കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ മണ്ഡലമായ വയനാട്ടില്‍ കണ്ണുംവച്ച് നേതാക്കളുടെ ചുരംകയറ്റം ! ടി സിദ്ദിഖ് മുതല്‍ എം എം ഹസ്സന്‍ വരെ പട്ടികയില്‍ !

ന്യൂസ് ബ്യൂറോ, വയനാട്
Thursday, December 6, 2018

വയനാട്:  അടിവാരത്ത് നിന്നും കോഴിക്കോട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന 12 കിലോമീറ്റര്‍ വയനാട് ചുരം കയറാന്‍ കഠിനമായ 9 ഹെയര്‍പിന്നുകള്‍ താണ്ടണം.  ചുരം അവസാനിക്കുന്നത് വയനാട് ജില്ലയിലെ ലക്കിടിയിലാണ്. അപ്പോഴേക്കും സമുദ്രനിരപ്പില്‍ നിന്നും 2625 അടി മുകളിലെത്തിയിരിക്കും.  മേഘങ്ങളും കോടമഞ്ഞും താണ്ടി വനഭംഗിയും ആസ്വദിച്ച് പിന്നെയെത്തുന്നത് കല്‍പ്പറ്റയിലെക്കാണ്.

വയനാട് ലോക്സഭാ മണ്ഡലത്തിന്റെ തലസ്ഥാനമെന്നാണ് കല്‍പ്പറ്റ വിശേഷിപ്പിക്കപ്പെടുന്നത്.  കോഴിക്കോട് നിന്നും ഇവിടെയെത്താന്‍ അനുഭവിക്കേണ്ടിവരുന്ന ദൂരവും പ്രയാസവും പോലെ തന്നെയാണ് യു ഡി എഫിനെ സംബന്ധിച്ചിടത്തോളം ഇനി ഇവിടെയൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തുകയെന്നത്.  ദക്ഷിണേന്ത്യയില്‍ തന്നെ കോണ്‍ഗ്രസിന് അനായാസ വിജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്ന്‍.

അതിനാല്‍ തന്നെ പണം എറിഞ്ഞാലും വിജയം ഉറപ്പുള്ള ഈ മണ്ഡലത്തെ മോഹിക്കാത്ത സ്ഥാനാര്‍ഥികള്‍ വിരളമായിരിക്കും. അങ്ങനെ ഒരിക്കല്‍ വയനാട് ചുരം കയറിയെത്തിയ എം ഐ ഷാനവാസ് ഇന്ന് നമ്മോടൊത്തില്ല. അതിനാല്‍ തന്നെ പുതിയൊരു സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ നിന്നുതന്നെ ഉണ്ടാകണം. അതിനുള്ള ചരടുവലികളാണ് കോണ്‍ഗ്രസില്‍ ഇന്ന് സജീവമായി നടക്കുന്നത്.

എം ഐ ഷാനവാസ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായത് മുതല്‍ വയനാട് സീറ്റിനെച്ചൊല്ലിയുള്ള വടംവലി കോണ്‍ഗ്രസില്‍ ആരംഭിച്ചതാണ്.  അനായാസ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തെ ഇത്തവണ നോട്ടമിട്ടിരിക്കുന്നതില്‍ ഒന്നാമന്‍ മണ്ഡലത്തിലകപ്പെടുന്ന കോഴിക്കോടിന്റെ ഡി സി സി അധ്യക്ഷനായ ടി സിദ്ദിഖ് തന്നെയാണ്.

പാര്‍ട്ടിയിലെ താരത്തിളക്കമുള്ള നേതാവായിട്ടും ഇന്നേവരെ സാധ്യതയുള്ള ഒരു മണ്ഡലം കോണ്‍ഗ്രസ് പാര്‍ട്ടി സിദ്ദിഖിന് നല്‍കിയിട്ടില്ല. സ്വാഭാവികമായും മണ്ഡലത്തില്‍ സ്വാധീനമുള്ള യുവനേതാവെന്ന പരിഗണന സിദ്ദിഖിന് അനുകൂലമാകേണ്ടതാണ്.

എന്നാല്‍ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ എം എം ഹസ്സനും ഇപ്പോള്‍ ശ്രമിക്കുന്നത് വയനാടിനു വേണ്ടിയാണ്. മറ്റൊരിടതത്തും സാധ്യതയില്ലാത്ത ഹസ്സന് വയനാട് ഒരുകൈ നോക്കണമെന്ന ആഗ്രഹം തലയില്‍ കയറിട്ട് ദിവസങ്ങളായി.

കെ പി സി സി അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് കിട്ടിയില്ല. പകരം രാജ്യസഭയിലും സാധ്യതയുണ്ടായില്ല.  മുന്‍ കെ പി സി സി അധ്യക്ഷനെന്ന നിലയില്‍ വയനാട്ടിലെങ്കിലും തന്നെ പരിഗണിക്കണമെന്നാണ് ഹസ്സന്റെ ആവശ്യം.

വയനാട്ടില്‍ നോട്ടമിട്ടിരിക്കുന്ന മറ്റൊരാള്‍ ഷാനിമോള്‍ ഉസ്മാനാണ്. വനിതാ / ന്യൂനപക്ഷ പരിഗണനകളാണ് ഷാനിമോളുടെ അവകാശവാദം. പാര്‍ട്ടിക്ക് സാധ്യതയുള്ളതല്ലാതെ സ്വന്തം നിലയില്‍ സാധ്യതകളുള്ള മണ്ഡലങ്ങള്‍ ഇല്ലാത്ത നേതാവാണ്‌ ഷാനിമോളും.

അതേസമയം എം ഐ ഷാനവാസ് ഒഴിവായ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാനിമോളെ പരിഗണിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്.  നിലവില്‍ കെ പി സി സി തലപ്പത്ത് ന്യൂനപക്ഷ / വനിതാ പ്രാതിനിധ്യം ഇല്ലെന്നത് ഷാനിമോള്‍ക്ക് ഗുണം ചെയ്തേക്കാം.  അങ്ങനെ വന്നാല്‍ ലോകസഭയിലേക്ക് വീണ്ടും ഷാനിമോള്‍ക്ക് പരിഗണന ഉണ്ടാകില്ല.

അതേസമയം, ഇടത് മുന്നണിയും വയനാട്ടില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. കൃത്യമായി പേരുകള്‍ വച്ചുള്ള ചര്‍ച്ചകള്‍ മുന്നണിയില്‍ ആരംഭിച്ചിട്ടുമില്ല.

×