പ്രളയം തകര്‍ത്തെറിഞ്ഞ നാട്ടില്‍പോലും തെരഞ്ഞെടുപ്പിന് ഫ്ലക്സ് മതിലുകള്‍ ! പോസ്റ്റര്‍, തോരണങ്ങള്‍ ! ഒഴുകുന്നത് ഒരു നാടിന്റെ പുനര്‍നിര്‍മ്മിതിക്ക് പര്യാപ്തമായ കോടികള്‍ !

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, April 18, 2019

ഇടുക്കി:  തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരു ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിക്ക് ചിലവഴിക്കാവുന്ന ആകെ പരമാവധി തുക 85 ലക്ഷമാണെന്നാണ്‌ ഇലക്ഷന്‍ കമ്മീഷന്റെ വ്യവസ്ഥ. സ്ഥാനാര്‍ഥികള്‍ കണക്ക് നല്‍കുമ്പോഴും ഈ കണക്ക് ഒക്കും.

പക്ഷേ, നാട്ടിലിറങ്ങി നോക്കിയാല്‍ കാണുന്നത് ഒരു ദിവസം 85 ലക്ഷം പൊടിപൊടിക്കുന്ന പ്രതീതിയാണ്. ഇടുക്കിയില്‍ ആദ്യമൊക്കെ ഫ്ലക്സ് മതിലുകളായിരുന്നു. മാനം മറച്ചുകളയുന്നത്ര കൂറ്റന്‍ ഫ്ലക്സുകള്‍. ഇപ്പോള്‍ അത് പോസ്റ്റര്‍ തോരണങ്ങളായി മാറുകയാണ്.

പണക്കൊഴുപ്പ് കാണിക്കുന്നത് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം പോലുള്ള മെട്രോ നഗരങ്ങളില്‍ ആണെങ്കിലും സഹിക്കാം. പ്രളയം തകര്‍ത്തെറിഞ്ഞ ഇടുക്കി പോലുള്ള സ്ഥലങ്ങളില്‍ കാണിക്കുന്ന ഈ അഹങ്കാരം ദൈവം പോലും പൊറുക്കുമോ എന്ന് സംശയം.

ഒരു പഞ്ചായത്തില്‍ കൂറ്റന്‍ ഫ്കല്സ്, പോസ്റ്റര്‍ തോരണം, ഹൈടെക് പ്രചരണ വാഹനം എന്നിവയ്ക്കൊക്കെയായി ഒഴുക്കുന്ന പണത്തിന്റെ പകുതി ഉണ്ടെങ്കില്‍ ആ പ്രദേശത്തെ പ്രളയത്തില്‍ തകര്‍ന്ന 4 റോഡുകളെങ്കിലും സഞ്ചാരയോഗ്യമാക്കാമെന്നിരിക്കെയാണ് അഹങ്കാരവും ധൂര്‍ത്തും കാണിച്ച് ഫ്ലക്സുകള്‍ കൊണ്ട് ഉത്സവം തീര്‍ക്കുന്നത്. 8 കര്‍ഷകര്‍ പണമില്ലാതെ ആത്മഹത്യ ചെയ്ത നാട്ടിലാണ് ഒന്നര ലക്ഷം രൂപയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയരുന്നത്.

തെരഞ്ഞെടുപ്പായാല്‍ പ്രചരണം വേണം. അത് ജനങ്ങള്‍ക്ക് ജനാധിപത്യ പ്രക്രിയയെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. പക്ഷേ, തെരഞ്ഞെടുപ്പ് മഹാ ഉത്സവമാക്കി മാറ്റിക്കൊണ്ടുള്ള ഈ പണക്കൊഴുപ്പ് ഒരു വെല്ലുവിളി തന്നെയാണ്. ഇടുക്കിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കേരളം ഒന്നിച്ചു കൈകോര്‍ത്തതാണ്.  ഇനിയും നാട് ഒന്നിച്ചു നിന്നാലേ അത് സാധ്യമാകൂ.

അതിന് ഇടുക്കിയിലെ സാഹചര്യം മനസിലാക്കിയുള്ള നിലവാരത്തിലുള്ള പ്രചരണമാണ് അഭികാമ്യമെന്ന വിമര്‍ശനമായാണ് ഉയരുന്നത്.

 

×