Advertisment

രാഹുല്‍ ഗാന്ധി ഉടന്‍ കെ എം മാണിയുടെ വസതിയിലെത്തും. രാഹുലിനെ സ്വീകരിക്കാന്‍ സെന്റ്‌ തോമസ്‌ കോളേജ് ഗ്രൗണ്ടില്‍ നേതാക്കളെത്തി. വസതിയിലും നേതാക്കളുടെ തിരക്ക്

New Update

പാലാ:  എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അല്‍പസമയത്തിനകം അന്തരിച്ച കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ വസതി സന്ദര്‍ശിക്കും. രാവിലെ പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത അദ്ദേഹം ഏതാനും മിനിട്ടുകള്‍ക്കകം പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംബന്ധിക്കും. ഇവിടെ നിന്ന് ഹെലിക്കോപ്റ്ററിലാണ് അരുനാപുരത്തുള്ള പാലാ സെന്റ്‌ തോമസ്‌ കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങുക.

Advertisment

publive-image

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, എ ഐ സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും. സെന്റ്‌ തോമസ്‌ കോളേജ് ഗ്രൗണ്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോട്ടയത്തെ യു ഡി എഫ് സ്ഥാനാര്‍ഥി തോമസ്‌ ചാഴികാടന്‍, കെ സി ജോസഫ്, കുര്യന്‍ ജോയ്, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, കേരളാ കോണ്‍ഗ്രസ് നേതാക്കളായ റോഷി അഗസ്റ്റിന്‍ എം എല്‍ എ, എന്‍ ജയരാജ് എം എല്‍ എ എന്നിവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിക്കും.

ഇവിടെ നിന്നും കാര്‍ മാര്‍ഗ്ഗം അരുണാപുരം മരിയന്‍സെന്റര്‍ ജംഗ്ഷനില്‍ നിന്നും ബൈപ്പാസിലേക്ക് പ്രവേശിച്ച് അദ്ദേഹം ഉച്ചയോടെ ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള കെ എം മാണിയുടെ കരിങ്ങോഴയ്ക്കല്‍ വസതിയിലെത്തും. വസതിയില്‍ കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മ മാണിയും മകനും പാര്‍ട്ടി വൈസ് ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണിയും ചേര്‍ന്ന് രാഹുലിനെ സ്വീകരിക്കും.

ഇവിടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം അദ്ദേഹം തിരികെ സെന്റ്‌ തോമസ്‌ ഗ്രൗണ്ടില്‍ എത്തി മടങ്ങും. രാഹുലിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പാലായില്‍ ഗതാഗത നിയന്ത്രണം തുടങ്ങി. പാലാ ബൈപ്പാസില്‍ അരുണാപുരം മുതല്‍ ആര്‍വി ജംഗ്ഷന്‍ തുടങ്ങിയിടത്ത് ഗതാഗതം പൂര്‍ണ്ണമായി നിയന്ത്രിച്ചു.

ഏതാനും മിനിട്ടുകള്‍ക്കകം ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ മുത്തോലി ആണ്ടൂര്‍ കവല മുതല്‍ പാലാ ടൌണ്‍ വരെ ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കും. രാഹുല്‍ തിരികെ പോയശേഷമായിരിക്കും ഗതാഗതം പുനസ്ഥാപിക്കുക.

ഇന്ദിരാഗാന്ധി മുതല്‍ ഗാന്ധി കുടുംബവുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന നേതാവായിരുന്നു കെ എം മാണി.  രാജീവ് ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. സോണിയാ ഗാന്ധിയുടെ കൂടെ നിര്‍ദ്ദേശപ്രകാരമാണ് രാഹുല്‍ കെ എം മാണിയുടെ വസതിയിലെത്തുക.

Advertisment