Advertisment

2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍, 3 സിറ്റിംഗ് എംപിമാരുടെ മണ്ഡലങ്ങളില്‍ പാനല്‍, ഘടക കക്ഷികളുടെ സീറ്റുകളില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസിന്റെ ഉറപ്പ്, സീറ്റ് ചര്‍ച്ച ഇന്ന് മുതല്‍ ഡല്‍ഹിയില്‍. നേതാക്കള്‍ എത്തിത്തുടങ്ങി ! ലീഗ് സീറ്റുകളില്‍ മാറ്റങ്ങളുണ്ടാകാം. കോട്ടയത്ത് പുതുമുഖം 

author-image
ജെ സി ജോസഫ്
Updated On
New Update

publive-image

Advertisment

ഡല്‍ഹി:  ഫെബ്രുവരിയില്‍ സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്റ് അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ നടക്കും.

ചര്‍ച്ചയ്ക്കായി കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, പ്രചരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എന്നിവരാണ് ഇന്ന് ഡല്‍ഹിയിലെത്തുക. ഉമ്മന്‍ചാണ്ടി ഇത്തവണ ഡല്‍ഹിയിലെത്തില്ല. പകരം ടെലി കോണ്‍ഫറന്‍സിലൂടെ നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുമായും ചര്‍ച്ച നടത്തും.

publive-image

വി ഡി സതീശന്‍ ചാലക്കുടിയില്‍

3 ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളില്‍ നിലവിലുള്ള എം പിമാര്‍ക്ക് വീണ്ടും മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്ന ആവശ്യമാണ്‌ കോണ്‍ഗ്രസ് നേതാക്കള്‍കക്ക്. വടകരയില്‍ മുല്ലപ്പള്ളി വീണ്ടും മത്സരിക്കാനില്ല.

പത്തനംതിട്ടയില്‍ ആന്‍റോ ആന്റണിക്ക് പകരം കെ ശിവദാസന്‍ നായരുടെ പേരും എറണാകുളത്ത് കെ വി തോമസിന് പകരം സൗമിനി ജെയ്നിന്റെ പേരുമാണ് പുതിയ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം, ചാലക്കുടിയില്‍ വി ഡി സതീശന്‍ എം എല്‍ എയുടെ പേരും ലിസ്റ്റില്‍ കയറിയതായി അഭ്യൂഹമുണ്ട്.

ചാലക്കുടിയില്‍ സതീശന്‍ സ്ഥാനാര്‍ഥി ആയാല്‍ തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ പേരാണ് പരിഗണനയില്‍. അതേസമയം ചാലക്കുടിയില്‍ കഴിഞ്ഞ തവണ മത്സരിച്ച പി സി ചാക്കോയെ വീണ്ടും മത്സരിപ്പിക്കാന്‍ ഹൈക്കമാന്റിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വന്നാല്‍ തൃശൂരില്‍ ടി എന്‍ പ്രതാപന്‍ സ്ഥാനാര്‍ഥിയാകും.

publive-image

പാലക്കാട് വി കെ ശ്രീകണ്ഠന്‍

പാലക്കാട് ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍, മുന്‍ അംബാസഡര്‍ വേണു രാജാമണി എന്നീ പേരുകളാണ് ലിസ്റ്റില്‍ കയറിയിട്ടുള്ളത്.  ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് പുറമേ ദേശീയ തലത്തില്‍ ശ്രദ്ധേയനായ യുവ നേതാവ് അഡ്വ. മാത്യു എം കുഴല്‍നാടന്റെ പേരും ലിസ്റ്റിലുണ്ട്.

publive-image

കൊടിക്കുന്നിലിന് വീണ്ടും മത്സരിക്കാന്‍ മോഹം ?

മാവേലിക്കരയില്‍ നിന്നും ആദ്യം മത്സരത്തില്‍ നിന്നും പിന്മാറിയ സിറ്റിംഗ് എം പി കൊടിക്കുന്നില്‍ സുരേഷ് വീണ്ടും മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടെ കൊടിക്കുന്നിലിനൊപ്പം എഴുകോണ്‍ നാരായണന്‍, എന്‍ കെ സുധീര്‍ എന്നീ പേരുകളും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ആറ്റിങ്ങലില്‍ കോന്നി എം എല്‍ എ അടൂര്‍ പ്രകാശിന്റെ പേരാണ് ലിസ്റ്റില്‍ ഒന്നാമത്തേത്.

