Advertisment

കേരളാ കോണ്‍ഗ്രസ് തട്ടകമായ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്ജിനെ മത്സരിപ്പിക്കാന്‍ ഇടത് നീക്കം. ഇടുക്കിയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിക്കാനും തയാറെന്ന് ജോയ്സ് ജോര്‍ജ്ജ് വ്യക്തമാക്കിയതോടെ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ സാധ്യത മങ്ങി !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  ഇടുക്കി ലോക്സഭാ സീറ്റില്‍ അവകാശവാദം ശക്തമാക്കി സിറ്റിംഗ് എം പി ജോയ്സ് ജോര്‍ജ്ജ് രംഗത്ത് വന്നതോടെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ ഇടത് മുന്നണി നീക്കം.

Advertisment

publive-image

മുമ്പ് ജനതാദളിന് അനുവദിച്ച സീറ്റ് ഇത്തവണ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പാര്‍ട്ടിക്ക് അനുവദിക്കാനാണ് ആലോചന. യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിക്കുന്ന സീറ്റില്‍ കേരളാ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുന്ന സ്ഥാനാര്‍ഥി എന്ന നിലയില്‍ കോടിയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ഇവിടെ പരിഗണിക്കുന്നത്.

അതേസമയം, ഇടുക്കി അല്ലെങ്കില്‍ പത്തനംതിട്ട അനുവദിക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഇടത് മുന്നണിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

publive-image

നേരത്തെ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ഇടുക്കിയില്‍ മത്സരിപ്പിക്കാനായിരുന്നു ആലോചന. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജിന് കഴിഞ്ഞ തവണ അനുകൂലമായിരുന്ന ഘടകങ്ങള്‍ ഇത്തവണ നിലവിലില്ലെന്നതായിരുന്നു മുന്നണിയുടെ കണക്കുകൂട്ടല്‍.

എന്നാല്‍ സിറ്റിംഗ് സീറ്റിനായി ജോയ്സ് വീണ്ടും പാര്‍ട്ടിയെ സമീപിക്കുകയായിരുന്നു.  ആവശ്യമെങ്കില്‍ പാര്‍ട്ടി ചിഹ്നത്തില്‍ പോലും മത്സരിക്കാന്‍ ജോയ്സ് സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.

publive-image

കഴിഞ്ഞ തവണ ഇടുക്കി രൂപതയുടെ പ്രതിനിധി എന്ന നിലയിലായിരുന്നു ജോയ്സ് ഇടത് മുന്നണി സ്ഥാനാര്‍ഥി ആയത്.  എന്നാല്‍ ഇത്തവണ അത്തരം പിന്തുണ ആര്‍ക്കും നല്‍കേണ്ടതില്ലെന്നാണ് ഇടുക്കി രൂപതയുടെ നിലപാട്.

എന്നാല്‍ തനിക്ക് പാര്‍ട്ടിയോടായിരിക്കും കൂറ് എന്ന്‍ ജോയ്സ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇടുക്കിയില്‍ ജോയ്സിന് ഒരവസരം കൂടി നല്‍കി ഫ്രാന്‍സിസ് ജോര്‍ജ്ജിനെ കോട്ടയത്ത് പരീക്ഷിക്കാന്‍ ആലോചിക്കുന്നത്.

കോട്ടയത്ത് വലത് പക്ഷത്ത് വിള്ളല്‍ വീഴ്ത്തി യു ഡി എഫ് വോട്ടുകള്‍ ചോര്‍ത്താന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ പരിഗണിക്കാനാണ് സി പി എം ആലോചിക്കുന്നത്.  ആ പരിഗണനയിലാണ് ഫ്രാന്‍സിസിന്റെ സ്ഥാനാര്‍ഥിത്വം ആലോചനയിലുള്ളത്.

publive-image

മാണി ഗ്രൂപ്പില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വോട്ട് ചോര്‍ത്താന്‍ ഫ്രാന്‍സിസിന് കഴിയുമെന്നാണ് സി പി എം കണക്കുകൂട്ടല്‍. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് പതിവായി വോട്ട് ചെയ്യാത്ത കോണ്‍ഗ്രസുകാര്‍ കോട്ടയത്ത് ധാരാളമാണ്. ഫ്രാന്‍സിസ് ജോര്‍ജ്ജിന് ആ വോട്ടുകള്‍ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

കേരളാ കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്തിന്‍റെ പിന്തുണയും ഇവര്‍ കണക്കുകൂട്ടുന്നു.  ജോസഫ് ഗ്രൂപ്പിലെ പ്രമുഖനായ മോന്‍സ് ജോസഫിന്റെ മണ്ഡലമായ കടുത്തുരുത്തിയും കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.  ഇതെല്ലാം തങ്ങള്‍ക്കനുകൂലമാണെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍.

publive-image

അതേസമയം, ഫ്രാന്‍സിസ് ജോര്‍ജ്ജിന് കോട്ടയത്തെക്കാള്‍ താല്പര്യം പത്തനംതിട്ടയോടാണെന്നാണ് റിപ്പോര്‍ട്ട്.  ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പിതാവ് കെ എം ജോര്‍ജ്ജിന്റെ പഴയ മണ്ഡലമായിരുന്ന പൂഞ്ഞാര്‍ പത്തനംതിട്ടയുടെ ഭാഗമാണ്.

മാത്രമല്ല, ഇടുക്കിയില്‍ എം പി ആയിരിക്കെ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങള്‍ ഇപ്പോള്‍ പത്തനംതിട്ടയുടെ ഭാഗമാണ്.  ഇതൊക്കെ അനുകൂല ഘടകമാക്കി ഫ്രാന്‍സിസ് ജോര്‍ജ്ജ് കാണുന്നു.

ഇതിനിടെ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്ജ് സ്ഥാനാര്‍ഥി ആയാല്‍ മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കി കടുത്ത മത്സരത്തിനാകും കേരളാ കോണ്‍ഗ്രസിന്റെ നീക്കം.  സര്‍വ്വസമതരായ സ്വതന്ത്രരെയും കേരളാ കോണ്‍ഗ്രസ് കോട്ടയത്ത് പരിഗണിക്കുന്നുണ്ട്. ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയ ഒഴിവിലാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിക്കായി ആലോചനകള്‍ നടക്കുന്നത്.

Advertisment