കോണ്‍ഗ്രസില്‍ 8 ല്‍ 6 സിറ്റിംഗ് എം പിമാരും സ്ഥാനാര്‍ഥികള്‍ ! ഘടകകക്ഷി സീറ്റുകള്‍ കഴിഞ്ഞാല്‍ ധാരണയാകാനുള്ളത് 10 സീറ്റുകളില്‍ മാത്രം. ഇതില്‍ ചാലക്കുടിയില്‍ വി എം സുധീരനും പാലക്കാട് വി കെ ശ്രീകണ്ഠനും തൃശൂരില്‍ ഡീന്‍ കുര്യാക്കോസിനും ഇടുക്കിയില്‍ മാത്യു കുഴല്‍നാടനും സാധ്യത ? ചര്‍ച്ചകള്‍ ഇങ്ങനെ 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, February 11, 2019

തിരുവനന്തപുരം:  കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനയാത്ര പര്യടനം തുടരുന്നതിനിടെ യു ഡി എഫ് ഇനിയും ഔദ്യോഗിക സീറ്റ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. അതേസമയം, നേതാക്കള്‍ തമ്മില്‍ അനൌപചാരിക ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്.

ഘടകകക്ഷികള്‍ക്ക് 4 സീറ്റുകള്‍ എന്നതില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്.  ഇക്കാര്യം ഘടകകക്ഷി നേതാക്കളെ പറഞ്ഞു ധരിപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. ആ സീറ്റുകള്‍ ഇതെന്ന കാര്യത്തിലും (കോഴിക്കോട്, പൊന്നാനി, കോട്ടയം, കൊല്ലം) ധാരണ ഉണ്ടെന്നതിനാല്‍ ബാക്കിയുള്ള 16 സീറ്റുകളുടെ കാര്യത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആലോചന ബാക്കിയുള്ളത്.

അതില്‍ നിലവിലുണ്ടായിരുന്ന 8 സിറ്റിംഗ് എം പിമാരില്‍ അന്തരിച്ച വയനാട് എം പി എം ഐ ഷാനവാസിന്റെ സീറ്റും ഒഴിവുണ്ട്.  ബാക്കി 6 സിറ്റിംഗ് എം പിമാരോടും പ്രചാരണ രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസ് അനൌപചാരിക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു.

അവശേഷിക്കുന്നത് 10 സീറ്റുകള്‍ മാത്രമാണ്. ഈ പത്ത് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്ന ജോലി മാത്രമാണ് ഫലത്തില്‍ കോണ്‍ഗ്രസില്‍ അവശേഷിക്കുന്നത്. അതിനാലാണ് തിരക്കിട്ട ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് പ്രവേഷിക്കാത്തതും.

ചാലക്കുടിയില്‍ സീറ്റ് ഉറപ്പാക്കി സുധീരന്‍. എങ്കില്‍ ഡീനിനും നറുക്ക് വീഴും !

ഈ സീറ്റുകളുടെ കാര്യത്തിലാണ് അനൌപചാരിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചാലക്കുടിയില്‍ മത്സരിക്കുന്നതിന് വി എം സുധീരനില്‍ എ ഐ സി സി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.  സുധീരന് ഇതിന് വഴങ്ങേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ സാധ്യതയുണ്ടെന്നിരിക്കെ നിര്‍ബന്ധിച്ചാല്‍ മത്സരിക്കാം എന്ന നിലപാടിലേക്ക് സുധീരനും എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുധീരന്‍ സമ്മതിച്ചാല്‍ ചാലക്കുടിയുടെ കാര്യത്തില്‍ വേറെ തര്‍ക്കമില്ല. മാത്രമല്ല, തൃശൂരില്‍ ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ഥി വരുമെന്നും ഉറപ്പാകും.

അങ്ങനെ വന്നാല്‍ തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് സ്ഥാനാര്‍ഥിയാകും. ഡീനിന്റെ ഭാര്യ വീട് തൃശൂരാണ്. ഭാര്യാപിതാവ് മുന്‍ എം എല്‍ എയുമാണ്‌.  ടി എന്‍ പ്രതാപന്റെ പേരിനോട് ചില കേന്ദ്രങ്ങള്‍ക്ക് താല്പര്യം ഉണ്ടെങ്കിലും തൃശൂരോ ചാലക്കുടിയിലോ ഒരാള്‍ ക്രിസ്ത്യന്‍ എന്നതാണ് മേഖലയിലെ സമവാക്യം.

ഡീന്‍ കുര്യാക്കോസിന് കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കിയിലാണ് നോട്ടമെങ്കിലും എ ഐ സി സി നടത്തിയ സര്‍വേകളില്‍ അവിടെ ഡീനിന് അനുകൂല സാഹചര്യമല്ല ഉള്ളത്.

കുഴല്‍നാടനെ ഇത്തവണയെങ്കിലും പരിഗണിക്കണമെന്ന് നേതൃത്വങ്ങള്‍ !

ഇത്തവണ ഹൈക്കമാന്റിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും പരിഗണനയില്‍ ഒരേപോലെ സാധ്യതയുള്ള ഒരാള്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മാത്യു എം കുഴല്‍നാടനാണ്. ഇതുവരെ പരിഗണിക്കാതിരുന്ന യുവ നേതാവ് എന്നത് തന്നെയാണ് കുഴല്‍നാടന്റെ സാധ്യത.

