കൊന്നുതള്ളിയവര്‍ക്ക് മുമ്പിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പടക്കുതിരകളെ ഇറക്കാന്‍ നിര്‍ദ്ദേശിച്ചത് രാഹുല്‍ ! ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ സ്ഥാനാര്‍ഥിത്വം പെരിയയ്ക്കുള്ള മറുപടിയാകും !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, March 15, 2019

ഡല്‍ഹി:  കാസര്‍കോഡ് പെരിയയില്‍ ഒന്നിന് പിന്നാലെ മറ്റൊന്നുകൂടി എന്ന നിലയില്‍ 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ സഹപ്രവര്‍ത്തകരുടെ കടിച്ചമര്‍ത്താന്‍ വന്ന അമര്‍ഷം സംസ്ഥാന ഹര്‍ത്താലായി മാറിയത് വിവാദമായിരുന്നു.  ഈ ഹര്‍ത്താലിന്റെ പേരില്‍ 193 കേസുകള്‍ കൂട്ടത്തോടെ ചുമത്തി ഡീന്‍ കുര്യാക്കോസിനെ കേസില്‍ തളച്ചിടാനുള്ള നീക്കം ഒരു വശത്ത് നടക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറ്റൊന്ന് തീരുമാനിച്ചു.

ഇന്നലെ കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാതാപിതാക്കളെ നെഞ്ചോട്‌ ചേര്‍ത്തണച്ച രാഹുല്‍, ആ അറുംകൊലയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നായകനെ കയ്യൊഴിയാന്‍ തയാറായില്ല.

രാവിലെ ഡല്‍ഹിയില്‍ ചേര്‍ന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന് മുമ്പ് നേതാക്കള്‍ക്ക് കൃത്യമായ സന്ദേശമെത്തി – ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെ പരിഗണിക്കണം. നിര്‍ദ്ദേശം രാഹുല്‍ ഗാന്ധിയുടേതാണ്. കൊന്ന് തള്ളാനൊരുങ്ങിയവര്‍ക്ക് മുമ്പിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പടക്കുതിരകളെ അഴിച്ചുവിടാനാണ് രാഹുല്‍ നല്‍കിയ നിര്‍ദ്ദേശം.

അങ്ങനെയെങ്കില്‍ 5 വര്‍ഷം മുമ്പ് ഇടുക്കി കണ്ട സൌമ്യനായ വ്യക്തിത്വമായിരിക്കില്ല ഇത്തവണ ഡീന്‍ കുര്യാക്കോസ്. ഇടതും വലതും നിന്ന സഹപ്രവര്‍ത്തകരെ ഇറച്ചിത്തുണ്ടം പോലെ വെട്ടിനുറുക്കിയ രാഷ്ട്രീയത്തിനെതിരെയാണ് ഡീനിന്റെ പടയൊരുക്കം.

യൂത്ത് കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരുടെ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിലെങ്കില്‍ ജയില്‍, തടവെങ്കില്‍ തടവ് എന്ന്‍ പ്രഖ്യാപിച്ചാണ് ഡീന്‍ കേസിനെ നേരിട്ടത്. അങ്ങനെ 193 കേസുകളുമായി ഡീനിനെ വേട്ടയാടാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുമ്പിലേക്കാണ് ഇപ്പോള്‍ യുവനേതാവിനെ സ്ഥാനാര്‍ഥി ആക്കിയിരിക്കുന്നത്.

×