ആറ്റിങ്ങലില്‍ സമ്പത്തിന്റെ ആധിപത്യം തളയ്ക്കാന്‍ കോണ്‍ഗ്രസിന്റെ തുറുപ്പുഗുലാന്‍ – കെ എസ് ശബരീനാഥന്‍ എംഎല്‍എ. ആലപ്പുഴയില്‍ ആരിഫിനെ തകര്‍ക്കാന്‍ അടൂര്‍ പ്രകാശ്‌ എംഎല്‍എയും. കോണ്‍ഗ്രസിന്റെ പരിഗണനയിലിരിക്കുന്നത് തകര്‍പ്പന്‍ പട്ടിക 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, March 14, 2019

തിരുവനന്തപുരം:  ആറ്റിങ്ങല്‍ പിടിക്കാന്‍ കോണ്‍ഗ്രസ് തുറുപ്പുഗുലാനെ തന്നെ ഇറക്കുന്നു ! നാലാം തവണ വിജയിക്കാന്‍ വേണ്ടി തന്നെ സി പി എം രംഗത്തിറക്കുന്ന മണ്ഡലത്തിലെ ജനകീയ മുഖമായ സിറ്റിംഗ് എംപി എ സമ്പത്തിനെ നേരിടാന്‍ അരുവിക്കര എംഎല്‍എ കെ എസ് ശബരീനാഥനെ രംഗത്തിറക്കാനാണ് ആലോചന.

മണ്ഡലം പിടിച്ചെടുക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥിയെ തന്നെ ആറ്റിങ്ങലില്‍ കളത്തിലിറക്കുമെന്ന് കെ പി സി സി നേതൃത്വം നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. മുമ്പ് കോന്നി എം എല്‍ എ അടൂര്‍ പ്രകാശിനെ ആറ്റിങ്ങലിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ എം പി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ അടൂര്‍ പ്രകാശിനെ ആലപ്പുഴയിലേക്ക് നിയോഗിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

സിറ്റിംഗ് എംഎല്‍എ എ എം ആരിഫിനെ സി പി എം ഇവിടെ രംഗത്തിറക്കിയ സാഹചര്യത്തില്‍ ശക്തനായ എതിരാളിയെ ഇറക്കി മണ്ഡലം നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്‌ഷ്യം.  അത് സാധ്യമാകണമെങ്കില്‍ ആരിഫിനെതിരെ അടൂര്‍ പ്രകാശ് വേണമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സി പി എമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക ഗംഭീരമാണെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ സി പി എമ്മിനെപ്പോലും ഞെട്ടിക്കുന്ന സ്ഥാനാര്‍ഥി പട്ടിക അവതരിപ്പിക്കാനുള്ള ചര്‍ച്ചകളാണ് ഇന്നലെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പോലും അരങ്ങേറിയത്.

×