പി ജെ ജോസഫിന്റെ സാധ്യത അടഞ്ഞതോടെ ഇടുക്കിയില്‍ ജോസഫ് വാഴയ്ക്കനും ഡീന്‍ കുര്യാക്കോസിനും മുന്‍‌തൂക്കം ! ജോയ്സിന്റെ കോണ്‍ഗ്രസ് ബന്ധുത്വങ്ങള്‍ വഴിയുള്ള വോട്ട് ചോര്‍ച്ച തടയാന്‍ വാഴയ്ക്കന്‍ തന്നെ മത്സരിക്കണമെന്ന് വിലയിരുത്തല്‍ !

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, March 15, 2019

ഇടുക്കി:  പി ജെ ജോസഫിനെ ഇടുക്കിയില്‍ യു ഡി എഫ് സ്വതന്ത്രനാക്കി മത്സരിപ്പിക്കാനുള്ള നീക്കം പാളിയതോടെ ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുമെന്നുറപ്പായി. മുന്‍ എം എല്‍ എ ജോസഫ് വാഴയ്ക്കന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് എന്നിവരുടെ പേരിനാണ് മുന്‍തൂക്ക൦.

ഇടുക്കിയിലെ പ്രത്യേക സാഹചര്യത്തില്‍ ഐ ഗ്രൂപ്പ് നേതാവ് സ്ഥാനാര്‍ഥിയായി വരുന്നതായിരിക്കും ഇടുക്കിയില്‍ ഗുണം ചെയ്യുകയെന്നതാണ് വിലയിരുത്തല്‍. ഇടത് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ്ജിന്റെ അടുത്ത ബന്ധുവാണ് ഐ ഗ്രൂപ്പ് നേതാവ് ഇ എം ആഗസ്തി. ജോയ്സിന്റെ സഹോദരനും മറ്റൊരു ബന്ധുവും ഐ ഗ്രൂപ്പ് നേതാക്കളാണ്.

ഈ സാഹചര്യത്തില്‍ ഐ ഗ്രൂപ്പില്‍ നിന്നല്ലാതെ മറ്റൊരു സ്ഥാനാര്‍ഥി ഉണ്ടായാല്‍ കോണ്‍ഗ്രസില്‍ നിന്നും ജോയ്സിന് വോട്ട് ചോര്‍ച്ച ഉണ്ടാകുമെന്നാണ് നേതൃത്വം ഭയക്കുന്നത്. ജോയ്സ് ജോര്‍ജ്ജിന്റെ ക്യാമ്പും പി ജെ ജോസഫ് എതിരാളിയാകുന്നതിനെക്കാള്‍ അപകടകരമായി കാണുന്നത് വാഴയ്ക്കന്റെ സ്ഥാനാര്‍ഥിത്വമാണ്.

അതിനാല്‍ എ ഗ്രൂപ്പിന്റെ കൈവശമുള്ള ഈ സീറ്റ് മറ്റൊരു സീറ്റുമായി കൈമാറ്റത്തിനാണ് സാധ്യത. അതേസമയം ഡീന്‍ കുര്യാക്കോസിന് വേണ്ടി എ വിഭാഗം ശക്തമായി നിലകൊണ്ടാല്‍ ഡീനിന് നറുക്ക് വീഴാനും സാധ്യതയുണ്ട്.  മുന്‍ തെരഞ്ഞെടുപ്പിന്റെ സാഹചര്യങ്ങളെക്കാള്‍ പാര്‍ട്ടിയാലും പൊതുരംഗത്തും ഇപ്പോള്‍ കൂടുതല്‍ ശക്തനാണ് ഡീന്‍ കുര്യാക്കോസ്. അതിനാല്‍ ഇവരിലാര് വന്നാലും ജോയ്സ് ജോര്‍ജ്ജിന് ഭീഷണിയാകും.

അതേസമയം പി ജെ ജോസഫിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നെങ്കില്‍ അത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാക്കുകയും ഈ സാഹചര്യം ജോയ്സ് ജോര്‍ജ്ജ് മുതലാക്കുകയും ചെയ്യുമായിരുന്നു.

×