ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, വയനാട് ടി സിദ്ദിഖ്, പാലക്കാട് വി കെ ശ്രീകണ്ഠന്‍, എറണാകുളത്ത് ഹൈബി ഈഡന്‍, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍ – കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം നാളെ വൈകിട്ട്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, March 15, 2019

ഡല്‍ഹി:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ ധാരണയിലേക്ക്.  രാവിലെ നടന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ ഉണ്ടായ ധാരണകളും നേതാക്കളുടെ അഭിപ്രായങ്ങളും പരിഗണിച്ച് ഇന്ന് വൈകിട്ടും നാളെ രാവിലെയുമായി അന്തിമ പട്ടിക രൂപപ്പെടും.

ഇടുക്കി ലോക്സഭാ സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന് സീറ്റ് ഉറപ്പായിട്ടുണ്ട്. വയനാട് ടി സിദ്ദിഖിന് തന്നെയാണ് മുന്നേറ്റം.  ആലപ്പുഴയില്‍ കെ സി വേണുഗോപാലിന് പകരം അടൂര്‍ പ്രകാശിന്റെ പേരാണ് പരിഗണനയില്‍.  കെ സി ഉള്‍പ്പെടെ മൂന്നു സിറ്റിംഗ് എം പിമാര്‍ക്ക് സീറ്റില്ലെന്നാണ് റിപ്പോര്‍ട്ട്.

എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡനെ മത്സരിപ്പിക്കാനാണ് രാവിലെ നടന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിലെയും ധാരണ.  ഇതുപ്രകാരം കെ വി തോമസിനെ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിലേക്ക് വിളിച്ച് വരുത്തി ചര്‍ച്ച നടന്നിരുന്നു. വടകരയില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന് പകരം അവിടെ കെ എം അഭിജിത്തിന്റെ പേര് പരിഗണനയിലാണ്.

ആറ്റിങ്ങലില്‍ എ സമ്പത്തിനെതിരെ കെ എസ് ശബരീനാഥന്‍ എം എല്‍ എയുടെ പേരും മുന്‍ഗണനയിലുണ്ട്. പാലക്കാട് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠനാണ് സീറ്റ് ഉറപ്പായവരില്‍ ഒരാള്‍. ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്റെ കാര്യത്തിലും ധാരണയായിട്ടുണ്ട്. മറ്റ്‌ സിറ്റിംഗ് എം പിമാര്‍ തുടരും.

അതേസമയം, ഷാനിമോള്‍ ഉസ്മാനെ ഏതെങ്കിലും മണ്ഡലത്തില്‍ പരിഗണിക്കണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉള്ളതായി അറിയുന്നു.  കാസര്‍കോട് സുബ്ബയ്യ റായിയും കണ്ണൂരില്‍ കെ സുധാകരനുമാണ് മുന്‍‌തൂക്കം. സുധാകരനും മത്സരിക്കില്ലെന്ന് ഉറച്ചുനിന്നാല്‍ സതീശന്‍ പാച്ചേനിക്കും നറുക്ക് വീഴും.

×