വയനാട്ടില്‍ കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ അഡ്വ. ടി സിദ്ദിഖ്, മലപ്പുറം ഡി സി സി അധ്യക്ഷന്‍ വി വി പ്രകാശ് എന്നീ പേരുകളാണ് ലിസ്റ്റിലുള്ളത്.

publive-image

മുല്ലപ്പള്ളി മാറി നില്‍ക്കും

വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും മത്സരിക്കാനിടയില്ല. ഇവിടെ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് കെ പി അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് ലിസ്റ്റിലുള്ളത്. കണ്ണൂരില്‍ സതീശന്‍ പാച്ചേനിയുടെ പേരിനാണ് മുന്‍‌തൂക്കം. കാസര്‍കോഡും ടി സിദ്ദിഖിന്റെ പേര് ലിസ്റ്റിലുണ്ട്. ഇവിടെ കഴിഞ്ഞ തവണയും സിദ്ദിഖായിരുന്നു സ്ഥാനാര്‍ഥി.

publive-image

ഇ ടിയ്ക്ക് പകരക്കാരനെ പരിഗണിച്ചേക്കാം

ഘടകകക്ഷികളുടെ നിലവിലുള്ള സീറ്റുകളിളൊന്നും മാറ്റമുണ്ടാകില്ലെന്നു ഉറപ്പായിട്ടുണ്ട്. മലപ്പുറവും പൊന്നാനിയുമായിരിക്കും ലീഗിന് നല്‍കുക.  ലീഗ് മൂന്നാം സീറ്റെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും അത് അംഗീകരിക്കാനിടയില്ല.

പൊന്നാനിയില്‍ ഇ ടി മുഹമ്മദ്‌ ബഷീറിനെ ഇത്തവണ മാറ്റുന്ന കാര്യവും ആലോചനയിലുണ്ട്. അങ്ങനെ വന്നാല്‍ കെ പി എ മജീദ്‌ പരിഗണിക്കപ്പെട്ടെക്കാം.

publive-image

കോട്ടയത്ത് പുതുമുഖം, പഴയ താപ്പാനകളെ മാണി പരിഗണിക്കില്ല !

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് മാണിയുടെ സീറ്റില്‍ പുതുമുഖമായിരിക്കും സ്ഥാനാര്‍ഥിയാവുക. യുവത്വത്തിനാണ് മുന്‍‌തൂക്കം എന്ന സൂചനയാണ് പുറത്തുവരുന്നത്. നിലവില്‍ ഇതുവരെ ഏതെങ്കിലും പദവികള്‍ വഹിച്ചിട്ടുള്ളവരെയോ മത്സരിച്ചിട്ടുള്ളവരെയോ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്.

ഇവിടെ സിറ്റിംഗ് എം പി ആയിരുന്ന ജോസ് കെ മാണിയുടെ താല്പര്യത്തിന് തന്നെ ആയിരിക്കും മുന്‍‌തൂക്കം. എന്തായാലും കെ എം മാണിയുടെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്നും ഉറപ്പായിക്കഴിഞ്ഞു.

കൊല്ലത്ത് ആര്‍ എസ് പിക്ക് തന്നെ സീറ്റ് നല്‍കും.  ഇവിടെ സിറ്റിംഗ് എം പി എന്‍കെ പ്രേമചന്ദ്രന്‍ വീണ്ടും മത്സരിക്കുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്.

കോഴിക്കോട് എം കെ രാഘവന്‍, തിരുവനന്തപുരത്ത് ശശി തരൂര്‍, ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്.  എന്തായാലും കോണ്‍ഗ്രസില്‍ ഈ മാസവും വരുന്ന മാസം പകുതി വരെയും നടക്കുന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ പലതും മാറി മറിഞ്ഞേക്കാം.

Advertisment