Advertisment

കെഎം മാണിയോട് അനാദരവ് കാണിച്ച് സ്വന്തം പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് ? മാണി മരിച്ചിട്ട് 30 ദിവസമായിട്ടും അനുശോചനമോ അനുസ്മരണമോ സംഘടിപ്പിക്കാന്‍ നില്‍ക്കാതെ മാണി ഒഴിഞ്ഞിട്ടുപോയ കസേരയുടെ അപ്പക്കഷണത്തിന്റെ വിഹിതവും കാത്ത് നേതാക്കളുടെ നെട്ടോട്ടം. പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ !

New Update

കോട്ടയം:  കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി അന്തരിച്ചിട്ട് മുപ്പതാം ചരമദിനത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മാണി നട്ടുനനച്ച് വളര്‍ത്തിയ സ്വന്തം പാര്‍ട്ടി തന്നെ അദ്ദേഹത്തോട് അനാദരവ് കാണിക്കുന്നതായി ആക്ഷേപം.

Advertisment

കെ എം മാണി വിടപറഞ്ഞിട്ട് 29 ദിവസം പൂര്‍ത്തിയായിട്ടും അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയോ സ്റ്റിയറിംഗ് കമ്മിറ്റിയോ പാര്‍ലമെന്ററി കമ്മിറ്റിയോ ചേര്‍ന്ന് പ്രിയ നേതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയോ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുകയോ ചെയ്തില്ലെന്നതാണ് ദയനീയം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ കടുത്ത അമര്‍ഷമാണുള്ളത് .

publive-image

പാര്‍ട്ടി ചെയര്‍മാന്‍ ഇല്ലാതായ സാഹചര്യത്തില്‍ പകരം ചുമതലയുള്ള വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫോ മീറ്റിംഗിന് നോട്ടീസ് നല്‍കാന്‍ ചുമതലപ്പെട്ട ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജ്ജോ ജോയി എബ്രാഹമോ ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുക്കില്ലെന്ന ആക്ഷേപം പാര്‍ട്ടി നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും ശക്തമാണ്.

ഏഴാം തീയതി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്ത് മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുമെന്ന് നേരത്തെ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അങ്ങനെയൊരു യോഗത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു മാണി വിഭാഗത്തിലെ ചില എം എല്‍ എമാരുടെതന്നെ പ്രതികരണം.  ഡെപ്യൂട്ടി ലീഡര്‍ സി എഫ് തോമസിന്റെ അനാരോഗ്യം പരിഗണിച്ച് യോഗം മാറ്റിവയ്ക്കുകയായിരുന്നെന്നും പറയപ്പെടുന്നു.

publive-image

സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ പ്രധാന തടസം പാര്‍ട്ടി പദവികള്‍ ആഗ്രഹിക്കുന്ന ചില നേതാക്കളുടെ പിടിവാശിയാണെന്നാണ് ആക്ഷേപം. ചെയര്‍മാന്‍ പദവി ഉറപ്പ് കിട്ടിയാലേ യോഗം വിളിക്കാന്‍ തീരുമാനം ഉണ്ടാകൂ എന്ന നിലപാടിലാണ് ഒരു വിഭാഗം.

നാട്ടിലും വിദേശത്തുമുള്ള ഐക്യകക്ഷി സംഘടനകളും പൌരാവലികളും ഐക്യമുന്നണിയിലെ വിവിധ ഘടകകക്ഷികളുമൊക്കെ കെ എം മാണി അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് 50 വര്‍ഷക്കാലം കൊണ്ട് മാണി പടുത്തുയര്‍ത്തിയ കെ എം മാണി എന്ന നേതാവിന്‍റെ ഭൂമികയുടെ ഭാഗമായ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ഈ അവഗണന.

സര്‍വ്വാധികാരങ്ങളും നിഷിപ്തമായ ജംബോ സംസ്ഥാന സമിതി, സ്റ്റിയറിംഗ് കമ്മിറ്റി, പാര്‍ലമെന്ററി പാര്‍ട്ടി യോഗം, ഉന്നതാധികാര സമിതി തുടങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ഒട്ടനവധി സംവിധാനങ്ങള്‍ നിലവിലുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. എല്ലാ കമ്മിറ്റികളിലും കൂടി അഞ്ഞൂറോളം ഭാരവാഹികള്‍ സംസ്ഥാന തലത്തില്‍ തന്നെയുണ്ട്. ജില്ലാ, നിയോജകമണ്ഡലം കമ്മിറ്റികള്‍ വേറെയും.

publive-image

എന്നിട്ടും പ്രിയപ്പെട്ട നേതാവിന്റെ അനുസ്മരണം സംഘടിപ്പിക്കാനോ സംസ്ഥാന തലത്തില്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്താനോ ചുമതലപ്പെട്ടവര്‍ തയാറാകുന്നില്ലെന്നതാണ് അണികളില്‍ പ്രതിഷേധം സൃഷ്ടിച്ചിരിക്കുന്നത്.

ഈ നില തുടര്‍ന്നാല്‍ അനുശോചന യോഗത്തിനു പകരം ബന്ധപ്പെട്ട നേതാക്കളുടെ വസതികളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കേരളാ കോണ്‍ഗ്രസിന്റെ കോട്ടയത്തെ ഒരു പ്രമുഖ നേതാവ് നല്‍കിയിരിക്കുന്നത്.

എന്തായാലും കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ച് കെ എം മാണിയില്ലാത്ത പാര്‍ട്ടിയില്‍ ഇനി വരാനിരിക്കുന്നത് അത്ര ശോഭനമായ ദിനങ്ങള്‍ ആയിരിക്കില്ലെന്ന് വ്യക്തം. കേരളാ കോണ്‍ഗ്രസിലെ പുതിയ സംഭവ വികാസങ്ങള്‍ കണ്ട് ഊറിച്ചിരിക്കുകയാണ് യു ഡി എഫിലെ മറ്റ്‌ ഘടകകക്ഷികളും ഇതര പാര്‍ട്ടികളും.

kerala congress new
Advertisment