Advertisment

ക്രൈസ്തവ ജീവിത സാക്ഷ്യത്തിന്റെയും ദൈവപരിപാലനയുടേയും വിളനിലമായ രാമപുരത്ത് ഏഷ്യയിലെ ഏറ്റവും വലിയ ദേവാലയമൊരുങ്ങി

author-image
സുനില്‍ പാലാ
New Update

വിശുദ്ധ ആഗസ്തീനോസ് പുണ്യവാളന്റെ മാധ്യസ്ഥം തേടി ആയിരങ്ങള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോനാ പള്ളി ഇരുപത് കോടിയില്‍പ്പരം രൂപാ ചെലവഴിച്ചാണ് പുതുക്കി പണിതിട്ടുള്ളത്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടവും രാമപുരം പള്ളിയിലാണ്.

Advertisment

മൂന്ന് നിലകളിലായി പണിതിട്ടുള്ള അതിമനോഹരമായ ദേവാലയത്തിന്റെ മുന്‍വശം ഗ്രീക്ക്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ കലകളുടെ സങ്കലനമാണ്. പള്ളിക്കുള്ളില്‍ അള്‍ത്താര സ്ഥിതി ചെയ്യുന്ന ''അതിവിശുദ്ധയിടം'' ഭാരതത്തിലെ പഴയകാല ദേവാലയങ്ങളുടെ ശില്‍പ്പഭംഗി മുഴുവന്‍ ആവാഹിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ്.

publive-image

വിശുദ്ധ അള്‍ത്താരയില്‍ ബലിയര്‍പ്പണം നടക്കുമ്പോള്‍ സ്വര്‍ഗ്ഗം അത് വീക്ഷിക്കുന്നു, ബലിയര്‍പ്പണം അനന്തതയിലേക്ക് പോകുന്നു എന്ന സങ്കല്പത്തോട് ചേരാനായി 35 അടിയോളം ഉയരമുള്ള 'തോറ' തയ്യാറാക്കിയിട്ടുള്ളത് ഈ പള്ളിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണെന്ന് വികാരി റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ പറഞ്ഞു.

മൂന്ന് നിലകളിലായുള്ള ദേവാലയത്തിന്റെ അടിനിലയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മ്യൂസിയമാണ്. കുഞ്ഞച്ചന്റെ ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുക്കളും ഭക്തര്‍ക്ക് മുന്നില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രണ്ടാംനില വിവിധ ഭക്ത സംഘടനകളുടെ ഓഫീസും പാരീഷ് കൗണ്‍സിലിന്റെ യോഗശാലയുമായും പ്രവര്‍ത്തിക്കും ഇന്‍ഡ്യയിലെ മറ്റൊരു ദേവാലയത്തിലും നിലവില്‍ ഇല്ലാത്ത സ്ഥിരം മീഡിയാ റൂമും രണ്ടാംനിലയിലുണ്ടാവും. ഇതോടൊപ്പം അഞ്ച് വിശാലമായ അതിഥി മുറികളുമുണ്ട്.

രാമപുരം ഇടവകയിലെ കുടുംബങ്ങള്‍, ഇവിടെനിന്നും വിദേശങ്ങളില്‍ പോയവര്‍ തുടങ്ങിയവരുടെ സാമ്പത്തിക സഹകരണത്തോടെയാണ് കൂറ്റന്‍ ദേവാലയം പണിതുയര്‍ത്തിയിട്ടുള്ളത്. പള്ളി ഹാളിലും മോണ്ടളത്തിലുമായി അയ്യായിരം പേര്‍ക്ക് ഒരേസമയം ഇവിടെ പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളാന്‍ കഴിയും. മുതിര്‍ന്ന പൗരര്‍ക്കും രോഗികള്‍ക്കുമായി ബലിപീഠത്തിന്റെ ഇരുവശത്തും പ്രത്യേകം ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് റവ. ഡോ.ജോര്‍ജ്ജ് ഞാറക്കുന്നേല്‍ പറഞ്ഞു.

publive-image

പുതുവര്‍ഷത്തില്‍ നടക്കുന്ന പള്ളികൂദാശ കര്‍മ്മത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയോസ്, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ്ബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇതോടൊപ്പം, സെമിനാരി പ്രൊഫസറായിരുന്ന പള്ളി വികാരി ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേലിന്റെ ശിഷ്യരായ ബിഷപ്പുമാര്‍ ഉള്‍പ്പെടെ ഇരുപത്തഞ്ചോളം ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും കൂദാശ കര്‍മ്മത്തില്‍ പങ്കെടുക്കും.

2009-ല്‍ റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ രാമപുരം പള്ളി വികാരിയായി ചുമതലയേറ്റതിന് ശേഷമാണ് പുതിയ ദേവാലയമെന്ന ആശയം വിശ്വാസികള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമാണിപ്പോള്‍ സഫലമായിട്ടുള്ളത്.

പരിപാടികളുടെ നടത്തിപ്പിനായി ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍, ഡോ. സെബാസ്റ്റ്യന്‍ നടുത്തടം, ഫാ. മൈക്കിള്‍ കിഴക്കേപ്പറമ്പില്‍, ഫാ. ജോസഫ് വയാലില്‍, ഫാ. ജോര്‍ജ്ജ് പറമ്പിത്തടത്തില്‍, ജോണി വാലുമ്മേല്‍, ജോജോ മണ്ണാപറമ്പില്‍, ബെന്നി കച്ചിറമറ്റം, അഗസ്റ്റിന്‍ കക്കൊഴയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നു.

Advertisment