Advertisment

കുട്ടനാട് സീറ്റ് 'വാങ്ങാനുള്ള' തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന്റെ മോഹം പൊളിയുന്നു ! കുടുംബ വാഴ്ചയ്ക്കെതിരെ സി പി എമ്മിന്റെ മുന്നറിയിപ്പ് ! സ്ഥാനാർഥി പാർട്ടിയിൽ നിന്നാകണമെന്ന് 9 എൻ സി പി ജില്ലാ പ്രെസിഡന്റുമാർ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടും !

New Update

കുട്ടനാട്:  ഉപതെരഞ്ഞെടുപ്പിൽ തോമസ് ചാണ്ടിയുടെ പിൻഗാമിയായി എൻ സി പി സ്ഥാനാർഥിയായി മത്സരിക്കാനുള്ള അദ്ദേഹത്തിൻറെ സഹോദരൻ തോമസ് കെ തോമസിന്റെ നീക്കം പൊളിയുന്നു.

Advertisment

എൻ സി പിയിലും സി പി എമ്മിലും തോമസ് കെ തോമസിന്റെ സ്ഥാനാർഥിത്വത്തിനെതിരെയുള്ള നീക്കം ശക്തമായതോടെ അദ്ദേഹത്തിനുള്ള സാധ്യത മങ്ങുകയാണ്.

publive-image

തോമസ് കെ തോമസിന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻ സി പിയുടെ 9 ജില്ലാ പ്രസിഡന്റുമാർ ഒപ്പിട്ട കത്ത് ഉടൻ ദേശീയ നേതൃത്വത്തിന് കൈമാറും.

എൻ സി പിയുടെ 14 ജില്ലാ പ്രസിഡന്റുമാരിൽ ഒരാൾ പദവി ഒഴിയാൻ താത്പര്യം അറിയിച്ച് മാറി നിൽക്കുന്നയാളും മറ്റൊരാൾ വിദേശത്തുമാണ്. ബാക്കി 3 പേര് നിവേദനത്തിൽ ഒപ്പിട്ടില്ലെങ്കിലും നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്ററുമായി തോമസ് കെ തോമസ് ചില രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയ ശേഷം മാസ്റ്റര്‍ അദ്ദേഹത്തിൻറെ സ്ഥാനാർഥിത്വത്തോട് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്.

എം എൽ എമാരിൽ മാണി സി കാപ്പനും തോമസ് കെ തോമസിനോടാനാണ് താല്പര്യം. എന്നാൽ മന്ത്രി എ കെ ശശീന്ദ്രൻ സ്ഥാനാർഥി പാർട്ടിയിൽ നിന്ന് വേണമെന്ന അഭിപ്രായക്കാരനാണ്. പാർട്ടിയിലെ ബഹുഭൂരിപക്ഷവും ആ അഭിപ്രായത്തെയാണ് പിന്തുണയ്ക്കുന്നത്.

അതിനിടെ ചില 'താല്പര്യങ്ങൾ' പരിഗണിച്ച് തോമസ് കെ തോമസിനെ സ്ഥാനാർഥിയാക്കാൻ ഇറങ്ങിത്തിരിച്ച പീതാംബരൻ മാസ്റ്റർക്കും മാണി സി കാപ്പനും സി പി എമ്മിന്റെ നിലപാട് തിരിച്ചടിയായി.

publive-image

കുട്ടനാട് സീറ്റിൽ തോമസ് ചാണ്ടിയുടെ സഹോദരനെ പരിഗണിക്കണം എന്നാവശ്യപ്പെട്ട് കുടുംബം നൽകിയ കത്ത് ഇവർ മുഖ്യമന്ത്രിക്ക് കൈമാറാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല.

അത്തരം കത്തുകളൊന്നും പ്രസക്തമായ കാര്യമല്ലെന്നും എൻ സി പി സ്ഥാനാർത്ഥിയെ തീരുമാനിച്ച് അറിയിക്കാനുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  പീതാംബരൻ മാസ്റ്ററും മന്ത്രി ശശീന്ദ്രനും മാണി സി കാപ്പനുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

ഈ സന്ദർശനം കഴിഞ്ഞു മണിക്കൂറുകൾക്കകമാണ് സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ തോമസ് കെ തോമസിന്റെ സ്ഥാനാർഥിത്വത്തോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.

ആരുടേയും കുടുംബത്തിൽ നിന്നുള്ള കത്ത് നോക്കി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന പതിവ് ഇടത് മുന്നണിക്കില്ലെന്നും കുടുംബത്തിന്റെ പിന്തുടർച്ചാവകാശമായി സീറ്റ് നൽകുന്നത് ഇടത് പാരമ്പര്യമല്ലെന്നുമായിരുന്നു നാസറിന്റെ പ്രതികരണം.

publive-image

മുഖ്യമന്ത്രിക്ക് കത്തെഴുതിയാൽ സ്ഥാനാർത്ഥിയാകുമെന്ന് ആരും കരുതേണ്ടെന്നും നാസർ തോമസ് കെ തോമസിന് മറുപടിയായി പറഞ്ഞു.

ഇതോടെ സ്ഥാനാർഥി തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകാനുള്ള സാധ്യത മങ്ങുകയാണ്. പാർട്ടിയിൽ നിന്ന് പരിഗണിക്കുന്ന പേരുകളിൽ പ്രധാനം സംസ്ഥാന സെക്രട്ടറി സലിം പി മാത്യുവിന്റേതാണ്.

എന്നാൽ അദ്ദേഹം കുട്ടനാട്ടിൽ ഏറ്റവും കുറവായ ക്രിസ്ത്യൻ സി എസ് ഐ വിഭാഗത്തിൽ നിന്നാണെന്നത് അദ്ദേഹത്തിന് തിരിച്ചടിയായേക്കാം. കുട്ടനാട്ടിലെ പ്രബല സമുദായങ്ങൾ ഈഴവയും റോമൻ കത്തോലിക്കരുമാണ്.

സ്ഥാനാർഥി റോമൻ കത്തോലിക്കാ വിഭാഗത്തിൽനിന്ന് ഉണ്ടാകണമെന്ന് സി പി എമ്മിന് താല്പര്യമുണ്ട്. അങ്ങനെയെങ്കിൽ എൻ സി പി ദേശീയ സെക്രട്ടറിയും യുവ നേതാവുമായ കെ ജെ ജോസ്‌മോനെ പരിഗണിച്ചേക്കും. ജോസ്മോൻ ചങ്ങനാശേരി അതിരൂപതാംഗമാണ്.

ഇതിനിടെ മുഖ്യമന്ത്രിയുടെ പേര് സീറ്റ് ലഭിക്കാനായി ദുരുപയോഗം ചെയ്യരുതെന്ന് മന്ത്രി ജി സുധാകരൻ തോമസ് കെ തോമസിനോട് പറഞ്ഞതായും സൂചനയുണ്ട്. കുട്ടനാട്ടില്‍ ചില പരിപാടികളില്‍ പങ്കെടുത്ത് തോമസ്‌ ചാണ്ടി തുടങ്ങിവച്ച പദ്ധതികള്‍ താന്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

kuttanadu
Advertisment