Advertisment

ചര്‍ച്ചകള്‍ പറഞ്ഞുകേള്‍ക്കുന്ന പ്രകാരമെങ്കില്‍ കോട്ടയത്ത് പോരടിക്കുക കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍. എന്‍ഡിഎയില്‍ പി സി തോമസിനും ഇടത് പക്ഷത്ത് ഫ്രാന്‍സിസ് ജോര്‍ജ്ജിനും സാധ്യത. മാണി വിഭാഗത്തില്‍ കണ്ടുമടുത്ത മുഖങ്ങള്‍ക്ക് പകരം യുവത്വത്തിന് മുന്‍‌തൂക്കം. കണക്കുകളിലും കണക്ക് കൂട്ടലുകളിലും പ്രതീക്ഷയര്‍പ്പിച്ച് സിപിഎം. പുതിയ രാഷ്ട്രീയത്തിനൊരുങ്ങി യുഡിഎഫ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കോട്ടയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇത്തവണ ശ്രദ്ധേയമാകുക കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സിറ്റിംഗ് സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെതാണ്.  ഇടതുപക്ഷവും ബി ജെ പിയും ഇത്തവണ രംഗത്തിറക്കുന്നതും കേരളാ കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ കൂടി ഭാഗമായ രണ്ട് നേതാക്കളെയാണെന്നാണ് നിലവിലെ സൂചനകള്‍.

Advertisment

publive-image

കേരളാ കോണ്‍ഗ്രസിന്റെ പിറവിയ്ക്ക് തന്നെ കാരണക്കാരനായ, കേരള രാഷ്ട്രീയം ഇന്നേവരെ കണ്ടിട്ടുള്ളതിലേയ്ക്കും വച്ച് ഏറ്റവും ശക്തനായിരുന്ന പി ടി ചാക്കോയുടെ മകന്‍ പി സി തോമസ്‌ എന്‍ ഡി എ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവിടുത്തെ മുന്‍ എം പി കൂടിയാണ് പി സി തോമസ്‌. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഭാഗമായിട്ടും സ്വതന്ത്രനായിട്ടും നിന്ന്‍ മത്സരിച്ചപ്പോഴൊക്കെ വിജയം.

ഇടതുപക്ഷം ഇവിടെ പരിഗണിക്കുന്നത് കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇടുക്കി മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ്ജിനെയാണ്.  കേരളാ കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ എം ജോര്‍ജ്ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ്.

മാണി ഗ്രൂപ്പില്‍ ജോസ് കെ മാണിയും ഭാര്യ നിഷ ജോസ് കെ മാണിയും മത്സര രംഗത്തില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

publive-image

മുമ്പ് തോറ്റുപോയവരെയും പല ഘട്ടങ്ങളിലായി പാര്‍ട്ടി വിട്ടുപോയി മടങ്ങി വന്നവരേയും പരിഗണിക്കുന്നതിലാണ് കേരള കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പ്. പിന്നീടുള്ളത് മുന്‍ രാജ്യസഭാംഗം ജോയ് എബ്രാഹമാണ്.  അദ്ദേഹവും മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

അവശേഷിക്കുന്ന അവസരം യുവാക്കള്‍ക്കാണ്. പാര്‍ട്ടിയില്‍ സജീവമായ ആളുകളില്‍ നിന്ന് പിന്നെ പരിഗണിക്കാവുന്നത് യുവാക്കളെയാണ്.  യൂത്ത് ഫ്രണ്ട് മുന്‍ പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസ്, യൂത്ത് ഫ്രണ്ട് മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ കെ സി വൈ എം സംസ്ഥാന പ്രസിഡന്റുമായ സിറിയക് ചാഴിക്കാടന്‍, നിലവിലെ യൂത്ത് ഫ്രണ്ട് പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രംഗത്തുണ്ട്.

