Advertisment

കോട്ടയത്ത് 3 മുന്നണികള്‍ക്കും സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നു. ഉമ്മന്‍ചാണ്ടിയെങ്കില്‍ വിഐപി മണ്ഡലവും കോട്ടയമാകും ! പി സി തോമസ്‌ പ്രചരണരംഗത്തേക്ക് ? സിപിഎം ഒന്നാംഘട്ട ചര്‍ച്ച പൂര്‍ത്തിയാക്കി ! ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം ഇത്തവണ കോട്ടയത്ത് തുടങ്ങും !

New Update

കോട്ടയം:  ഇത്തവണ മൂന്ന്‍ മുന്നണികളുടെയും ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കോട്ടയത്ത് നിന്നെന്നുറപ്പായി. സി പി എമ്മും കോണ്‍ഗ്രസും ഇതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. ബി ജെ പി ഔദ്യോഗികമായി രംഗത്ത് വന്നില്ലെങ്കിലും ഈ സീറ്റില്‍ നോട്ടമുള്ള പി സി തോമസിന്റെ കേരളാ കോണ്‍ഗ്രസും കോട്ടയത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്‌ഷ്യം വച്ചുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

Advertisment

publive-image

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഴിവുവന്ന മണ്ഡലം എന്ന നിലയിലാണ് ഇത്തവണ മുന്നണികളുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് കോട്ടയം വേദിയാകുന്നത്‌.  ജോസ് കെ മാണിയുടെ ഒഴിവില്‍ ഇവിടെ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നുറപ്പായിട്ടുണ്ടെങ്കിലും ആദ്യ സ്ഥാനാര്‍ഥിയെ എല്ലാ മുന്നണികളും കോട്ടയത്താകും പ്രഖ്യാപിക്കുക. കോട്ടയം സ്ഥാനാര്‍ഥിയെ മുന്‍കൂറായി പ്രഖ്യാപിച്ച് പ്രചരണത്തിന് തുടക്കം കുറിക്കാനാണ് മുന്നണികളുടെ നീക്കം.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ ചുമതല മുന്‍ ഡി സി സി പ്രസിഡന്റ് കുര്യന്‍ ജോയിക്കാണ് കെ പി സി സി കൈമാറിയിരിക്കുന്നത്. സി പി എമ്മില്‍ വൈക്കം വിശ്വനും കെ ജെ തോമസും എം വി ഗോവിന്ദനും എത്തിയാണ് കോട്ടയത്ത് സി പി എം യോഗം വിളിച്ചുകൂട്ടിയത്.

publive-image

കോട്ടയം കോണ്‍ഗ്രസിന്റെ വി ഐ പി മണ്ഡലമോ ?

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതോടെ കോട്ടയ൦ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തെന്ന അഭ്യൂഹം ശക്തമാണ്. ഇത് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും ധാരണ അങ്ങനെ തന്നെയെന്നാണ് യു ഡി എഫ് ഉന്നത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

കോണ്‍ഗ്രസിനാണ് സീറ്റെങ്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്ത് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അഥവാ ധാരണ ഇല്ലെങ്കില്‍ പോലും ഉമ്മന്‍ചാണ്ടിക്ക് മത്സരിക്കണമെന്നുണ്ടെങ്കില്‍ ഈ സീറ്റ് കേരളാ കോണ്‍ഗ്രസ് അദ്ദേഹത്തിനായി വിട്ടുനല്‍കാന്‍ നിര്‍ബന്ധിതരാകും. ഉമ്മന്‍ചാണ്ടിയാണ് സ്ഥാനാര്‍ഥി എങ്കില്‍ അവിടെ മറ്റൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല.

publive-image

ഉമ്മന്‍ചാണ്ടിയല്ലെങ്കില്‍ പിന്നെ നേതാക്കളുടെ പടയൊരുക്കം ! മുന്‍‌തൂക്കം ലതികയ്ക്ക് !

