മുരളീധരന് മുന്‍‌തൂക്കമെന്ന് അഭ്യൂഹം, മുല്ലപ്പള്ളിക്ക് സാധ്യതയെന്ന്‍ വിലയിരുത്തലും: പുതിയ കെപിസിസി അധ്യക്ഷന്മാര്‍ അടുത്തയാഴ്ചയെന്ന്‍ സൂചന !

ജെ സി ജോസഫ്
Saturday, July 7, 2018

ന്യൂഡല്‍ഹി:  പുതിയ കെ പി സി സി അധ്യക്ഷനെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് സൂചന. ലോക്സഭാ തെരഞ്ഞയൂപ്പിനുള്ള ഒരുക്കങ്ങള്‍ പുതിയ കെ പി സി സി അധ്യക്ഷനെ കീഴില്‍ നടത്താനാണ് തീരുമാനം. പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പിയുടെ പേരാണ് കോണ്‍ഗ്രസില്‍ വ്യാപകമായി പ്രചരിക്കുന്നതെങ്കിലും അപ്രതീക്ഷിത പേരിനാണ് മുന്‍‌തൂക്കമെന്ന അഭ്യൂഹവും ശക്തമാണ്.

കെ മുരളീധരന്റെ പേരിനാണ് ഇപ്പോഴും മുന്‍തൂക്കമെന്നാണ്  എ ഐ സി സി നേതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളോ ഹൈക്കമാന്റോ മനസ് തുറന്നിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഉമ്മന്‍ചാണ്ടിയെ വിളിച്ചുവരുത്തി രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ അവസാനഘട്ട ചര്‍ച്ച നടത്തിയിരുന്നു.

നിലവില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പദവികളില്ലാത്ത എ’ ഗ്രൂപ്പിനാണ് കെ പി സി സി അധ്യക്ഷ പദവിയില്‍ കൂടുതല്‍ സാധ്യത. എന്നാല്‍ ഗ്രൂപ്പുകാരനായ നേതാവിനെ പദവിയില്‍ നിയമിക്കാന്‍ രാഹുല്‍ ഗാന്ധി ഒരുക്കവുമല്ല. പകരം ഗ്രൂപ്പിന് കൂടി സ്വീകാര്യനായ ഒരാളെ നിയമിക്കേണ്ടത് പാര്‍ട്ടിയുടെ സുഗമമായ നടത്തിപ്പിന് സഹായകരമാകുമെന്നാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍.

അതിനാല്‍ തന്നെ എ’ ഗ്രൂപ്പ് എതിര്‍ക്കുന്ന നേതാവ് കെ പി സി സി അധ്യക്ഷനാകില്ലെന്നുറപ്പാണ്. കെ മുരളീധരനോട് എ’ ഗ്രൂപ്പിന് എതിര്‍പ്പില്ല. എന്നാല്‍ മുല്ലപ്പള്ളി എ’ക്കാരുടെ ലിസ്റ്റിലുമില്ല. മുല്ലപ്പള്ളിയെ നിയമിച്ചാല്‍ ഹസ്സനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയും നേതാക്കള്‍ക്കില്ല.

അതേസമയം, മുരളി വന്നാല്‍ അത്ഭുതകരമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും വിലയിരുത്തല്‍.

×