Advertisment

ദിവസങ്ങളായി ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമായി അതിഥി തൊഴിലാളികൾ മുക്കം പോലീസ് സ്റ്റേഷനിൽ. ഭക്ഷണവുമായെത്തിയ അധികൃതർ കണ്ടത് ഭക്ഷ്യവസ്തുക്കളുടെ വൻശേഖരം

New Update

മുക്കം:  ദിവസങ്ങളായി ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമായി അതിഥി തൊഴിലാളികൾ മുക്കം പോലീസ് സ്റ്റേഷനിൽ. ഭക്ഷണവുമായി ക്യാംപിലെത്തിയ നഗരസഭാ അധികൃതർ കണ്ടത് ഭക്ഷ്യവസ്തുക്കളുടെ വൻശേഖരം.

Advertisment

ഇന്നലെയായിരുന്നു സംഭവം. ഭക്ഷണം ലഭിക്കുന്നില്ലെന്ന അതിഥി തൊഴിലാളികളുടെ പരാതിയെ തുടർന്ന് പൊലിസ് ഉടൻതന്നെ നഗരസഭാ അധികൃതരെ വിളിച്ച് കാര്യം പറയുകയായിരുന്നു.

publive-image

പൊലിസ് സ്റ്റേഷനിൽ നിന്ന് വിവരമറിഞ്ഞയുടൻ തന്നെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് പാചകം ചെയ്ത ഭക്ഷണവും ഭക്ഷ്യധാന്യങ്ങളുമായി നഗരസഭ സംഘം അതിഥി തൊഴിലാളികളുടെ ക്യാംപിലെത്തി ഭക്ഷണം കൈമാറുകയും ചെയ്തു.

മടങ്ങുമ്പോൾ ചെറിയൊരു സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് നഗരസഭാ കൗൺസിലർ പി.ടി ബാബു, ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ ലൂഷൻ എന്നിവരടങ്ങിയ സംഘം ഞെട്ടിയത്. ചോറും കോഴിക്കറിയും ഉൾപ്പെടെയുള്ള ഭക്ഷണം ക്യാംപിൽ തയാറാക്കി വച്ചിരുന്നു. കൂടാതെ രണ്ടാഴ്ചക്കാലത്തേക്കുള്ള പച്ചക്കറികളും ഭക്ഷ്യധാന്യവും കരുതൽ ശേഖരമായും ഉണ്ടായിരുന്നു.

ഇതെല്ലാം കരാറുകാരൻ എത്തിച്ചു നൽകിയിരുന്നു. അനാവശ്യമായി പരാതി നൽകി പൊലിസിനേയും നഗരസഭയെയും ഇത് രണ്ടാം തവണയാണ് അതിഥി തൊഴിലാളികൾ വട്ടം ചുറ്റിക്കുന്നത്.

കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നും വന്ന ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മുക്കം ഓർഫനേജിന് സമീപമുള്ള ബിൽഡിങിൽ ഭക്ഷണവുമായെത്തിയ നഗരസഭ സംഘത്തിനും സമാനമായ അനുഭവമാണ് ഉണ്ടായത്.

ഭക്ഷണം ലഭിക്കാൻ അർഹതയുള്ള അതിഥി തൊഴിലാളികളെ കൂടി കുഴപ്പത്തിലാക്കുന്നതാണ് ഇത്തരക്കാരുടെ നടപടി. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പൊലിസിൽ പരാതി നൽകിയതായി നഗരസഭ സെക്രട്ടറി എൻ കെ ഹരീഷ് അറിയിച്ചു.

Advertisment