Advertisment

വയനാട് കിട്ടാതെ വന്നപ്പോള്‍ അതുവരെ ശ്രദ്ധിക്കാതിരുന്ന ആലപ്പുഴയിലേക്ക് കെട്ടിയിറക്കി. യുഡിഎഫ് പ്രതിസ്ഥാനത്തായ വിവാദങ്ങളില്‍ ചാനലുകളിലിരുന്ന് സ്വന്തം നേതാക്കളെ പ്രതിരോധത്തിലാക്കി. സ്ഥാനാര്‍ഥികള്‍ താരങ്ങളായ തെരഞ്ഞെടുപ്പില്‍ ജനകീയതയില്ലാത്ത ഷാനിമോളെ ആലപ്പുഴയില്‍ കെട്ടിയിറക്കിയത് പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയായി മാറി. ഒടുവില്‍ പരാജയം രുചിച്ചപ്പോള്‍ കെ വി തോമസിന്റെ ചപ്പടാച്ചി റിപ്പോര്‍ട്ട് വച്ച് പ്രവര്‍ത്തകരെ ബലിയാടാക്കി തടിയൂരാന്‍ കോണ്‍ഗ്രസ് നേതൃത്വം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ പരാജയം സംബന്ധിച്ച് നാല് ബ്ലോക്ക് കമ്മറ്റികള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പ്രഹസനമായി മാറും.  ജനപിന്തുണയില്ലാത്ത നേതാക്കളെ അവസാന നിമിഷം സ്ഥാനാര്‍ഥികളായി കെട്ടിയിറക്കിയശേഷം പരാജയം ഉണ്ടാകുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമേല്‍ പഴിചാരുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.

Advertisment

publive-image

കഴിഞ്ഞ 2 വര്‍ഷമായി പ്രവര്‍ത്തക പിന്തുണയില്ലാതെ വിജയിക്കാവുന്ന വയനാട് മണ്ഡലം പിടിച്ചെടുക്കാനായി ഓടിനടന്ന ശേഷം വയനാട് കിട്ടില്ലെന്ന് കണ്ടപ്പോള്‍ അതുവരെ തിരിഞ്ഞുനോക്കാതിരുന്ന ആലപ്പുഴയിലേക്ക് ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ട് ഷാനിമോളെ കെട്ടിയിറക്കുകയായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണയില്ലാത്ത നേതാവിനെ സ്ഥാനാര്‍ഥിയാക്കിയ ശേഷം പരാജയപ്പെടുമ്പോള്‍ അതിന്റെ ഭാരം സാധാരണ പ്രവര്‍ത്തകരില്‍ ചാര്‍ത്തുന്ന നടപടിക്കെതിരെയാണ് കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നത്.

publive-image

പ്രഹസന കമ്മിറ്റിയുടെ ശുപാര്‍ശ അതിശയിപ്പിക്കുന്നത് !

ഷാനിമോളുടെ പരാജയത്തിന് മണ്ഡലത്തിലെ ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, സൌത്ത് ബ്ലോക്ക് കമ്മിറ്റികള്‍ക്കെതിരെ നടപടി സ്വീകരിക്കാനായിരുന്നു കെ വി തോമസ്‌ അധ്യക്ഷനായ 'പ്രഹസന കമ്മിറ്റി'യുടെ ശുപാര്‍ശ. തോല്‍വിയുടെ പ്രധാന ഉത്തരവാദിത്വം ജനപിന്തുണയില്ലാത്തവരെ മത്സരിപ്പിക്കാനയച്ച നേതൃത്വത്തിനാണെന്നിരിക്കെ അക്കാര്യങ്ങള്‍ പരാമര്‍ശിക്കാതെയാണ് കെ വി തോമസിന്റെ 'ചപ്പടാച്ചി റിപ്പോര്‍ട്ട്' !

publive-image

യുഡിഎഫില്‍ തരംഗമായത് സ്ഥാനാര്‍ഥികള്‍ ? ആലപ്പുഴയിലോ ?

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണത്തെ യു ഡി എഫിന്റെ ഗംഭീര വിജയത്തിന്റെ ഒന്നാമത്തെ കാരണം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ മികവായിരുന്നു. കാസര്‍കോട് - രാജ്മോഹന്‍ ഉണ്ണിത്താന്‍, ഇടുക്കി - ഡീന്‍ കുര്യാക്കോസ്, എറണാകുളം - ഹൈബി ഈഡന്‍, ആലത്തൂര്‍ - രമ്യ ഹരിദാസ്, പാലക്കാട് - വി കെ ശ്രീകണ്ഠന്‍, തൃശൂര്‍ - ടി എന്‍ പ്രതാപന്‍, ആറ്റിങ്ങല്‍ - അടൂര്‍ പ്രകാശ്, വടകര - കെ മുരളീധരന്‍ എന്നിവരുടെയൊക്കെ വിജയം സ്ഥാനാര്‍ഥി മികവിലായിരുന്നു.

publive-image

പാലക്കാടും ആലത്തൂരും എറണാകുളത്തും വെന്നിക്കൊടി പാറിച്ചത് സ്ഥാനാര്‍ഥി മികവ്

എറണാകുളത്ത് കെ വി തോമസിനെ മാറ്റി നിര്‍ത്തി ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കിയത് മധ്യ കേരളത്തിലെ യു ഡി എഫ് പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് ജനിപ്പിച്ചത്. ഡി സി സി അധ്യക്ഷനായത് മുതല്‍ നിരന്തരം ജനകീയ പരിപാടികളിലൂടെ പ്രവര്‍ത്തകര്‍ക്കിടയില്‍ നിറഞ്ഞുനിന്ന പാലക്കാട് ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്റെ സ്ഥാനാര്‍ഥിത്വം മാത്രമാണ് പാലക്കാട്ടെ അട്ടിമറി വിജയത്തിന് കാരണമായത്.

