Advertisment

കുളം ഒരു വരം (അനുഭവക്കുറിപ്പ്)

author-image
admin
Updated On
New Update

- അരുൺതഥാഗത്

Advertisment

കുളമാക്കി,

കുളംതോണ്ടി,

കുളം കലക്കി,

എല്ലാം നെഗറ്റീവ് അർത്ഥങ്ങളുള്ള വാക്കുകളാണ് മലയാളത്തിൽ.

നമ്മുടെ സംസ്കാരത്തിൽ ഏറ്റവും പ്രമുഖ സ്ഥാനം ഉണ്ടായിരുന്ന കുളങ്ങൾക്ക് എങ്ങനെയാണ് ഇത്ര നെഗറ്റീവ് അർത്ഥം ഭാഷയിൽ വന്നത് എന്ന് അദ്ഭുതപ്പെടാറുണ്ട്. ഇപ്പോഴും അതിന്റെ കാരണം വ്യക്തമായി അറിയില്ല? എന്തായാലും നമ്മുടെ ജീവിതത്തിൻറെ അവിഭാജ്യഘടകമായിരുന്നു നാട്ടിൻപുറങ്ങളിൽ നിറയെ ഉണ്ടായിരുന്ന കുളങ്ങൾ.

publive-image

#കുളിസീൻ കാണലുകളും

കുളിപ്പുരകളും

എല്ലാമായി ഒരു കാലത്ത് സംസ്കാരത്തെ നിർവചിച്ചത് തന്നെ കുളക്കടവുകൾ ആയിരുന്നു.

സ്ത്രീ പുരുഷ ബാല്യ കൗമാര വാർദ്ധക്യ ശാരീരങ്ങളുടെ

അനാട്ടമി വ്യത്യാസങ്ങൾ സ്വാഭാവികമായി നമ്മൾ പരിചയപ്പെട്ടു.

കുളി ,

കുളിമുറിയിലേക്ക് മാറിയതോടെ

എന്തോ നിഗൂഢമായ ഒന്നായി ശരീരം മാറി.

സോഷ്യൽ ഇന്ററാക്ഷന്റെ വേദികൾ കൂടിയായിരുന്നു കുളക്കടവുകൾ.

രാവേറെ നീളുന്ന കഠിനാധ്വാനത്തിനു ശേഷം ശരീരവും മനസ്സും തണുപ്പിക്കാൻ കുളത്തിൽ മുങ്ങി കിടക്കൽ ആയിരുന്നല്ലോ നമ്മുടെ ശീലം .

നമുക്കെവിടെയുമുണ്ടാരുന്ന ഈ കുളങ്ങൾ കൊണ്ടാകണം നമ്മൾ രണ്ടു നേരം കുളിക്കുന്നവർ ആയി മാറിയത്. ലോകത്തൊരിടത്തും ഒരു പക്ഷേ നമ്മെപ്പോലെ രണ്ടു നേരം കുളിക്കുന്നത് വിഭാഗങ്ങൾ ഉണ്ടാകാൻ ഇടയില്ല .

എന്നാൽ ഈ അടുത്ത കാലത്ത് വന്ന കെട്ടിട ഭ്രാന്തിന് അനുബന്ധമായി നമുക്ക് കുളങ്ങൾ ഇല്ലാതായി.

കുളം നികത്തൽ ട്രെൻഡ് ആയി.

കുളത്തിലും പുഴയിലും കുളിക്കാതായതോടെ അവയെ കമ്പനികളും (നമ്മളും) മാലിന്യ ത്തൊട്ടികളാക്കി മാറ്റിയിട്ടും കേവല വൈകാരികതയ്ക്കപ്പുറം നമുക്കൊന്നും തോന്നാതിരുന്നത് അതിനാലാണ്.

പോരാത്തതിന് ജനകീയാസൂത്രണത്തിലൂടെ ബാക്കി കുളങ്ങളിൽ സിമന്റ് കെട്ടിയടച്ചതോടെ വെള്ളത്തിന്റെ filteration നിലച്ച് അഴുക്ക് കെട്ടിയതായി ആ കുളങ്ങളും അപ്രാപ്യമായി.

