Advertisment

കുട്ടനാടിന് മുമ്പ് സംസ്ഥാന പ്രസിഡന്റ് പദവിക്കായി എൻ സി പിയിൽ ചർച്ച തുടങ്ങി. പീതാംബരൻ മാസ്റ്ററും ശശീന്ദ്രനും പരിഗണനയിൽ ! മന്ത്രിസ്ഥാനത്തിനായി മാണി സി കാപ്പനും ! പ്രതിസന്ധികൾ വിട്ടുമാറാതെ എൻ സി പി !

New Update

കൊച്ചി:  തോമസ് ചാണ്ടി എം എൽ എയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിലേക്ക് സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ ആരംഭിക്കും മുമ്പ് എൻ സി പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾക്ക് തുടക്കം.

Advertisment

ഉപതെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി അധ്യക്ഷ സ്ഥാനത്ത് തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുന്നതിലാണ് മുൻഗണനയെന്നാണ് എൻ സി പി നേതൃത്വം നൽകുന്ന സൂചന.

publive-image

മന്ത്രി എ കെ ശശീന്ദ്രന് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കും കണ്ണുണ്ട്. മന്ത്രിസ്ഥാനം മാണി സി കാപ്പനുമായി പങ്കിടേണ്ടി വന്നാൽ പകരം പാർട്ടി അധ്യക്ഷ പദവി കൈയ്യിൽ വേണമെന്നതാണ് ശശീന്ദ്രന്റെ നിലപാട്. തോമസ് ചാണ്ടിയുടെ ഒഴിവിൽ പുതിയൊരാളെ നിയമിച്ചാൽ പിന്നെ അധ്യക്ഷ പദവി ഏറ്റെടുക്കൽ എളുപ്പമായിരിക്കില്ലെന്ന് ശശീന്ദ്രനറിയാം.

എന്നാൽ ദേശീയ നേതൃത്വത്തിന് താല്പര്യം അഖിലേന്ത്യാ നേതാവ് ടി പി പീതാംബരൻ മാസ്റ്ററെ സംസ്ഥാന പ്രസിഡന്റാക്കാനാണ്. പീതാംബരൻ മാസ്റ്റർക്കും അക്കാര്യത്തിൽ താല്പര്യമുണ്ട്. മാണി സി കാപ്പന്റെയും നിലപാട് പീതാംബരൻ മാസ്റ്റർക്ക് അനുകൂലമാണ്. കേരളത്തിൽ നിന്നുള്ള ദേശീയ സെക്രട്ടറി കെ ജെ ജോസ്‌മോൻറെ നിലപാടും ഇക്കാര്യത്തിൽ നിർണ്ണായകമാണ്.

എന്നാൽ എൻ സി പി സംസ്ഥാന ഘടകത്തിൽ ശശീന്ദ്രൻ പക്ഷത്തിന് നിർണ്ണായക സ്വാധീനമുണ്ട്. പക്ഷെ, സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടി വന്നാൽ മന്ത്രിസ്ഥാനം മാണി സി കാപ്പന് വച്ചുമാറാൻ എ കെ ശശീന്ദ്രൻ നിർബന്ധിതനാകും.

അതുകൊണ്ടുതന്നെ പ്രസിഡന്റ് സ്ഥാനത്തിനായി എത്രത്തോളം സമ്മർദ്ദം ശശീന്ദ്രന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് കണ്ടറിയണം. രണ്ടു പദവികളും ഒന്നിച്ചു വഹിക്കാനുള്ള പിന്തുണ പാർട്ടിയിൽ ശശീന്ദ്രനില്ല. മാത്രമല്ല മന്ത്രി സ്ഥാനത്ത് തുടരാനാണ് അദ്ദേഹത്തിന് താല്പര്യം.

അതേസമയം കുട്ടനാട് സീറ്റിനെ ചൊല്ലിയും എൻ സി പിയിൽ തർക്കം മുറുകുകയാണ്. അന്തരിച്ച നേതാവിന്റെ മൃതദേഹത്തിന്റെ ചൂടാറും മുമ്പ് അദ്ദേഹത്തിന്റെ ബന്ധുക്കളിൽ ചിലരും മുൻ പേഴ്‌സണൽ സ്റ്റാഫംഗവും സിറ്റിങ് അവകാശവാദമുന്നയിച്ചത് എൻ സി പിയിൽ വിവാദമായിട്ടുണ്ട്.

അധ്യക്ഷ പദവിയ്ക്കും കുട്ടനാട് ഉപതെരഞ്ഞെടുപ്പിനും പിന്നാലെ മന്ത്രി പദവി വീതം വയ്ക്കലും എൻ സി പിയിലെ പുതിയ തലവേദനയാണ്. എ കെ ശശീന്ദ്രനും തോമസ് ചാണ്ടിയും ഒന്നര വർഷം വീതം മന്ത്രി പദവി വീതം വയ്ക്കാൻ പാർട്ടിയിൽ ധാരണ ഉണായിരുന്നതായാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ നിലപാട്.

ഹണി ട്രാപ്പിൽ കുടുങ്ങി ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ 10 മാസത്തോളം തോമസ് ചാണ്ടി മന്ത്രിയായിരുന്നു. വീണ്ടും ഭൂമി കയ്യേറ്റ വിവാദത്തെ തുടർന്ന് തോമസ് ചാണ്ടി രാജിവച്ചപ്പോൾ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തിരികെയെത്തുകയായിരുന്നു. എന്നാൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനം വഹിച്ച 10 മാസത്തിനു ശേഷമുള്ള കാലയളവ് മാണി സി കാപ്പന് കൊടുക്കണമെന്നതാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

എന്നാൽ പോലും ഒന്നര വർഷത്തിലേറെ കാലയളവ് ശശീന്ദ്രന് മന്ത്രിപദവി ലഭിച്ചിട്ടുണ്ട്. അതിനാൽ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് മാണി സി കാപ്പൻ തയാറായേക്കില്ല.

ചെറിയൊരു കാലയളവിനുള്ളിൽ രണ്ടു പാർട്ടി അധ്യക്ഷന്മാരുടെ മരണവും പകരക്കാരെ തെരഞ്ഞെടുക്കലും രണ്ടു മന്ത്രിമാരുടെ രാജിയും പകരക്കാരെ നിയമിക്കലും രണ്ട് ഉപതെരഞ്ഞെടുപ്പുകളും നേരിടുകയാണ് കേരളത്തിലെ എൻ സി പി.

kuttanadu
Advertisment