പി ജയരാജനെപ്പോലുള്ള ശക്തന്‍ മത്സരത്തിനെത്തിയപ്പോള്‍ മുന്‍കാലങ്ങളിലേതുപോലെ അത് സി പി എം കൊണ്ടുപോകും എന്നുറപ്പിച്ച് അവിടെ ദുര്‍ബല സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്ന പതിവ് മാറ്റി ജയരാജനെക്കാള്‍ ശക്തനായ കെ മുരളീധരനെ മത്സരത്തിനിറക്കിയപ്പോള്‍ വിജയം ഗംഭീരമായി. സി പി എമ്മിന്റെ കുത്തക മണ്ഡലങ്ങളായ കാസര്‍കോഡും പാലക്കാട്ടും ആലത്തൂരും ആറ്റിങ്ങലും പോരാളികളായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയതാണ് അട്ടിമറി വിജയങ്ങള്‍ക്ക് കാരണമായത്.

publive-image

പാര്‍ട്ടിയെ വേണ്ടാത്തവരെ പ്രവര്‍ത്തകര്‍ക്കെന്തിന് ?

ഈ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെയാണ് കെ വി തോമസ്‌ അധ്യക്ഷനായ സമിതി ആലപ്പുഴയിലെ തോല്‍വി പഠിച്ചത്. കോണ്‍ഗ്രസും യു ഡി എഫും പ്രതിരോധത്തിലായ വിവാദ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പോയിരുന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഒരാളെ പിടിച്ച് സ്ഥാനാര്‍ഥിയാക്കിയിട്ട് പ്രവര്‍ത്തിച്ചുകൊള്ളാന്‍ പറയുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതമാണ് ആലപ്പുഴയില്‍ പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്.

സ്ത്രീപക്ഷ വിഷയങ്ങളില്‍ കെ കെ ശൈലജയും പി കെ ശ്രീമതിയും പറയുന്നതാണ് ശരിയെന്ന മട്ടില്‍ കോണ്‍ഗ്രസിന്റെ മഹിളാ സംഘടനാ നേതാക്കളും ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യമാണ് ചോര്‍ന്നത്.  പിന്നീട് ഇപ്പറഞ്ഞ വിവാദങ്ങളിലൊക്കെ ആരോപണ വിധേയരായ നേതാക്കള്‍ നിരപരാധികളാണെന്ന് തെളിഞ്ഞപ്പോള്‍ അന്ന് ചാനല്‍ ചര്‍ച്ചകളില്‍ ഇവരെ പ്രതിരോധത്തിലാക്കിയ ഷാനിമോള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഹാസ്യരായി.

അത്തരക്കാരെ വീണ്ടും ജനങ്ങള്‍ക്ക് മുമ്പിലേക്ക് ഇറക്കിവിടാതിരിക്കാനുള്ള ജാഗ്രത പാര്‍ട്ടി നേതൃത്വത്തിനുണ്ടായില്ല. അക്കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നുമില്ല.

publive-image

കെ സിയ്ക്കാണെന്ന് കരുതി ആലപ്പുഴയെ അവഗണിച്ചു !

മറ്റൊന്ന് സ്വന്തം നാടാണെങ്കിലും ആലപ്പുഴയില്‍ ശ്രദ്ധ വയ്ക്കാത്ത നേതാവായിരുന്നു ഷാനിമോള്‍ എന്നതാണ്. കെ സി വേണുഗോപാലിന്റെ സിറ്റിംഗ് സീറ്റ് എന്ന് കരുതി അടുത്തെങ്ങും കിട്ടില്ലെന്ന കണക്കുകൂട്ടലില്‍ ഷാനിമോള്‍ ആലപ്പുഴയെ അവഗണിച്ചു.

പകരം വിയര്‍പ്പൊഴുക്കാതെ വിജയിക്കാന്‍ കഴിയുന്ന വയനാട്ടിലായിരുന്നു ഷാനിമോളുടെ ശ്രദ്ധ. വയനാടിനു വേണ്ടി പിടിച്ചവരൊക്കെ മേലനങ്ങാതെ വിജയിക്കാന്‍ ശ്രമിക്കുന്നവരാണെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിലുള്ളത്. അതിനുള്ള എന്ത് മഹത്വമാണ് അവര്‍ക്കുള്ളതെന്ന് പ്രവര്‍ത്തകരും ആലോചിക്കും. അതും ഷാനിമോള്‍ക്ക് വിനയായി.

വയനാട് കിട്ടില്ലെന്ന് കണ്ടപ്പോള്‍ നേരെ ആലപ്പുഴയ്ക്ക് ഷാനിമോളെ ഇറക്കിയ നേതൃത്വത്തിനാണ് ശരിക്കും തെറ്റുപറ്റിയത്. പകരം ഷുക്കൂറിനെപ്പോലെ ശക്തനായ മറ്റൊരാളെ അവിടെ പരിഗണിച്ചിരുന്നെങ്കില്‍ വിജയം വിഖ്യാതമായ 20:20 ആകുമായിരുന്നു. അത് നഷ്ടമാക്കിയ നേതൃത്വം പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കിയ പ്രവര്‍ത്തകരെ ബലിയാടാക്കുന്നതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം.

loksabha ele 2019 cong
Advertisment