Advertisment

അഞ്ചു നാടിനെ ഇളക്കി മറിച്ച് ഡീൻ കുര്യാക്കോസ്

New Update

മറയൂർ: അഞ്ചു നാടിനെ ഇളക്കി മറിച്ച് ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം ആവേശക്കടലായി മാറി. മേഖലയിലെ ആദിവാസി കുടികളിൽ നടന്ന പര്യടനത്തിനു ശേഷം ആയിരങ്ങൾ അണി നിരന്ന റോഡ് ഷോ നടത്തിയാണ് അഞ്ചു നാട് മേഖല ഒന്നാകെ ഇളക്കി മറിച്ചത്.

Advertisment

ഇരുചക്ര വാഹനങ്ങളിൽ പ്ലക്കാർഡുകളും കൊടിതോരണങ്ങളുമായി യുവാക്കളുടെ സംഘം റോഡ് ഷോയിൽ അണി നിരന്നിരുന്നു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആവേശപൂര്‍വമാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് ഒരോ കേന്ദ്രങ്ങളിലും സ്വീകരണം ഒരുക്കിയത്.

സ്ഥാനാർത്ഥിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ കുട്ടികളും, സ്ത്രീകളും അടക്കം നിരവധി ആളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നത്. രാവിലെ വട്ടവട പഞ്ചായത്തിലെ കൊട്ടാ കൊമ്പൂരിൽ നിന്നായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനത്തിന് തുടക്കമിടുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് നേതാക്കളായ ജി. മുനിയാണ്ടി, ബാബു.പി കുര്യാക്കോസ്, എം.ബി സൈനുദ്ദീൻ, ഡി. കുമാർ തുടങ്ങിയവർ പങ്കെടുത്തു. അതിരാവിലെ നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ കാത്ത് വിവിധ കുടി കളിൽ നിന്ന് കൊട്ടാകമ്പൂരിൽ എത്തിയിരുന്നത്. പരമ്പരാഗത രീതിയിൽ ആരതി ഉഴിഞ്ഞാണ് ഇവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

തുടർന്നു കോവിലൂർ, വട്ടവട, പഴന്തോട്ടം മേഖലകളിലും സ്ഥാനാർത്ഥിക്ക് പ്രൗഡ ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. ഇവിടെ നിന്ന് ദുർഘടം പിടിച്ച പാതയിലൂടെ പ്രത്യേക ജീപ്പിൽ കിലോമീറ്റർ സഞ്ചരിച്ച് ആദിവാസ ജനതയെ നേരിൽ കണ്ട ശേഷമാണ് കാന്തല്ലൂർ മേഖലയിലെത്തുന്നത്.

പഞ്ചായത്തിലെ പെരുമല , പയസ് നഗർ, കോവിൽ കടവ്, പുത്തൂർ, കീഴാംതൂർ, കുളച്ചു വയൽ കുടി, ചുരക്കുളം എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കിയിരുന്നു. തുടർന്ന് ആയിരങ്ങൾ അണിനിരന്ന റോഡ് ഷോ നടത്തിയാണ് മറയൂർ ടൗണിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നത്. അഞ്ചു നാട് നിവാസികളുടെ ഏതൊരാവശ്യങ്ങൾക്കും കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് സ്ഥാനാർത്ഥി മടങ്ങിയത്.

Advertisment