Advertisment

എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസിനെ മാറ്റി കെ ബാബുവിനെയോ സൗമിനി ജെയിനിനെയോ പരീക്ഷിക്കാനൊരുങ്ങി കോണ്‍ഗ്രസ് ! ജനകീയനായ പി രാജീവിനെ രംഗത്തിറക്കാനൊരുങ്ങി സിപിഎമ്മും ! ഹൈബി ഈഡന്‍ മത്സരിക്കാനില്ല !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശ്രദ്ധേയമാകുന്ന മണ്ഡലമാകും ഇത്തവണ എറണാകുളം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഹൈക്കമാന്റ് പ്രതിനിധിയെന്ന്‍ വിശേഷിപ്പിക്കപ്പെടുന്ന പ്രൊഫ. കെ വി തോമസിന്റെ സ്ഥാനാര്‍ഥിത്വം തന്നെയാകും ഇത്തവണ എറണാകുളത്ത് ചര്‍ച്ചയാകുന്നത്.

Advertisment

publive-image

പ്രധാനമന്തി നരേന്ദ്രമോഡിയെ പുകഴ്ത്തി സംസാരിച്ചത് മുതല്‍ എ ഐ സി സിയ്ക്ക് അനഭിമതനായ കെ വി തോമസ്‌ വീണ്ടും മത്സരിക്കാനൊരുങ്ങി സജീവമായി രംഗത്തുണ്ടെങ്കിലും ഇദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുകയാണ്. മാത്രമല്ല, കെ വി തോമസിന്റെ വിജയ സാധ്യതയും പരിശോധിച്ചേക്കും.

ഇടത് മുന്നണി സി പി എമ്മിന്റെ ജനപ്രിയ നേതാവായ പി രാജീവിനെയാകും എറണാകുളത്ത് പരിഗണിക്കുകയെന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രാജീവാണ് സി പി എം സ്ഥാനാര്‍ഥിയെങ്കില്‍ എതിരാളിയായി കെ വി തോമസ്‌ മതിയാകില്ലെന്ന അഭിപ്രായത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമില്ല.

publive-image

വിജയസാധ്യത മാത്രമാണ് ഇത്തവണ പരിഗണിക്കുകയെന്നും മറ്റൊരു മാനദണ്ഡവും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പരിഗണനാ വിഷയമാകില്ലെന്നും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ ശക്തമായ നിലപാട് ആവര്‍ത്തിച്ചിരുന്നു. സിറ്റിംഗ് എം പിമാരുടെ കാര്യത്തിലെ നിലപാട് വ്യക്തമാക്കാനായിരുന്നു വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചത്.

സിറ്റിംഗ് എം പിമാരില്‍ ആന്‍റോ ആന്റണി, കെ വി തോമസ്‌ എന്നിവരുടെ കാര്യത്തില്‍ വിജയ സാധ്യത പരിഗണിക്കണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ എ ഐ സി സിയുടെ മുന്നിലെത്തിയിട്ടുണ്ട്.  ഈ സാഹചര്യങ്ങളെല്ലാം കൂടി പരിഗണിക്കുമ്പോള്‍ എറണാകുളത്ത് കെ വി തോമസിന്റെ സാധ്യത അടയുകയാണ്.

publive-image

അങ്ങനെ വന്നാല്‍ സജീവമായി പരിഗണനയിലുള്ള രണ്ടു പേരുകള്‍ മുന്‍ മന്ത്രി കെ ബാബുവിന്റെതും മുന്‍ മേയര്‍ സൗമിനി ജെയിന്റെതുമാണ്.  പി രാജീവിനെ നേരിടാന്‍ ജനകീയനായ കെ ബാബു തന്നെ വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം.  ഇടത് സര്‍ക്കാര്‍ വന്ന ശേഷം അകാരണമായി വേട്ടയാടപ്പെട്ടെന്ന സഹതാപതരംഗം ബാബുവിന് കോണ്‍ഗ്രസുകാര്‍ക്കിടയിലുണ്ട്.

മാത്രമല്ല, കഴിഞ്ഞ തവണ തൃപ്പൂണിത്തുറയില്‍ ബാബുവിന്റെ തോല്‍വിക്ക് കാരണമായത് അന്നത്തെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ നിലപാടുകളായിരുന്നെന്ന ആക്ഷേപവും ഉണ്ട്.  ഇതെല്ലാം പരിഗണിച്ച് ബാബുവിന് പാര്‍ട്ടി യുക്തമായ പരിഗണന നല്‍കണമെന്നാണ് ഒരു വിഭാഗം പറയുന്നത്.

publive-image

അതേസമയം, വനിതാ പ്രാതിനിധ്യവും മികച്ച പ്രതിശ്ചായയും മുന്‍ മേയര്‍ സൗമിനി ജെയിനിന് അനുകൂലമാണ്. കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളില്‍ ജയസാധ്യത കല്‍പ്പിക്കപ്പെടുന്ന പേര് സൗമിനിയുടെതാണ്.  സൗമിനിയെ പരിഗണിക്കാവുന്ന ഏക മണ്ഡലവും എറണാകുളമാണ്. അങ്ങനെ വന്നാല്‍ സൗമിനിയ്ക്ക് നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.

പി രാജീവിനെതിരെ കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി ഹൈബി ഈഡന്‍ മത്സരിക്കണമെന്ന ആവശ്യം യുവ നേതാക്കള്‍ക്കുണ്ട്.  എന്നാല്‍ മറ്റൊരു ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനാകും കോണ്‍ഗ്രസിന്റെ ശ്രമം. പകരം മൂന്നാമത് പരിഗണിക്കുക മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷനെയാകും.  എന്നാല്‍ ജനസാധ്യത അവിടെയും പ്രശ്നമായേക്കും.

publive-image

എന്തായാലും നിലവിലെ സാഹചര്യത്തില്‍ കെ വി തോമസ്‌ മത്സരരംഗത്തുണ്ടാകാന്‍ സാധ്യത കുറവാണ്.  എന്നാല്‍ ഡല്‍ഹി ഓപ്പറേഷനില്‍ വിരുതനായ കെ വി തോമസ്‌ എങ്ങനെ കരുക്കള്‍ നീക്കും എന്നതിനെ കൂടി ആശ്രയിച്ചാകും എറണാകുളത്തിന്റെ ചിത്രം.

Advertisment