അങ്ങനെയെങ്കില്‍ സ്വന്തം മണ്ഡലമായ ഇടുക്കിയില്‍ മാത്യു കുഴല്‍നാടനെ പരിഗണിക്കുന്നതില്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടാകില്ല. കഴിഞ്ഞ 6 വര്‍ഷമായി കുഴല്‍നാടന്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ സജീവവുമാണ്.

പ്രവര്‍ത്തന മികവിന്‍റെ പേരില്‍ സീറ്റുറപ്പിച്ച ശ്രീകണ്ഠനും

അധികം തര്‍ക്കമില്ലാത്ത മറ്റൊരു സീറ്റ് പാലക്കാട് വി കെ ശ്രീകണ്ഠന്റെ പേരാണ്.  ഡി സി സി അധ്യക്ഷനെന്ന നിലയിലുള്ള പ്രവര്‍ത്തന മികവിന്‍റെ സംസ്ഥാനത്തെ ഒന്നാം സ്ഥാനക്കാരനാണ് ശ്രീകണ്ഠന്‍. ആ നിലയില്‍ ഹൈക്കമാന്റിനും കാലങ്ങളായി സി പി എം വിജയിക്കുന്ന ഇവിടെ മത്സരിക്കാന്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിനും വലിയ താല്പര്യമില്ല.

മാത്രമല്ല, കഴിഞ്ഞ 3 വര്‍ഷമായ പാലക്കാടന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും സജീവമായിട്ടുണ്ടായിരുന്ന രാഷ്ട്രീയക്കാരനും ശ്രീകണ്ഠന്‍ തന്നെ.  അതിനാല്‍ തന്നെ നിലവില്‍ പാലക്കാട് മണ്ഡലത്തില്‍ ഏക പരിഗണന അദ്ദേഹത്തിന് തന്നെ. ഇവിടെ സി പി എം ഭയക്കുന്നതും ശ്രീകണ്ഠന്റെ പേരിനെ മാത്രമാണ്.

ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ് ഉറപ്പിച്ചേക്കും

ആറ്റിങ്ങലിലാണ് പാലക്കാട് കഴിഞ്ഞാല്‍ സ്ഥാനാര്‍ഥിത്വത്തിന് ഇടി കുറവുള്ള മറ്റൊരു മണ്ഡലം. അതും സി പി എം സ്വാധീന മണ്ഡലമാണ്. പക്ഷേ, അവിടെ ഇത്തവണ കോന്നി എം എല്‍ എ അടൂര്‍ പ്രകാശിനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് നീക്കം. പ്രകാശിലൂടെ ആറ്റിങ്ങല്‍ പിടിച്ചെടുക്കാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.  സിറ്റിംഗ് എം എല്‍ എ ആയ അടൂര്‍ പ്രകാശിന് മത്സരിക്കാന്‍ ഹൈക്കമാന്റ് അനുമതി നല്‍കിയേക്കും.

മത്സരം വയനാട്ടില്‍ തന്നെ

വയനാടാണ് കോണ്‍ഗ്രസില്‍ ഏറ്റവും പിടിവലിയുള്ള മണ്ഡലം.  ടി സിദ്ദിഖ്, എം എം ഹസ്സന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ ഇതിനായി കിടമത്സരത്തിലാണ്.  എന്നാല്‍ മലബാറുകാരനല്ലാത്ത ഒരാള്‍ സ്ഥാനാര്‍ഥിയായാല്‍ അത് വയനാട്ടില്‍ കോണ്‍ഗ്രസിന് പ്രതികൂലമായേക്കാം. അങ്ങനെ വന്നാല്‍ ടി സിദ്ദിഖ് ഇവിടെ സ്ഥാനാര്‍ഥിയായേക്കാം. ഹസ്സനും ഷാനിമോള്‍ക്കും വയനാട്ടില്‍ കാര്യമായ വേരുകളില്ല.

അബ്ദുള്ളക്കുട്ടിയും സുധാകരനും രംഗത്ത്

കാസര്‍കോഡ് എ പി അബ്ദുള്ളക്കുട്ടിയുടെ പേരിന് തന്നെയാണ് മുന്‍‌തൂക്കം. കണ്ണൂരിലോ വടകരയിലോ കെ സുധാകരന്‍ സ്ഥാനാര്‍ഥിയാകുമെന്ന ഉറപ്പാണ്. കണ്ണൂരിലാണ് സുധാകരന്‍ എങ്കില്‍ വടകരയില്‍ കെ എസ് യു അധ്യക്ഷന്‍ കെ എം അഭിജിത്തിന് സാധ്യതയുമുണ്ട്. അതേസമയം, സുധാകരന്‍ വടകരയില്‍ മത്സരിച്ചാല്‍ കണ്ണൂരില്‍ സതീശന്‍ പാച്ചേനി സ്ഥാനാര്‍ഥിയാകും.

ആലത്തൂരില്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയനെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഹൈക്കമാന്റ് ഇടപെട്ടേക്കും.

×