ഒപ്പം സോപ്പും ഡിറ്റർജന്റും ഷാമ്പൂകളും അലക്കും കൂടിയായപ്പോൾ കുളം കുളമായി.

അമ്പലക്കുളങ്ങളിൽ ഇന്നും കാണാം സോപ്പും എണ്ണയും ഉപയോഗിക്കരുത് എന്ന ബോർഡ്.

പക്ഷേ എഴുത്തും വായനയും സാക്ഷരതയും കൂടിയതിനാൽ ആകാം ആ ബോർഡ് വെറും കോമഡിയായി നിലകൊള്ളുന്നു.(അതൊക്കെ ശ്രദ്ധിക്കാൻ പോണോ അതോ വർഗ്ഗീയതയ്ക്ക് കൊടി പിടിക്കാൻ പോണോ എന്ന ചോദ്യത്തിന് രണ്ടാമത്തെ ചോയ്സ് നമ്മളങ്ങെടുത്തു).

ഇങ്ങനെ എല്ലാ അർത്ഥത്തിലും നഷ്ടപ്പെട്ട കുളങ്ങളെ തിരിച്ചു പിടിച്ച് കേരളത്തിന് ലോകത്തിന് തന്നെ മാതൃക കാട്ടുകയാണ് കോഴിക്കോട് മുക്കത്തിനടുത്തുള്ള ചേന്ദമംഗലൂർ ഗ്രാമം. (നമ്മുടെ സ്വന്തം മൊയ്തീന്റെയും കാഞ്ചനമാലയുടെയും ഇരുവഞ്ചിപ്പുഴയുടെയും നാട്).

പ്രിയ സുഹൃത്ത് Nazirudheen chendamangalloor ഉം സഹോദരങ്ങളും വാങ്ങിയ അടയ്ക്കാമരത്തോട്ടമായിരുന്ന ഇടത്ത് ഒരു കൂറ്റൻ കുളം പണിതത് കേരളമെമ്പാടും ചർച്ച ചെയ്യപ്പെട്ടതും ഏറെ വാർത്താ പ്രാധാന്യം നേടിയതുമാണ്.കുളം പണിതു എന്നത് തന്നെ നാടിന്റെ ജലസമ്പത്തിനെ വർദ്ധിപ്പിക്കുന്നതിലൂടെ നാടിന് മൊത്തം നൽകുന്ന സേവനമാണ് എന്നത് കൂടാതെ ഈ കുളം,

തങ്ങളുടെ പ്രിയ ഉമ്മ

മറിംയ ബിയുടെ

സംഭാവനയായി, നാട്ടുകാർക്ക് കുളിക്കാനായി സൗജന്യമായി വിട്ടുകൊടുത്തിരിക്കുകയാണ് ഈ കുടുംബം.

ഇതൊന്നും പോരാഞ്ഞ് കയ്യിൽ നിന്നും വീണ്ടും ശമ്പളം കൊടുത്ത് നീന്തൽ പരിശീലകനെ നിയമിച്ചിരിക്കുകയാണ് ഇവിടെ.

എന്നാലോ നാട്ടിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി നീന്തൽ പരിശീലനം നൽകുന്നു.

നീന്തലറിയാത്ത ആരും ഗ്രാമത്തിൽ ഉണ്ടാകരുത് എന്ന സ്വപ്നമാണ് ഇതിന് പിന്നിൽ.

ഒരു കുടുംബത്തിന്റെ നന്മകളുടെ ഘോഷയാത്ര.

പിഞ്ചു കുട്ടികളും പെൺകുട്ടികളും സ്ത്രീകളും പ്രായമായവരും അടക്കം നാട്ടുകാരുടെ ഒഴുക്കാണ് ഇവിടേക്ക്.

എത്ര പേരാണ് എപ്പോഴും കുളത്തിൽ നിറയെ.

