Advertisment

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കര്‍ണ്ണാടക രാഷ്ട്രീയത്തിന്‍റെ കോട്ടയം വേര്‍ഷന്‍ ! നേരം ഇരുട്ടി വെളുത്തപ്പോള്‍ കെ എം മാണിയുടെ കടുത്ത 'ആരാധിക' ജോസഫ് വിഭാഗത്തിന്റെ കാറില്‍ വന്നിറങ്ങി ! ആദ്യം കാലുമാറിയ നേതാവ് പ്രസിഡന്റുമായി ! 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:   കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ണ്ണായകമായത് ജോസ് കെ മാണിയുടെ ഉറച്ച നിലപാടും അതിന് മുസ്ലീം ലീഗ് നല്‍കിയ ശക്തമായ പിന്തുണയും.  ജോസഫ് വിഭാഗത്തിന് ഭരണം മറിച്ചിടാനുള്ള പിന്തുണ ലഭിക്കാതെ വന്നത് തിരിച്ചടിയുമായി. കേരളാ കോണ്‍ഗ്രസിന്റെ 6 ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ 4 പേര്‍ ജോസ് വിഭാഗത്തിനൊപ്പവും 2 പേര്‍ ജോസഫ് വിഭാഗത്തിനൊപ്പവുമാണ്.

Advertisment

കര്‍ണ്ണാടക മോഡലില്‍ രണ്ടുകൂട്ടരും തങ്ങള്‍ക്കൊപ്പമുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ഇന്നലെ രാത്രിയും അവരവരുടെ രഹസ്യ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചത്‌.  സത്യത്തില്‍ കര്‍ണ്ണാടകയിലെ വിശ്വാസ വോട്ടിന്റെ ചെറിയൊരു മോഡലായിരുന്നു കോട്ടയത്തെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.

publive-image

മുമ്പ് ജോസഫ് പക്ഷത്തുള്ള ഏക ജില്ലാ പഞ്ചായത്തംഗമായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പിളര്‍പ്പിനുശേഷം ജോസ് കെ മാണി പക്ഷത്തേക്ക് കാലുമാറിയതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്.  അതോടെ മാണി പക്ഷത്ത് എക്കാലവും ഉറച്ചുനിന്ന രണ്ട് ജോസ് പക്ഷക്കാരെ പിടിച്ചെടുക്കാന്‍ കഴിഞ്ഞെന്നതാണ് ജോസഫ് പക്ഷത്തിന്റെ വിജയം. ഫലത്തില്‍ ജോസ് കെ മാണി പക്ഷത്ത് നിന്നും രണ്ടുപേരെ ജോസഫ് പക്ഷം അടര്‍ത്തിയെടുത്തത് ജോസ് പക്ഷത്തിന്റെ പരാജയം തന്നെയാണ്.

അതിന്റെ ആഘാതത്തില്‍ തന്നെയാണ് ഇന്നലെ തലസ്ഥാനത്ത് നടന്ന യു ഡി എഫ് നേതാക്കളുടെ ചര്‍ച്ചയില്‍ ജോസ് കെ മാണി ശക്തമായ നിലപാടെടുത്തത്. ഇന്നലെ ചര്‍ച്ച നടക്കുമ്പോള്‍ 5 - 1 എന്നതായിരുന്നു കേരളാ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യം.  അതിനാല്‍ അഞ്ച് ആണോ വലുത് ഒന്നാണോ വലുത് എന്ന് നിങ്ങള്‍ തീരുമാനിച്ചുകൊള്ളാനായിരുന്നു ചര്‍ച്ചയില്‍ ജോസ് കെ മാണി സ്വീകരിച്ച നിലപാട്.

ഇരുവിഭാഗവും തങ്ങളുടെ നിലപാട് കടുപ്പിച്ചപ്പോള്‍ ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ജോസ് കെ മാണിക്ക് പിന്തുണയുമായി രംഗത്ത് വരികയായിരുന്നു. ഇതോടെയാണ് അവസാനത്തെ 6 മാസം ജോസഫ് പക്ഷത്തെ അജിത്‌ മുതിരവേലിയ്ക്ക് നല്‍കാന്‍ തീരുമാനിച്ച് ചര്‍ച്ച അവസാനിപ്പിച്ചത്. ഇരുപക്ഷവും ഈ ധാരണ അത്രകണ്ട് സമ്മതിച്ചിട്ടുമില്ല.

publive-image

മാത്രമല്ല, ഇന്ന് ജോസ് കെ മാണിയുടേത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങളില്‍ നിന്നും ഈ ധാരണ വിലപ്പോവില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

എന്നാല്‍ നേരം ഇരുട്ടിവെളുത്തപ്പോള്‍ രണ്ട് അംഗങ്ങളെ ചാക്കിട്ടുപിടിക്കാനായതിന്റെ ത്രില്ലിലായിരുന്നു ജോസഫ് വിഭാഗം. കര്‍ണ്ണാടകയില്‍ എം എല്‍ എമാരെ ബസില്‍ കൊണ്ടുവരുന്നതുപോലെ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് രാവിലെ കടുത്തുരുത്തി ഡിവിഷന്‍ അംഗമായ വനിതാ നേതാവ് ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തിയത്.

ഫലത്തില്‍ ആകെക്കൂടി യു ഡി എഫ് രാഷ്ട്രീയത്തിന് നാണക്കേട് സമ്മാനിച്ച ഒരു ദിവസമായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.  ഒടുവില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പലതവണ നിലപാടുകള്‍ മാറി പരീക്ഷിച്ച നേതാവും കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ധനകാര്യ സ്ഥാപന നടത്തിപ്പുകാരനുമാണ്.

അതിനാല്‍ തന്നെ യു ഡി എഫിന് പൊതുവേ ആവേശകരമായിരുന്നില്ല ഇന്നത്തെ നേതൃമാറ്റ ചടങ്ങ്.  പി ജെ ജോസഫ് പരസ്യമായി ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു.

 

pala ele
Advertisment