Advertisment

ചെന്നിത്തലയ്ക്ക് പിന്നാലെ പ്രതിപക്ഷ എം എല്‍ എമാരും ലോക കേരള സഭയില്‍ നിന്നും രാജിക്കൊരുങ്ങുന്നതായി സൂചന

New Update

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവിന് പിന്നാലെ പ്രതിപക്ഷ എം എല്‍ എമാരും ലോക കേരള സഭാംഗത്വം രാജിവയ്ക്കാന്‍ ഒരുങ്ങുന്നു. മടങ്ങി വരുന്ന പ്രവാസികളോടുള്ള സര്‍ക്കാരിന്റെ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.  കണ്ണൂരില്‍ സാജന്‍ എന്ന പ്രവാസി 16 കോടി മുതല്‍മുടക്കി ആരംഭിച്ച പാര്‍ത്ത കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യം കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം ലോക കേരള സഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു.

Advertisment

publive-image

ഇതിനുപിന്നാലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലോക കേരള സഭാംഗങ്ങളും രാജിവച്ചിരുന്നു. കണ്ണൂരില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടത് സര്‍ക്കാരിന്റെയോ ഭരണകക്ഷി സംഘടനകളുടെയോ എതിര്‍പ്പ് മൂലം നിരവധി പ്രവാസികളുടെ സംരംഭങ്ങള്‍ ആണ് പണം മുടക്കിയിട്ടും തുറക്കാനാകാതെ പ്രതിസന്ധി ഘട്ടത്തിലുള്ളത്.

സാജന് മുമ്പേ പത്തനാപുരത്ത് സുഗതന്‍ എന്ന പ്രവാസിയും ആത്മഹത്യ ചെയ്തിരുന്നു. കോഴിക്കോട് വേങ്ങരയില്‍ റെജി ഭാസ്കര്‍ എന്ന കുവൈറ്റ് മലയാളി സ്ഥാപിച്ച സര്‍വീസ് സെന്‍ററും സി പി എം അനുഭാവികളുടെ എതിര്‍പ്പ് മൂലം തുറന്നു പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയിലാണ്. റാന്നി പഴവങ്ങാടിയില്‍ മറ്റൊരു കുവൈറ്റി മലയാളി ആരംഭിക്കുന്ന സംരംഭത്തിനും പഞ്ചായത്ത് അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇത്തരം നിരവധി പരാതികളാണ് പ്രവാസി മലയാളികളുടെതായി ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ പ്രവാസി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ പ്രവാസികള്‍ക്കെന്ന ആരംഭിച്ച ലോക കേരള സഭയുമായി സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.  ലോക കേരള സഭ നിലവില്‍ വന്നിട്ട് 2 വര്‍ഷമായിട്ടും പ്രവാസികള്‍ക്കായി ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല. ഇത്തരം വിഷയങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ൦ ഒന്നടങ്കം ലോക കേരള സഭയില്‍ നിന്നും ഒഴിവാകുന്നത്.

Advertisment