്വാ ഗ്രീന്‍ മിനറല്‍ വാട്ടര്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവ്.  അക്വാ ഗ്രീന്‍ മിനറല്‍ വാട്ടറിന്റെ മുഴുവന്‍ കുപ്പികളും വിപണിയില്‍ നിന്നു പിന്‍വലിക്കാനും ഉത്പാദനം നിര്‍ത്തിവയ്ക്കാനും ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ പി ഉണ്ണികൃഷ്ണന്‍ നായര്‍ ഉത്തരവായി.

Advertisment

publive-image

കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയെന്നാരോപിച്ച് ഉപഭോക്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഫുഡ് സേഫ്റ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഹെവി മെറ്റലിന്റെ സാന്നിധ്യം കുപ്പിവെള്ളത്തില്‍ ഉണ്ടെന്നു കണ്ടെത്തിയത്.

ഇതോടെയാണ് അടിയന്തര നടപടിക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദ്ദേശം നല്‍കിയത്. തലയോലപ്പരമ്പ് താഴേപ്പള്ളി റോഡില്‍ പ്രവര്‍ത്തിക്കുന്ന പെന്റ അക്വാ കമ്പനിയാണ് അക്വാ ഗ്രീന്‍ എന്ന പേരില്‍ മിനറല്‍ വാട്ടര്‍ പുറത്തിറക്കുന്നത്.

നിലവില്‍ അക്വാ ഗ്രീനില്‍ ഗുരുതര മാലിന്യം കണ്ടെത്തിയതോടുകൂടി മറ്റ്‌ മുഴുവന്‍ മിനറല്‍ വാട്ടര്‍ കമ്പനികളുടെ കുപ്പികളും വെള്ളവും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആണ് തീരുമാനം. മാലിന്യം കണ്ടെത്തുന്ന മുഴുവന്‍ കമ്പനികളുടെയും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അക്വാ ഗ്രീന്‍ കമ്പനിയുടെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.

നിരോധിക്കപ്പെട്ട അക്വാ ഗ്രീന്‍ കുപ്പിവെള്ളത്തിന്റെ വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസുകളെയോ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെയോ അറിയിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

Advertisment