Advertisment

കുട്ടനാട്: പി ജെ ജോസഫിന്റെ പ്രസ്താവന അവ്യക്തത സൃഷ്ടിച്ചു ? കേരളാ കോൺഗ്രസുകളുമായി നിശ്ചയിച്ച യു ഡി എഫ് ചർച്ച അടുത്തയാഴ്ചത്തേക്ക് മാറ്റി ! ജോസഫുമായി രണ്ടിനും ജോസുമായി ഏഴിനും കോൺഗ്രസ് കൂടിക്കാഴ്ച !

New Update

കൊച്ചി:  കുട്ടനാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കേരളാ കോൺഗ്രസ് വിഭാഗങ്ങളുമായി ഇന്ന് കൊച്ചിയിൽ തീരുമാനിച്ചിരുന്ന ഉഭയകക്ഷി ചർച്ചകൾ മാറ്റിവച്ചു.

Advertisment

കേരളാ കോൺഗ്രസ് കക്ഷി നേതാക്കളായ പി ജെ ജോസഫുമായും ജോസ് കെ മാണിയുമായും ഇന്ന് കൊച്ചിയിൽ ചർച്ച നടത്താനായിരുന്നു ധാരണയെങ്കിലും ജോസ് കെ മാണിയും ചില കോൺഗ്രസ് നേതാക്കളും അസൗകര്യം അറിയിച്ചതോടെ ചർച്ച മാറ്റുകയായിരുന്നു.

publive-image

29 ന് താനുമായി മാത്രമാണ് ചർച്ചയെന്നും ജോസ് കെ മാണിക്കും കൂട്ടർക്കും കുട്ടനാട് സീറ്റിൽ ഒരു കാര്യവുമില്ലെന്നുമായിരുന്നു പി ജെ ജോസഫിന്റെ നിലപാട്. യു ഡി എഫ് ജോസിനെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും പി ജെ ജോസഫ് പറഞ്ഞിരുന്നു.

ഇതിൽ ജോസ് കെ മാണി കോൺഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇതോടെ 29 ലെ ചർച്ച മാറ്റിവയ്ക്കാൻ യു ഡി എഫ് തീരുമാനിക്കുകയായിരുന്നു. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള നേതാക്കൾ ഇന്ന് അസൗകര്യവും അറിയിച്ചിരുന്നു.

ഇതോടെ മാർച്ച് രണ്ടിന് ജോസഫുമായും ഏഴാം തീയതി ജോസ് കെ മാണിയുമായും കൂടിക്കാഴ്ച നടത്താനാണ് യു ഡി എഫ് തീരുമാനം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സമ്മേളനത്തിനിടെ കോൺഗ്രസ് നേതാക്കളും ജോസഫ് വിഭാഗവും കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനാൽ ജോസ് കെ മാണി ഞായറാഴ്ച ഡൽഹിക്ക് പോകും. ശനിയാഴ്ച രാവിലെയേ അദ്ദേഹം വീണ്ടും കൊച്ചിയിലെത്തുകയുള്ളൂ.

ഇതിനിടെ കേരളാ കോൺഗ്രസ് പിളർപ്പ് സംബന്ധിച്ച കേസിൽ ഇലക്ഷൻ കമ്മീഷനിൽ വിസ്താരം പൂർത്തിയായ സാഹചര്യത്തിൽ അടുത്തയാഴ്ച വിധിയുണ്ടാകും എന്നാണു പ്രതീക്ഷ.

publive-image

ഇലക്ഷൻ കമ്മീഷൻ വിധി വന്നശേഷം ചർച്ചയാകാം എന്നതാണ് ജോസ് വിഭാഗത്തിന്റെ നിലപാട്. എന്നാൽ ഈ വിധിക്ക് മുൻപ് യു ഡി എഫുമായി ധാരണയിലെത്തണം എന്നായിരുന്നു ജോസഫിന്റെ നിലപാട്. അത് തൽക്കാലം നടക്കില്ലെന്നുറപ്പായി.

മാത്രമല്ല ഇലക്ഷൻ കമ്മീഷന്റെ തീർപ്പ് കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ കേരളാ കോൺഗ്രസ് വിഭാഗങ്ങൾക്ക് നിർണ്ണായകമാകും.

അതേസമയം, കേരളാ കോൺഗ്രസുകളെ അനുനയിപ്പിച്ച് കുട്ടനാട് സീറ്റ് പിടിച്ചെടുക്കാനാണ് കോൺഗ്രസിന്റെ നീക്കം. കേരളാ കോൺഗ്രസിന് സീറ്റ് അനുവദിച്ചാൽ പാലാ ആവർത്തിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

മാത്രമല്ല, കേരളാ കോൺഗ്രസ് (മാണി) വിഭാഗങ്ങൾക്ക് കുട്ടനാട് പഴയ ശക്തി ഇപ്പോഴില്ലെന്നതും സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നു.

സീറ്റ് ആവശ്യപ്പെട്ട് ശക്തമായി രംഗത്തുള്ള ജോസഫ് വിഭാഗത്തിന് മണ്ഡലത്തിൽ 200 പ്രവർത്തകർ പോലുമില്ലെന്നതാണ് കണ്ടെത്തൽ. ജോസ് കെ മാണി വിഭാഗത്തിന് 1500 പേരിൽ കൂടുതൽ ഉണ്ടാകില്ലെന്നും കോൺഗ്രസ് കരുതുന്നു. ഇത്രയും ശുഷ്കമായ പ്രവർത്തക പങ്കാളിത്തമുള്ള പാർട്ടികൾക്ക് സീറ്റ് അനുവദിക്കുന്നതിനെതിരെ കോൺഗ്രസിലും എതിർപ്പുണ്ട്.

kuttanadu
Advertisment