കോട്ടയത്ത് ഉമ്മന്‍ചാണ്ടി മത്സരത്തിനില്ലെങ്കില്‍ ഈ സീറ്റ് ആഗ്രഹിക്കുന്ന നേതാക്കളുടെ ഒരു പട തന്നെ രംഗത്തുണ്ട്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷാണ് അതില്‍ ഒന്നാം പേരുകാരി. എ' ഗ്രൂപ്പ് പിന്തുണയും വനിതാ പ്രാതിനിധ്യവും ലതികയ്ക്ക് ഗുണം ചെയ്യും.

മഹിളാ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യവും ഇതിലൂടെ ഉറപ്പിക്കാനാകും. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ കോട്ടയത്തെ ജനകീയ മുഖങ്ങളില്‍ ഒന്നാണ് ലതികാ സുഭാഷ്.

publive-image

കല്ലാനിയ്ക്ക് ആഗ്രഹമുണ്ടെങ്കിലും ... ?

ഇവിടെ പരിഗണിക്കുന്നവരില്‍ പിന്നത്തെ പ്രധാനികള്‍ മുന്‍ ഡി സി സി അധ്യക്ഷന്‍ അഡ്വ. ടോമി കല്ലാനിയും മുന്‍ എം എല്‍ എ ജോസഫ് വാഴയ്ക്കനുമാണ്. കല്ലാനിയുടെ പ്രതികൂല ഘടകം അദ്ദേഹം കോണ്‍ഗ്രസില്‍ വംശനാശ ഭീഷണി നേരിടുന്ന സുധീരന്‍ ഗ്രൂപ്പിന്റെ നേതാവാണെന്നതാണ്. കോട്ടയം കണ്ട ഏറ്റവും മികച്ച ഡിസിസി അധ്യക്ഷനായിരുന്നെങ്കിലും സുധീരഭക്തി മനസ്സില്‍ സൂക്ഷിക്കുന്ന കാലത്തോളം കല്ലാനിയെ കോട്ടയത്ത് തെരഞ്ഞെടുപ്പില്‍ കാലുകുത്താന്‍ എ' ഗ്രൂപ്പ് അനുവദിക്കത്തുമില്ല.

publive-image

വാഴയ്ക്കന് തടസവും ഗ്രൂപ്പ് പ്രമാണിത്തം തന്നെ !

മറ്റൊരു സാധ്യത കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രധാനിയായ ജോസഫ് വാഴയ്ക്കനാണ്. പക്ഷേ, എ' ഗ്രൂപ്പിന്റെ കളിത്തട്ടില്‍ ഐ' ഗ്രൂപ്പിലെ പ്രമാണിയെ എങ്ങനെ പരിഗണിക്കുമെന്ന സംശയം ബാക്കി നില്‍ക്കുന്നു. ഗ്രൂപ്പൊഴികെ മറ്റ്‌ സമവാക്യങ്ങളൊക്കെ വാഴയ്ക്കന് അനുകൂലമാണ്. പക്ഷേ വാഴയ്ക്കന്‍ മത്സരിച്ചാല്‍ കേരളാ കോണ്‍ഗ്രസ് 'മനസറിഞ്ഞ്' സഹായിക്കുമോ എന്നതും കണ്ടറിയണം !

അഥവാ കേരളാ കോണ്‍ഗ്രസ് തന്നെ കോട്ടയം ഏറ്റെടുക്കുകയാണെങ്കില്‍ ഇവിടെ മുന്‍ എം എല്‍ എമാരായ തോമസ്‌ ചാഴിക്കാടന്‍, സ്റ്റീഫന്‍ ജോര്‍ജ്ജ്, ജോസഫ് എം പുതുശ്ശേരി എന്നീ പേരുകളാണ് പരിഗണിക്കപ്പെടാന്‍ സാധ്യത. രാജ്യസഭാംഗം ജോയി എബ്രാഹവും പരിഗണനാ ലിസ്റ്റില്‍ വന്നേക്കാം.

publive-image

സിപിഎമ്മില്‍ സാധ്യത വാസവനും വിശ്വനും !

പലതവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വൈക്കം വിശ്വന് വിജയിക്കാനായില്ല. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ അങ്ങനെ തന്നെ ബാക്കി കിടക്കുകയാണ്. ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും വൈക്കം വിശ്വനെ പാര്‍ട്ടി മോചിതനാക്കിയത് അങ്ങനൊരു ലക്‌ഷ്യം മുന്നില്‍ കണ്ടാണോ എന്നും വ്യക്തമല്ല. അങ്ങനെയെങ്കില്‍ കോട്ടയത്തെ ഒന്നാം പേരുകാരന്‍ വൈക്കം വിശ്വന്‍ തന്നെയാകും.

ആരോഗ്യ കാരണങ്ങളാല്‍ വിശ്വന്‍ മത്സരത്തിനില്ലെന്ന് തീരുമാനിച്ചാല്‍ നറുക്ക് വീഴുക ജില്ലാ സെക്രട്ടറി വി എന്‍ വാസവനായിരിക്കും. കോട്ടയത്ത് എം എല്‍ എ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച വാസവന്‍ കോട്ടയത്ത് സി പി എമ്മിന്റെ ജനകീയ മുഖമാണ്. ക്രൈസ്തവ സഭകള്‍ ഉള്‍പ്പെടെ മുഴുവന്‍ സമുദായ സംഘടനകളുമായും നല്ല ബന്ധം സൂക്ഷിക്കുന്ന നേതാവാണ്‌ വാസവന്‍.

കോട്ടയത്ത് പരിഗണിക്കപ്പെട്ടേക്കാവുന്ന മറ്റൊരു പേര് മുന്‍ ജില്ലാ സെക്രട്ടറി കെ ജെ തോമസ്‌ എക്സ് എം എല്‍ എയുടേതാണ്. മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ രണ്ടു തവണ മത്സരിച്ചതൊഴിച്ചാല്‍ അദ്ദേഹത്തിനും പാര്‍ട്ടി അവസരം നല്‍കിയിട്ടില്ല.

publive-image

എന്‍ ഡി എ പട്ടികയില്‍ പി സി തോമസ്‌ കോട്ടയത്ത് സജീവം

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്നും ബന്ധുകൂടിയായ ജോസ് കെ മാണി ഒഴിവായ അന്നുമുതല്‍ പി സി തോമസ്‌ കോട്ടയത്ത് സജീവമായി. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം മണ്ഡലത്തില്‍ സജീവമാണെന്നതും ശ്രദ്ധേയമാണ്. കോട്ടയം ലോക്സഭാ മണ്ഡല പരിധിയില്‍ ഉള്‍പ്പെട്ട മരണ വീടുകളിലും വിവാഹങ്ങളിലും പി സി തോമസ്‌ സജീവമായി പങ്കെടുത്തു വരുന്നുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം കോട്ടയത്ത് പ്രതീകാത്മകമായി സ്വന്തം 'എം പി സെല്‍' ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. ബി ജെ പിയെ സംബന്ധിച്ച് അവര്‍ക്ക് കോട്ടയത്ത് സ്ഥാനാര്‍ഥിയില്ല, പ്രതീക്ഷയുമില്ല. ബി ഡി ജെ എസ് മുന്നണിയിലെത്തിയാലും പ്രതീക്ഷയ്ക്ക് അവര്‍ക്കും വകയില്ല.

അങ്ങനെയെങ്കില്‍ കേരളാ കോണ്‍ഗ്രസിന് അനുവദിക്കുന്ന ഒന്നാം സീറ്റ് തന്നെ കോട്ടയമായിരിക്കും. അവിടെ പി സി തോമസ്‌ മത്സരിക്കാനും സാധ്യതയേറുകയാണ്. ഇക്കാര്യത്തില്‍ താമസിയാതെ തന്നെ ബി ജെ പിയുമായി ധാരണയിലെത്തി കോട്ടയത്ത് പ്രചരണത്തിനിറങ്ങാനാണ് പി സി തോമസിന്റെ നീക്കം !

Advertisment