കെപിസിസി പ്രസിഡന്റ്: ബെന്നി ബഹന്നാന് വേണ്ടി അവസാനവട്ട ശ്രമവുമായി ഉമ്മന്‍ചാണ്ടി നാളെ ഡല്‍ഹിയില്‍. ബെന്നിയെ ഏകസ്വരത്തിലെതിര്‍ത്ത് എയിലെ പ്രബല വിഭാഗവും ഐ ഗ്രൂപ്പും സുധീരനും ഗ്രൂപ്പ് രഹിതരും രംഗത്ത്. അവസാന റൗണ്ടിലും മുല്ലപ്പള്ളിയും മുരളിയും മുന്നില്‍ത്തന്നെ

ജെ സി ജോസഫ്
Monday, July 9, 2018

ന്യൂഡല്‍ഹി:  പുതിയ കെ പി സി സി അധ്യക്ഷനെ ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ബെന്നി ബെഹന്നാന് വേണ്ടി ഉമ്മന്‍ചാണ്ടി അവസാന ശ്രമം തുടങ്ങി. നാളെ ഡല്‍ഹിയില്‍ ആന്ധ്രാ വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ കാണുന്ന ഉമ്മന്‍ചാണ്ടി ബെന്നി ബഹന്നാനെ കെ പി സി സി അധ്യക്ഷനാക്കണമെന്ന ആവശ്യം ഒരിക്കല്‍ക്കൂടി മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന.

മുല്ലപ്പള്ളി രാമചന്ദ്രന് വേണ്ടി എ കെ ആന്റണിയും രംഗത്തുണ്ട്. ബെന്നി ബെഹന്നാനെക്കാള്‍ പിന്തുണ മുല്ലപ്പള്ളിയ്ക്കും കെ സുധാകരനുമാണ്. പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഏറ്റവും അധികം പിന്തുണ കെ മുരളീധരനാണ്.

അതേസമയം, ബെന്നി ബെഹന്നാനെ കെ പി സി സി അധ്യക്ഷനാക്കാനുള്ള നീക്കത്തെ ആത്മഹത്യാശ്രമപരമെന്നാണ് നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും സ്വാധീനമില്ലാത്ത നേതാക്കളെ പാര്‍ട്ടിയുടെ തലപ്പത്തെത്തിച്ചാല്‍ സംസ്ഥാനത്ത് നിന്നും പാര്‍ട്ടി തുടച്ചുനീക്കപ്പെടുകയാവും ഫലമെന്നാണ്‌ പ്രധാന വിമര്‍ശനം.

എ ഗ്രൂപ്പിലെ ഭൂരിപക്ഷം പേരും ഐ ഗ്രൂപ്പും സുധീരനും ഗ്രൂപ്പ് രഹിതരും ഒരേ സ്വരത്തില്‍ എതിര്‍ക്കുന്ന പേരാണ് ബെന്നി ബഹന്നാന്റേത്. അതേസമയം, ഉമ്മന്‍ചാണ്ടി അദ്ദേഹത്തിനായി വാദിക്കുകയും ചെയ്യുന്നു. ഹൈക്കമാന്റിന്റെ പക്കല്‍ അപ്രതീക്ഷിത പേരുണ്ടെന്നാണ് രഹസ്യ റിപ്പോര്‍ട്ട്. പറഞ്ഞുകേള്‍ക്കുന്നവരില്‍ സാധ്യത മുല്ലപ്പള്ളിക്കാണത്രെ.

എന്നാല്‍ കെ മുരളീധരന്‍ പുതിയ കെ പി സി സി അധ്യക്ഷനാകുമെന്ന അഭ്യൂഹമാണ് ഏറ്റവും ശക്തം. എങ്കില്‍ അവസാന ഘട്ടത്തിലെ ചരടുവലികള്‍ നിര്‍ണ്ണായകമാകും.

×