Advertisment

കോട്ടയം ജില്ലാ പഞ്ചായത്തിലെ തര്‍ക്കങ്ങള്‍ക്ക് അടിസ്ഥാന കാരണം ആരോപണവിധേയനായ നേതാവിനെ ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ഥിയാക്കിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇരുവിഭാഗം കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും കര്‍ണ്ണാടക മോഡലില്‍ പദവി മോഹിച്ച് എതിര്‍ ചേരികളിലേക്ക് കാലുമാറിയവര്‍. പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് മികവില്ലെന്നു കണ്ടതോടെ മറ്റ്‌ യുഡിഎഫ് അംഗങ്ങളും നിസ്സംഗര്‍. അപമാനം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് പദവി ഏറ്റെടുക്കേണ്ടിവരും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  സ്വന്തമായി നിലപാടും മികച്ച രാഷ്ട്രീയ വ്യക്തിത്വവുമില്ലാത്ത നേതാവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച ജോസ് കെ മാണി വിഭാഗത്തിന്റെ നടപടിയാണ് യു ഡി എഫിലെ പ്രതിസന്ധിക്ക് അടിസ്ഥാന കാരണമെന്ന് വിലയിരുത്തല്‍. ജോസ് കെ മാണി വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കാഞ്ഞിരപ്പള്ളി ഡിവിഷന്‍ അംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെതിരെ രാഷ്ട്രീയമായും ഭരണപരമായും മുമ്പ് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതാണ്.

Advertisment

publive-image

കൂവപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റായിരിക്കെ ഭാര്യയുടെയും പിതാവിന്റെയും മാതാവിന്റെയും ഉള്‍പ്പെടെ അടുത്ത ബന്ധുക്കളുടെയൊക്കെ പേരില്‍ വായ്പയെടുക്കുകയും കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുന്ന ആനുകൂല്യം ഉപയോഗിച്ച് അവ എഴുതി തള്ളുകയും ചെയ്തത് വന്‍ വിവാദമായിരുന്നു. കോടികള്‍ ടേണോവറുള്ള സാമ്പത്തിക സ്ഥാപനത്തിന്റെ ഉടമയായിരിക്കെയായിരുന്നു പ്രസിഡന്റായിരിക്കുന്ന ബാങ്കില്‍ നിന്നും ബന്ധുക്കളുടെ പേരില്‍ വായ്പയെടുത്ത് എഴുതിത്തള്ളിയ വിവാദം ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നത്.

കേരളാ കോണ്‍ഗ്രസില്‍ ജോസഫ് ഗ്രൂപ്പിന്റെ കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ നേതാവായിരുന്ന സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു കാലയളവ് ആവശ്യപ്പെട്ട് കെ എം മാണി വിഭാഗവുമായി അടുക്കുന്നത്.

publive-image

അതിനുശേഷവും ഇരു വിഭാഗങ്ങളുമായി ബന്ധം തുടര്‍ന്ന സെബാസ്റ്റ്യന്‍ കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ജോസഫ് വിഭാഗത്തെ വിട്ട് ജോസ് കെ മാണി വിഭാഗത്തിനൊപ്പം ചേര്‍ന്നതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ ആയിരുന്നു. അന്ന് ജില്ലാ പഞ്ചായത്തിലെ കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒറ്റക്കെട്ടായി ജോസ് കെ മാണി വിഭാഗത്തിനൊപ്പമായിരുന്നു.

പ്രസിഡന്റ് പദവി മോഹിച്ച് കര്‍ണ്ണാടക മോഡലില്‍ ജോസഫ് പക്ഷത്ത് നിന്ന് ജോസ് കെ മാണി പക്ഷത്തേക്ക് കൂറുമാറിയ സെബാസ്റ്റ്യന്‍ കുളത്തങ്കലിന് പകരം ഇതിനിടെ ഇതേ പദവി കാണിച്ചാണ് ജോസ് കെ മാണി പക്ഷത്ത് നിന്ന് അജിത്‌ മുതിരമലയെ  ജോസഫ് വിഭാഗം തങ്ങളുടെ പക്ഷത്തെത്തിച്ചത്. ഇവര്‍ക്കൊപ്പം 2 പേരുണ്ടെന്നും 3 പേരുണ്ടെന്നുമൊക്കെയാണ് ജോസഫ് വിഭാഗത്തിന്റെ അവകാശവാദം.

എന്തായാലും യു ഡി എഫിന്റെ ഉറച്ച കോട്ടയായ കോട്ടയത്ത് കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിനും യു ഡി എഫിനാകെയും തലവേദനയായിരിക്കുകയാണ്. സ്ഥാനാര്‍ഥിയായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വന്നതോടെ ഘടകകക്ഷി നേതാക്കള്‍ക്കും ജില്ലാ പഞ്ചായത്തിലെ മറ്റംഗങ്ങള്‍ക്കും ജോസ് കെ മാണി വിഭാഗത്തിന്റെ അവകാശ വാദങ്ങളോട് വേണ്ടത്ര താല്പര്യം ഇല്ലാതെ പോയി.

publive-image

അതേസമയം, ജില്ലയിലെ കേരളാ കോണ്‍ഗ്രസ് സംവിധാനത്തില്‍ അണികളുടെയും പ്രവര്‍ത്തകരുടെയും പിന്തുണ ജോസ് കെ മാണിക്കൊപ്പമാണെന്ന് അറിയാവുന്നതിനാല്‍ ഈ വിഭാഗത്തെ പിണക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. മോന്‍സ് ജോസഫ് എം എല്‍ എ ആയ കടുത്തുരുത്തിയില്‍ പോലും ജോസ് കെ മാണി വിഭാഗത്തിനാണ് പാര്‍ട്ടിയില്‍ വലിയ മേല്‍ക്കൈ ഉള്ളത്.

അതേസമയം, തൊടുപുഴയില്‍ പ്രത്യേകിച്ചും ഇടുക്കി ജില്ലയിലും ഭൂരിപക്ഷമുള്ള പി ജെ ജോസഫിനെ പിണക്കാനും കോണ്‍ഗ്രസിന് താല്പര്യമില്ല. അതിനാല്‍ തന്നെ നിലവിലെ തര്‍ക്കങ്ങളില്‍ റഫറിയുടെ റോളിലുള്ള കോണ്‍ഗ്രസ് ഈ തര്‍ക്കങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ നാളെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അതല്ലെങ്കില്‍ കേരളാ കോണ്‍ഗ്രസുകാര്‍ തമ്മില്‍ പദവി വീണ്ടുമൊരു തവണ കൂടി വീതം വയ്ക്കുന്നത് അടക്കമുള്ള ധാരണകളിലേക്ക് നീങ്ങേണ്ടതായി വരും.  ജോസ് കെ മാണി വിഭാഗം സഖറിയാസ് കുതിരവേലിയോ മറ്റേതെങ്കിലും ഒരു സ്ഥാനാര്‍ഥിയേയോ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കില്‍ ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നാണ് വിലയിരുത്തല്‍.

pala ele
Advertisment