( നിയമത്തിലെ പഴുതുകൾ മൂലം ഈ സ്ഥലം നികത്താൻ വളരെ എളുപ്പമായിരുന്നിട്ടും അതിനൊന്നും മുതിരാതെ ബാക്കി സ്ഥലത്തെയും മരങ്ങളെല്ലാം പിഴുത് മാറ്റി പാടമായി നിലനിർത്തിയിരിക്കുന്നതും കുളത്തിന് ചുറ്റും നാടൻ പുല്ല് നട്ട് മനോഹരമാക്കിയതും എടുത്ത് പറയണം.

സിമന്റ് ഇട്ട് കെട്ടാത്തതിനാൽ കുളത്തിലെ വെള്ളം നന്നായി തെളിഞ്ഞ് കിടക്കുന്നു.

പോരാത്തതിന് സോപ്പും എണ്ണയും തേച്ച് കുളിക്കാനനുവദിക്കാത്തതിനാൽ കുളത്തിലെ വെള്ളം എന്നും തെളിഞ്ഞ് ശുദ്ധമായിരിക്കും.

നാടിന്റെ ആഘോഷവും അഭിമാനവും ആയി മാറി കേരളമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ഈ മറിയം കുളം.

(കുളത്തിന്റെ നിർമ്മാണത്തെപ്പറ്റിയും പ്രതിസന്ധികളെപ്പറ്റിയും നാസറേട്ടന്റെ വാക്കുകളിലൂടെ തന്നെ നമുക്ക് വായിക്കാം ഈ ലിങ്കിൽ.

https://m.facebook.com/story.php?story_fbid=10219024767670899&id=1256139282 )

ഇതിനെ കുറിച്ച് വായിച്ചപ്പോൾ മുതൽ ഈ കുളത്തിൽ പോകണമെന്ന് തീരുമാനിച്ചിരിന്നു. അങ്ങനെ ഇതിനുവേണ്ടി മാത്രം നീന്തൽ സാമഗ്രികളും എടുത്ത് കോയിക്കോട്ടെത്തി.

കോഴിക്കോട് നിന്ന് boat rider ഗ്രൂപ്പിന്റെ ഈയാഴ്ചത്തെ ഞായർ സൈക്കിൾ സവാരി അതിന്റെ സമീപ പ്രദേശത്തേക്കാണെന്നറിഞ്ഞ് ആ സൈക്കിൾ സവാരിയിൽ ഒപ്പം പോകാൻ ഇറങ്ങിയതാണ് എങ്കിലും ഇന്നലെ രാവിലെ 5 മണിക്ക് പോകാൻ ഇറങ്ങിയതും ടെലിപ്പതി പോലെ തികച്ചും യാദൃശ്ചികമായി പ്രിയ സുഹൃത്ത് പ്രകാശ് വർഗീസ് മെസ്സേജ് അയക്കുന്നു, എവിടെയാണ് ഉള്ളത് കോഴിക്കോട് എന്നാണ് വരുന്നത് എന്നും ചോദിച്ചു കൊണ്ട്.

അവനിപ്പോൾ കോഴിക്കോടാണ് ജോലി.

കോഴിക്കോട് എത്തിയെങ്കിലും തിരക്ക് മൂലം ആരെയും അറിയിക്കാൻ പറ്റിയില്ലായിരുന്നു.

മെസേജ് കണ്ട് അവനെ വിളിക്കുമ്പോൾ അവനും

വരണം എന്നായി .

അങ്ങനെ സൈക്കിൾ മാറ്റിപ്പിടിച്ച് അവൻറെ ബൈക്കിൽ ചേന്നമംഗലൂർ എത്തി കുളം കണ്ടതും ,

എൻറെ സാറേ പിന്നെ ഒന്നും ഓർമ്മയില്ല. വൈകുന്നേരം ആറായി എന്ന് കുളത്തിലെ ക്ലോക്ക് ഓർമ്മിപ്പിപ്പോഴാണ് തിരിച്ചു പോകണമല്ലോ എന്ന വിഷമത്തോടെ കുളത്തിൽ നിന്നും കരയ്ക്ക് കയറിയത്.

publive-image

നീന്തലറിയാത്തവർക്കായി ഇവിടെ ട്യൂബും ലൈഫ് ബോയയും റോപ്പുകളും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും മുതിർന്നവരുടെ സഹായവും ഉണ്ട്.

