Advertisment

ശബരിമല ബിജെപിക്ക് സുവര്‍ണ്ണാവസരമായില്ല. വീണുകിട്ടിയ അവസരം തൂണുംചാരി നിന്ന കോണ്‍ഗ്രസ് തട്ടിക്കൊണ്ടുപോയി

New Update

തിരുവനന്തപുരം:  ശബരിമല വിഷയം വീണുകിട്ടിയ അവസരമാണ്. ഇത് നമുക്ക് സുവര്‍ണ്ണാവസരം ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബി ജെ പി യുവതീ പ്രവേശനം ഏറ്റെടുത്തത്.  ആ ആവേശം അതേപടി നിലനിര്‍ത്തികൊണ്ടായിരുന്നു അവര്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

Advertisment

ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റത്ത് നിന്നുകൊണ്ടാണ് മിസോറാമില്‍ ഗവര്‍ണര്‍ ആയിരുന്ന കുമ്മനം രാജശേഖരനെ രാജിവയ്പ്പിച്ച് കൊണ്ടുവന്നു തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയതും ശബരിമല വിഷയത്തില്‍ രക്തസാക്ഷി പരിവേഷമുണ്ടായിരുന്ന കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിച്ചതും.

publive-image

പക്ഷെ, രണ്ടിടത്തും പ്രതീക്ഷിച്ച മുന്നേറ്റത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ലെന്നതാണ് വോട്ടെണ്ണലില്‍ നാലിലൊന്ന് ഭാഗം പൂര്‍ത്തിയാകുമ്പോള്‍ കാണുന്നത്. പകരം തൂണും ചാരി നിന്ന കോണ്‍ഗ്രസ് നേട്ടം അടിച്ചുകൊണ്ടുപോകുകയും ചെയ്തതായാണ് വോട്ടെടുപ്പ് ഫലം നല്‍കുന്ന സൂചന. ശബരിമലയില്‍ ബി ജെ പി നടത്തിയത് ഇരട്ടത്താപ്പ് നയമായിരുന്നു എന്ന യു ഡി എഫ്, എല്‍ ഡി എഫ് ആരോപണം ജനം ശരിവച്ചു എന്നതാണ് ശരിയായ വിലയിരുത്തല്‍.

യുവതീ പ്രവേശന വിഷയത്തിലെ കോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കാമായിരുന്നിട്ടും അതിന് നില്‍ക്കാതെ തടച്ചിലും സമരവും പ്രതിരോധവും ഒക്കെയായി കേരളത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുകയായിരുന്നു ബി ജെ പി ചെയ്തതെന്ന വികാരമാണ് ജനങ്ങള്‍ക്ക് ഉണ്ടായതെന്ന് തോന്നുന്നു. ബി ജെ പിയെ സംബന്ധിച്ച് ദേശീയ തലത്തില്‍ അഭിമാനകരമായ മുന്നേറ്റം സാധ്യമായെങ്കിലും അപമാനകരമായ മുന്നേറ്റമാണ് അവര്‍ക്ക് ഉണ്ടായിരിക്കുന്നത്.

publive-image

ആകെ പറയാന്‍ പറ്റുന്നത് തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത് എത്തിയത് മാത്രമാണ്. എന്നാല്‍ കഴിഞ്ഞ തവണ ഓ രാജഗോപാലും ഒരു ശബരിമല വിഷയവും ഇല്ലാതെ ഈ രണ്ടാം സ്ഥാനവും നേടിയിരുന്നതാണ്. അപ്പോള്‍ അന്നത്തെ രാഷ്ട്രീയ വോട്ടുകള്‍ക്ക് പുറമേ ശബരിമലയുടെ ഒരു എക്സ്ട്രാ നേട്ടം തിരുവനന്തപുരത്തും ഇല്ല പത്തനംതിട്ടയിലും ഇല്ല തൃശൂരും ഇല്ല എന്നതാണ് സ്ഥിതി.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്റെ സ്ഥിതി ദയനീയമാണ്. അവിടെ ആന്റോ ആന്റണി 105000 വോട്ടുകള്‍ നേടിയപ്പോള്‍ സുരേന്ദ്രന്‍ 74000 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. സ്വാഭാവികമായും പത്തനംതിട്ടയില്‍ സുരേന്ദ്രനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രണ്ടാം സ്ഥാനം പ്രതീക്ഷിച്ചതാണ്. പക്ഷെ, ജനം ആ പഴയ നാടകങ്ങളൊന്നും മുഖവിലയ്ക്കെടുത്തില്ല എന്നതാണ് സത്യം.

Advertisment