Advertisment

ജോയ്സ് ജോര്‍ജ്ജ് നല്ല എംപിയാണെന്ന് മന്ത്രി മണി പറഞ്ഞു തീരുംമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എഴുന്നേറ്റു ! മന്ത്രി പറഞ്ഞത് ചുമ്മാതെയെന്നും എംപി ഒരു ചുക്കും ചെയ്യുന്നില്ലെന്നും പ്രവര്‍ത്തകര്‍ ! പോരായ്മ പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്, ജോയ്സിനെ സിപിഎമ്മില്‍ എടുക്കില്ലെന്നും മന്ത്രി 

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എം പി ജോയ്സ് ജോര്‍ജ്ജിനെതിരെ ഇടത് മുന്നണിയില്‍ പടയൊരുക്കം ശക്തം. അവിചാരിതമായി സ്ഥാനാര്‍ഥി ആകുകയും വിജയിച്ച ശേഷം കാര്യമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുകയും ചെയ്യാത്ത ജോയ്സിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ സി പി എമ്മിനുള്ളില്‍ കടുത്ത വിയോജിപ്പാണ് ഉള്ളത്.

Advertisment

publive-image

സി പി എമ്മിന്റെ ഭൂരിപക്ഷം ഏരിയാ കമ്മിറ്റികളും ജില്ലാ കമ്മിറ്റിയും ജോയ്സിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരാണ്.  കഴിഞ്ഞ ദിവസം മന്ത്രി എം എം മണി പ്രസംഗിക്കുന്ന വേദിയില്‍ ജോയ്സ് ജോര്‍ജ്ജിന്റെ സാന്നിധ്യത്തില്‍ തന്നെ സി പി എം പ്രവര്‍ത്തകര്‍ സ്ഥലം എം പിയ്ക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത് ജോയ്സിന് കടുത്ത തിരിച്ചടിയായിരുന്നു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം.

മുമ്പ് പല എം പിമാരെയും വിജയിച്ച ശേഷം മണ്ഡലത്തിലേക്ക് കാണാന്‍ കിട്ടിയിട്ടില്ലെന്നും എന്നാല്‍ ജോയ്സ് ജോര്‍ജ്ജ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചതെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഉടന്‍ ഏതാനും പ്രവര്‍ത്തകര്‍ വേദിയ്ക്ക് സമീപമെത്തി മന്ത്രി പറയുന്നത് ചുമ്മാതെയാണെന്നും ജോയ്സ് ഈ നാടിന് ഒന്നും ചെയ്തില്ലെന്നും പറഞ്ഞു.

publive-image

മന്ത്രി എതിര്‍ത്തിട്ടും വികസനമെത്താത്ത കാര്യം ചൂണ്ടിക്കാട്ടി പ്രവര്‍ത്തകര്‍ ബഹളം വച്ചു. ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ മന്ത്രിയുടെയും എം പിയുടെയും മുന്നില്‍ നിന്ന് പോലീസാണ് നീക്കം ചെയ്തത്. ഇതോടെ മന്ത്രി മണിയും വാക്ക് തിരുത്തി.

publive-image

പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളില്‍ പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുമെന്നായിരുന്നു മണിയാശാന്‍ പറഞ്ഞത്. മാത്രമല്ല, ജോയ്സ് ജോര്‍ജ്ജ് പാര്‍ട്ടി അംഗമല്ലെന്നും ജോയ്സിനെ പാര്‍ട്ടിയില്‍ എടുക്കില്ലെന്നും മന്ത്രി മണി യോഗത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

publive-image

പാര്‍ട്ടിക്കാരനല്ലാത്ത വ്യക്തിയെ വീണ്ടും മത്സരിപ്പിക്കരുതെന്ന ഉറച്ച നിലപാടിലാണ് ജില്ലയിലെ സി പി എം നേതൃത്വം. മാത്രമല്ല, ജോയ്സ് ജോര്‍ജ്ജിനെ സ്ഥാനാര്‍ഥിയാക്കിയ 2014 ലെ സാഹചര്യം ഇന്ന് നിലവിലില്ലെന്നും അതൊക്കെ ഇപ്പോള്‍ എം പിയ്ക്കെതിരാണെന്നും സി പി എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

publive-image

രാഷ്ട്രീയ താല്പര്യങ്ങള്‍ പുറത്ത് പറയരുതെന്നും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ട് പുതിയ ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അടുത്തിടെ രൂപതയിലെ വൈദികര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. ഇതോടെ കഴിഞ്ഞ തവണ ജോയ്സിന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച വൈദികരുടെ പിന്തുണ ഇത്തവണ അദ്ദേഹത്തിന് ലഭിക്കില്ല.

Advertisment