ഭക്ഷണം പോലും മറന്ന് കുളത്തിൽ കിടന്ന ഞങ്ങളെ നാസറേട്ടൻ മരുമകൻ ഹനിയെ വിളിപ്പിച്ച് (നാസറേട്ടൻ ഇപ്പോൾ പൂനയിലാണ് ) പറഞ്ഞ് രണ്ടരയായപ്പോൾ

അദ്ദേഹത്തിന്റെ വീട്ടിലെ വിഭവ സമൃദ്ധമായ ഭക്ഷണവും ഉമ്മ മറിയംബിയുടെയും കുടുംബാഗങ്ങളുടെയും സ്നേഹവും ആതിഥ്യവുമായി കുറച്ച് സമയം ഇടവേള .

തിരിച്ച് മടങ്ങുന്ന വഴി ഫോട്ടോ എടുക്കാൻ വന്നതാണ് കുളത്തിലേക്ക്.

കൺട്രോള് ചെയ്യാൻ പറ്റിയില്ല,

പിന്നേം കുളത്തിലേക്ക് വീഴാതിരിക്കാനാവില്ലല്ലോ.

ഇത്രയും നല്ല തെളിഞ്ഞ വെള്ളത്തിൽ ,

സോപ്പ് നാറ്റമില്ലാതെ കുളിച്ചിട്ടേയില്ല.

ഭൂമിയുടെ എന്നത് പോലെ നമ്മുടെ ശരീരത്തിന്റെയും മുന്നിൽ രണ്ടും ജലമാണ്.

പിഞ്ചു കുട്ടികൾ തനിയെ പിച്ച വച്ച് നടന്ന് പഠിക്കുന്നത് പോലെ എത്ര പെട്ടെന്നാണ് നീന്തുന്നത്.

മനുഷ്യൻ ഒഴികെ ഏതാണ്ടെല്ലാ ജീവികളും വെള്ളത്തിൽ വീണാൽ നീന്തിക്കയറും.

നമുക്ക് മാത്രം ഉപബോധത്തിൽ ആഴത്തിൽ പതിഞ്ഞ ഭയം മൂലമാകാം നീന്താൻ സ്വാഭാവികമായി സാധിക്കാതെ,

പ്രത്യേകം നീന്താൻ പഠിക്കേണ്ടി വരുന്നത്.

യോഗയൊന്നും വേണ്ട,

വെള്ളത്തിൽ കിടന്നാൽ.

കൈകാലുകളും ശരീരവും എല്ലായ്പോഴും ചലിപ്പിക്കുന്നതിനാൽ തന്നെ ഇതൊരു നല്ല വ്യായാമമാണ്.

പോരാത്തതിന് നന്നായി ശ്വസിച്ച് ശ്വാസകോശം ശക്തമാകുന്നു.

അന്തരീക്ഷത്തിലേക്ക് ഏറ്റവുമധികം ഓക്ലിജൻ സംഭാവന ചെയ്യുന്നതും സമുദ്രങ്ങളും ജലവുമാണ്.

അതിലെല്ലാമുപരി

പ്രത്യേകിച്ച് സ്ത്രീകൾ

ഒരു മണിക്കൂറെങ്കിലും വെള്ളത്തിൽ മുങ്ങി കിടക്കേണ്ടതുണ്ട്.

കാരണം പുരുഷന്മാരുടെ ലൈംഗിക അവയവങ്ങൾ പുറത്തേക്ക് തള്ളിയവ ആയിരിക്കുമ്പോൾ സ്ത്രീകളുടെ ഗുഹ്യ അവയവങ്ങൾ ശരീരത്തോട് ചേർന്ന് ആയതിനാൽ അവയ്ക്ക് ജലം ഏറെ ആവശ്യമുണ്ട്.

