Advertisment

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളെ മത്സരിപ്പിക്കാനൊരുങ്ങി സി പി എം നീക്കം. മുഖ്യമന്ത്രിയുടെ ദൂതനായി മന്ത്രി ജയരാജൻ ഇന്ന് കുടുംബാംഗങ്ങളെ കാണും ! സ്ഥാനാർഥി പാർട്ടിയിൽ നിന്ന് വേണമെന്ന് എൻ സി പി. കെ ജെ ജോസ്‌മോനും സലിം പി മാത്യുവും പരിഗണനയിൽ !

New Update

കൊച്ചി:  തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിൽ ഉപതെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ചർച്ചകളുമായി സി പി എം രംഗത്ത്. തോമസ് ചാണ്ടിയുടെ ഭാര്യ മേഴ്സിക്കുട്ടിയെയോ മക്കളിലാരെയെങ്കിലുമോ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നതിനുള്ള സാധ്യതകൾ ആരായാൻ മന്ത്രി ഇ പി ജയരാജൻ ഇന്ന് തോമസ് ചാണ്ടിയുടെ വസതിയിലെത്തി ചർച്ച നടത്തിയേക്കും.

Advertisment

മുഖ്യമന്ത്രി പിണറായി വിജയൻറെ ദൂതനായാണ് ജയരാജൻ തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളെ കാണുക എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ നീക്കത്തോട് എൻ സി പി നേതൃത്വത്തിന് കാര്യമായ താല്പര്യമില്ല. പകരം പാർട്ടിയുടെ യുവ നേതാക്കളിലൊരാളെ ഇവിടെ മത്സരിപ്പിക്കാനാണ് എൻ സി പി നേതൃത്വത്തിന് താല്പര്യം.

publive-image

എൻ സി പി ദേശീയ സെക്രട്ടറി കെ ജെ ജോസ്മോൻ, പാർട്ടി നേതാവും തോമസ് ചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന സലിം പി മാത്യു എന്നിവരുടെ പേരുകളാണ് പാർട്ടി മുന്നോട്ട് വയ്ക്കുന്നത്.

എന്നാൽ തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള സഹതാപ തരംഗം വോട്ടാക്കി മാറ്റാനാണ് സി പി എമ്മിന്റെ തന്ത്രം. അത് എത്രത്തോളം ജനങ്ങൾക്ക് സ്വീകാര്യമായിരിക്കും എന്നത് സംബന്ധിച്ച വിലയിരുത്തലുകൾക്കുകൂടി ശേഷമായിരിക്കും മുന്നണിയുടെ അന്തിമ തീരുമാനം പുറത്തുവരിക.

റെഡ്ക്രോസിന്റെ പത്തനംതിട്ട ജില്ലാ ചെയർമാനായ സലിം പി മാത്യു തോമസ് ചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരുന്നു. എന്നാൽ ആലപ്പുഴയിലോ കുട്ടനാട്ടിലോ അദ്ദേഹത്തിന് കാര്യമായ ബന്ധങ്ങളില്ല.

നേതാവ് മരിച്ചപ്പോൾ സ്റ്റാഫ് അംഗത്തെ സ്ഥാനാർഥിയാക്കിയെന്ന ആക്ഷേപം ഉയരുമോയെന്ന ഭയവും സലിം പി മാത്യുവിന്റെ കാര്യത്തിൽ എൻ സി പി നേതൃത്വത്തിനുണ്ട്.

എന്നാൽ പാതി കുട്ടനാട്ടുകാരനായ കെ ജെ ജോസ്മോൻ പാർട്ടി ദേശീയ സെക്രട്ടറി എന്ന നിലയിൽ ശരത് പവാറിന്റെ അടുത്ത അനുയായിയാണ്‌. നേതൃത്വത്തിലിരിക്കുന്ന എൻ സി പി നേതാക്കളിൽ ഏറ്റവും പ്രായം കുറഞ്ഞ നേതാവും ജോസ്മോൻ ആണ്. ഓയിൽ പാം ഇന്ത്യയുടെ മുൻ ഡയറക്ടറായിരുന്നു.

പാലായിൽ മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് നേരിട്ട് ചുക്കാൻ പിടിച്ച നേതാവെന്ന നിലയിൽ സംസ്ഥാന നേതൃത്വത്തിനും ഇടതുമുന്നണിക്കും സ്വീകാര്യനാണ് ജോസ്മോൻ.

പക്ഷെ, സി പി എം നോക്കുന്നത് വോട്ട് ബാങ്കാണ്. മുന്നണിക്കപ്പുറമുള്ള വോട്ട് ബാങ്കുകളെ സ്വാധീനിക്കാൻ സലിം പി മാത്യുവിനോ ജോസ്മോനോ കഴിയുമോ എന്നതാണ് സി പി എമ്മിന്റെ ചോദ്യം.

അതിനു പരിഹാരമായാണ് തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളിലേക്ക് ചർച്ചകൾ നീളുന്നത്. എന്നാൽ ഇത് കുടുംബവാഴ്ചയായി വ്യാഖ്യാനിക്കപ്പെടുമെന്നതാണ് പ്രധാന ആക്ഷേപം.

മാത്രമല്ല, എൻ സി പിയെ സംബന്ധിച്ച് അവരുടെ പരമ്പരാഗത പാർട്ടി അനുഭാവി ആയിരുന്നില്ല തോമസ് ചാണ്ടി. കെ കരുണാകരന്റെ ഒപ്പം കോൺഗ്രസിൽ നിന്നും എൻ സി പിയിലെത്തിയ നേതാവാണ് തോമസ് ചാണ്ടി.

അതിനാൽ തന്നെ അദ്ദേഹത്തിന്റെ പിന്തുടർച്ച കുടുംബത്തിൽ നിന്നുവേണ്ട പാർട്ടിയിൽ നിന്നാകണം എന്നാണു നേതാക്കളുടെ ആഗ്രഹം. എന്തായാലും സി പി എമ്മിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമായിരിക്കും.

Advertisment