Advertisment

പുതിയ കെ പി സി സി അധ്യക്ഷന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ! ജനമോചനയാത്ര എം എം ഹസ്സന്റെ വിടവാങ്ങല്‍ യാത്രയായി മാറും ?

New Update

തിരുവനന്തപുരം:  കെ പി സി സി അധ്യക്ഷന്‍ നയിക്കുന്ന ജനമോചന യാത്ര എം എം ഹസന്റെ പദവിയില്‍ നിന്നുള്ള വിടവാങ്ങല്‍ യാത്രയാകുമെന്നു സൂചന. ഹസനെ മാറ്റി പുതിയ കെ പി സി സി അധ്യക്ഷനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എ ഐ സി സി ആരംഭിച്ചുകഴിഞ്ഞതായാണ് സൂചന.

Advertisment

ഇതിന്റെ ഭാഗമായി 50 വയസില്‍ താഴെയുള്ള പേരുകള്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ എ ഐ സി സി നിര്‍ദ്ദേശം നല്‍കി. ഇതോടെ ഏപ്രില്‍ 26 ന് സമാപിക്കുന്ന ജാഥയോടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ തലപ്പത്ത് വീണുകിട്ടിയ അവസരത്തില്‍ നിന്നും ഹസന് പുറത്ത് പോകേണ്ടതായി വരും.

publive-image

പദവി ഒഴിയുന്നതിനു മുമ്പ് തന്റെ നേതൃത്വത്തിലൊരു സംസ്ഥാന ജാഥ നടത്തണമെന്നത് എം എം ഹസന്റെ ആഗ്രഹമായിരുന്നു. കെ പി സി സി അധ്യക്ഷനായ ഉടന്‍ ഹസന്‍ ഇതിനായുള്ള കര്‍മ്മ പരിപാടി ഒരുക്കിയെങ്കിലും അത് ഐ ഗ്രൂപ്പ് ഹൈജാക്ക് ചെയ്ത് 'പടയൊരുക്കമായി' ചെന്നിത്തലയുടെ പേരിലാക്കി. യു ഡി എഫ് ദുര്‍ബലമാണെന്ന ആരോപണം ശക്തമായിരിക്കെ ആയിരുന്നു ഹസന്‍ കെ പി സി സിയുടെ യാത്ര പ്ലാന്‍ ചെയ്തത്.

എന്നാല്‍ യു ഡി എഫ് യോഗം ചേര്‍ന്നപ്പോള്‍ ഇത് യു ഡി എഫിന്റെ ജാഥയാക്കണമെന്ന വാദം ഐ ഗ്രൂപ്പ് ഉന്നയിച്ചു. യു ഡി എഫ് ശക്തമാണെന്ന് തെളിയിക്കാന്‍ അങ്ങനൊന്ന് ആവശ്യമാണെന്ന ധാരണയില്‍ അതംഗീകരിക്കപ്പെടുകയും ചെയ്തു. അതിനിടെയിലാണ് കെ പി സി സി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിയേണ്ടി വരുമെന്ന സൂചന ഹസ്സന് കിട്ടുന്നത്.

publive-image

ഒപ്പം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും സമാഗതമായി. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും ഫണ്ട് ശേഖരണത്തിനുമെന്ന പേരിലാണ് ഒരു വര്‍ഷത്തിനിടയിലെ രണ്ടാമത് സംസ്ഥാന ജാഥയ്ക്ക് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

പാര്‍ട്ടി ഖജനാവ് കാലിയാണ്. പാര്‍ട്ടി പരിപാടികള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനും പാര്‍ട്ടി ഫണ്ടില്‍ മിച്ചമില്ല. വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായി വന്നതോടെ ഭരണമുണ്ടായിരുന്നിട്ടുപോലും പാര്‍ട്ടിയ്ക്ക് ഫണ്ടില്ലെന്ന അവസ്ഥയായി. സുധീരന്‍ ആദര്‍ശ രാഷ്ട്രീയം കളിച്ച് മതിയായി പടിയിറങ്ങിയപ്പോള്‍ കെ പി സി സി ഓഫീസിലെ കറന്റ് ബില്‍ അടയ്ക്കാനുള്ള തുക പോലും അക്കൌണ്ടില്‍ ബാക്കിയുണ്ടായിരുന്നില്ലത്രെ.

ഈ സാഹചര്യത്തിലാണ് യാത്രയുടെ പേരില്‍ ഫണ്ട് ശേഖരണം എന്ന ഹസന്റെ തന്ത്രം ഫലിക്കുന്നത്. ഓരോ മണ്ഡലം കമ്മിറ്റിയും അമ്പതിനായിരം രൂപ വീതം പിരിവെടുത്ത് അതിന്റെ നേര്‍പകുതി കെ പി സി സി ഫണ്ടായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇത് ഫലം കണ്ടാല്‍ പാര്‍ട്ടി ഖജനാവ് സമൃദ്ധമാകും.

publive-image

അതോടെ പുതിയ കെ പി സി സി അധ്യക്ഷന് പദവി കൈമാറി ഹസ്സന് ഒഴിയാം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.

പുതിയ അധ്യക്ഷന്‍റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായത്തിനാണ് മുന്‍‌തൂക്കം. പി സി വിഷ്ണുനാഥാണ് പുതിയ അധ്യക്ഷനെങ്കില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും അത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മൂന്ന്‍ തവണ ചെങ്ങന്നൂര്‍ എം എല്‍ എ ആയിരുന്നു വിഷ്ണുനാഥ്‌.

kpcc mm hassan
Advertisment