വെള്ളത്തിൽ കിടക്കാത്തതിനാൽ ആകാം urinrary infection അടക്കമുള്ള രോഗങ്ങൾ ഇന്നത്തെ സ്ത്രീകളുടെ സ്വാഭാവിക അവസ്ഥ എന്ന പോലെ ആയത്.

ആയതിനാൽ,

സർവ്വ രാജ്യ സ്ത്രീകളേ, കുളിമുറികളിലെ ഒരു കപ്പ് ക്ലോറിൻ വെള്ളത്തിൽ നിന്നും പുറത്തിറങ്ങൂ.

സ്വതന്ത്ര്യമാകൂ.

മറിയം കുളം.

ഇത് ലോകത്തിന് മുഴുവനുമുള്ള സന്ദേശവും മാതൃകയുമാണ്.

കേരളത്തിലെമ്പാടുമെങ്കിലും പഞ്ചായത്തുകൾ ഇതേറ്റെടുക്കണം.

ജലസംരക്ഷണ ഫണ്ടുകൾ വിനിയോഗിക്കപ്പെടാതെയും വകമാറ്റിയും ധൂർത്തടിച്ചും കളയുന്നതിന് പകരം ഓരോ വാർഡിലും ഒരു കുളമെങ്കിലും പണിത് കൂടെ?

ഇതിന് ഒരു അധിക ബാധ്യതയും പഞ്ചായത്തുകൾക്ക് വരില്ല.

ജനകീയാസൂത്രണത്തിന്റെ മറവിൽ സകല കുളങ്ങളും സിമന്റ് കെട്ടി വെള്ളത്തിന്റെ filteration ഇല്ലാതാക്കി വെള്ളം കെട്ടി നിൽക്കുന്നതാക്കി അഴുക്ക് വെള്ളം നിറച്ച് ഉപയോഗ ശൂന്യമാക്കിയ പോലാകരുത്.

ഒപ്പം കുളത്തിൽ അലക്കും സോപ്പും എണ്ണയും അനുവദിക്കുകയും ചെയ്യരുത്.

നന്ദി നാസറേട്ടാ,

മലയാളിയെ കുളം എന്ത് എന്ന് പഠിപ്പിച്ചതിന്.

ഇതാണ് കുളം.

വിരാമതിലകം:

ഇതുമായി താരതമ്യം പോലും സാധിക്കില്ല എങ്കിലും ഈ വിനീതന്റെ ചെറിയ കുളത്തിന് ചുറ്റും ധാരാളം ചിത്ര ശലഭങ്ങളും തുമ്പികളും തവളകളും വിഷമില്ലാത്ത പാമ്പുകളും എല്ലാ നേരവുംകാണാം.

തുമ്പികൾക്ക് മുട്ടയിടാൻ ആഴം കുറഞ്ഞ തെളിഞ്ഞ ജലാശയം വേണമെന്നതിനാലാണ് അവ ഇവിടം പാർപ്പിടമാക്കിയത് എന്ന് പിന്നീടാണ് മനസ്സിലായത്.

പലയിനം ചിത്രശലഭങ്ങളും കുഴിയാനകളും എല്ലാമായി ഒരു കൊച്ച് ഇടത്ത് ഇത്രയും ജൈവ വൈവിധ്യം സാധിച്ചതിൽ ആ കുഞ്ഞു കുളം ആണ് കാരണം.

ഒരു തുമ്പി നൂറോളം കൊതുകുകളെ തിന്നും. പറക്കുന്ന കൊതുകുകളെ തിന്നാൻ തുമ്പിക്ക് മാത്രമേ കഴിയൂ.

അപ്പോ ധൈര്യമായി പറഞ്ഞോളൂ,

കുളം ഒരു വരമാണ്.

Advertisment