Advertisment

ചാനലുകാരെയും കൂട്ടി യു ഡി എഫ് ജില്ലായോഗം ബഹിഷ്കരിക്കാനെത്തിയ മഞ്ഞക്കടമ്പന് കണക്കറ്റ് ശകാരം ! ഇത്തരം പൊറാട്ട് നാടകങ്ങളുമായി ഇങ്ങോട്ടു പോരേണ്ടെന്ന് തിരുവഞ്ചൂരും കോൺഗ്രസ് നേതാക്കളും. പി ജെ ജോസഫിനെയും അതൃപ്തി അറിയിച്ചു !

New Update

കോട്ടയം:  ചാനലുകാരെയും കൂട്ടി ജില്ലാ യു ഡി എഫ് യോഗം ബഹിഷ്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കേരളാ കോൺഗ്രസ് ജോസഫ് വിഭാഗ൦ ജില്ലാ പ്രെസിഡന്റ് സജി മഞ്ഞക്കടമ്പന് കിട്ടിയത് കണക്കറ്റ ശകാരം.

Advertisment

രാഷ്ട്രീയത്തിൽ സകല കളികളും തന്ത്രങ്ങളും പയറ്റിത്തെളിഞ്ഞ ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും ഉൾപ്പെടെയുള്ളവർ ഇരിക്കുന്ന വേദിയിൽ ഞായറാഴ്ച മാധ്യമ പ്രവർത്തകർക്ക് മുൻകൂട്ടി വിവരം നൽകിയ ശേഷമായിരുന്നു മഞ്ഞക്കടമ്പൻ വക പൊറാട്ട് നാടകം.

publive-image

യോഗം തുടങ്ങിയ ഉടൻ തന്നെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ സംസാരിക്കാനിരിക്കെ മഞ്ഞക്കടമ്പൻ കേരളാ കോൺഗ്രസുകാരുടെ തർക്ക വിഷയവുമായി എഴുന്നേറ്റു. അത് പിന്നെ ചർച്ചയാകാം എന്ന് നേതാക്കൾ പറഞ്ഞെങ്കിലും മുൻകൂട്ടി തയാറാക്കിയ ധാരണ പോലെ എന്ന് സംശയിക്കത്തക്കവിധം മഞ്ഞക്കടമ്പൻ പ്രതിഷേധം തുടർന്നു. എല്ലാം ചാനലുകൾ പകർത്തി.

ഇതോടെ യോഗത്തിനെത്തിയ കോൺഗ്രസ് നേതാക്കൾക്ക് കാര്യം പിടികിട്ടി; ഇത് ചാനലുകാരെ വിളിച്ചുവരുത്തി ബഹിഷ്കരണത്തിന് ഒരുങ്ങി വന്നിരിക്കുന്നതാണെന്ന്.

ഇതോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പൊട്ടിത്തെറിച്ചത്. ബഹളം വയ്ക്കുന്നവർ പുറത്തുപോകണമെന്നും യു ഡി എഫ് യോഗം ചന്ത സ്ഥലമായി കാണണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.

'ചാനലുകൾ കാണുമ്പോഴുള്ള നാടകം കളികളാണിത്. ഇത് പ്രസ് ക്‌ളബ്ബിൽ പോയങ്ങ് നടത്തിയാൽ മതി. പത്രസമ്മേളനം നടത്തി പറയേണ്ട കാര്യങ്ങൾ ഡി സി സി ഓഫീസിൽ കയറിയിരുന്നു വിളമ്പേണ്ടതില്ല' - തിരുവഞ്ചൂർ ശാസിച്ചു.

നന്ത്യാട് ബഷീർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ഇതോടെ മഞ്ഞക്കടമ്പനെതിരെ രൂക്ഷ വിമർശനങ്ങളുമായി എഴുന്നേറ്റു. തിരഞ്ഞെടുപ്പ് വരുമ്പോൾ സീറ്റ് മുഴുവനും കേരളാ കോൺഗ്രസുകൾ കൊണ്ടുപോകും. ചുമട് കോൺഗ്രസുകാർക്കും.

അത് കഴിഞ്ഞാൽ പിന്നെ തമ്മിൽ തല്ലി പാലാ പോലെ എല്ലാം കുളമാക്കുന്നതാണ് കേരള കോൺഗ്രസുകളുടെ പതിവെന്നും ബഷീർ പറഞ്ഞു.

publive-image

യു ഡി എഫിനെ അപഹാസ്യമാക്കുന്ന ഇത്തരം നാണംകെട്ട നാടകങ്ങൾക്ക് യു ഡി എഫ് യോഗവും ഡി സി സി ഓഫീസും വേദിയാക്കുന്നത് അനുവദിക്കരുതെന്നും നേതാക്കൾ പറഞ്ഞു. അതോടെ മഞ്ഞക്കടമ്പന്റെ ബഹിഷ്കരണ നാടകത്തെ അപലപിച്ച് യോഗം പ്രമേയവും പാസാക്കി.

സംസ്ഥാനത്തെ തന്നെ ഉന്നത നേതാക്കൾ പങ്കെടുക്കുന്നതാണ് കോട്ടയത്തെ യു ഡി എഫ് യോഗം. കേരളാ കോൺഗ്രസുകളിലെ പിളർപ്പിന്റെ പേരിലൊക്കെ അവർക്കിടയിൽ ഇരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഗ്രഹണി പിടിച്ച പിള്ളേർ ചക്കക്കൂട്ടാൻ കണ്ടപോലെ ചിലർ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നതെന്ന് മുതിർന്ന ഡി സി സി നേതാവ് കുറ്റപ്പെടുത്തി.

ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പോലുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗം അലങ്കോലമാക്കാൻ ശ്രമിച്ച ജോസഫ് ഗ്രൂപ്പ് നേതാവിന്റെ പ്രവർത്തിയിൽ പിജെ ജോസഫിനെ അതൃപ്തി അറിയിക്കാനും നേതാക്കൾക്കിടയിൽ തീരുമാനമായി.

Advertisment