ഇവര്‍ 3 പേര്‍ക്കും പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുണ്ട്. ആരും ആരെയും അംഗീകരിക്കില്ലെന്നത് തന്നെയാണ് പ്രശ്നം. അങ്ങനെയെങ്കില്‍ ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ / സാമുദായിക ഭൂമികയ്ക്കുള്ളില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് നറുക്ക് വീഴാനാണ് സാധ്യത.

publive-image

ആരായാലും 3 സ്ഥാനാര്‍ഥികളും കേരളാ കോണ്‍ഗ്രസ് വക. രണ്ടു പേര്‍ കേരള രാഷ്ട്രീയത്തിലെ 2 അതികായന്മാരുടെ മക്കളും മുമ്പ് കഴിവ് തെളിയിച്ചവരും. ഒരാള്‍ പുതിയ തലമുറയുടെ പ്രതീകമായി പുതിയ രാഷ്ട്രീയത്തിനും യുവത്വത്തിനും പ്രാധാന്യം നല്‍കുന്ന ആളും.

കോട്ടയം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ യു ഡി എഫിന് അനുകൂലമാണ്.  കേരളത്തില്‍ തന്നെ യു ഡി എഫിന്റെ ശക്തികേന്ദ്രം. കേരളാ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന്‍ ഉണ്ടാകാവുന്ന അസ്വാരസ്യങ്ങളില്‍ കണ്ണും നാട്ടാണ് സി പി എം ഈ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജ്ജിന് കൊടുക്കാന്‍ ആലോചിക്കുന്നത്.

ഫ്രാന്‍സിസ് ജോര്‍ജ്ജിന് താല്പര്യം പത്തനംതിട്ടയാണ്.  കാരണം അദ്ദേഹം 10 വര്‍ഷം എം പിയായിരുന്ന കാലഘട്ടത്തിലെ 2 നിയോജക മണ്ഡലങ്ങള്‍ പത്തനംതിട്ടയിലുണ്ട്. പക്ഷേ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4 സീറ്റുകളില്‍ മത്സരിച്ച് നാലിടത്തും തോല്‍ക്കുകയും ഒരിടത്ത് കെട്ടിവച്ച കാശ് തന്നെ നഷ്ടമാക്കുകയും ചെയ്ത ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കേണ്ട സാഹചര്യം ഇടത് മുന്നണിയിലില്ല. അതിനാല്‍ അവരുടെ ആവശ്യവും താല്‍പര്യവും പരിഗണിക്കപ്പെടണമെന്നില്ല.

publive-image

പകരം, നിലവില്‍ ഇടത് മുന്നണിയ്ക്ക് സാധ്യതയില്ലാത്ത കോട്ടയം സീറ്റില്‍ മത്സരിച്ച് ആ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്ന ഒരു സ്ഥാനാര്‍ഥി എന്ന നിലയിലാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിനെ പരിഗണിക്കുന്നത്. ഫലത്തില്‍ സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിനല്ല, ഫ്രാന്‍സിസ് ജോര്‍ജ്ജിനാണ്.

മാണി ഗ്രൂപ്പിലെ അസംതൃപ്തറുടെ പിന്തുണയും ജോസഫ് വിഭാഗത്തിന്‍റെ പിന്തുണയുമാണ്‌ ഫ്രാന്‍സിസ് ജോര്‍ജ്ജ് പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസിനോട് താല്പര്യമില്ലാത്ത കോണ്‍ഗ്രസിന്റെ പിന്തുണയും അദ്ദേഹത്തിന് ലഭിക്കുമെന്ന് സി പി എം കണക്കുകൂട്ടുന്നു. ഇതെല്ലാം ചേരുമ്പോള്‍ വിജയം സുനിശ്ചിതമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടല്‍.

പക്ഷേ, കേരളാ കോണ്‍ഗ്രസ് മാണിയുടെ ആയുധം കണ്ടുമടുത്ത മുഖങ്ങള്‍ക്ക് പകരം പുതുമുഖവും യുവത്വവുമെന്നതാകും. നിഷ ജോസ് കെ മാണി മത്സരിക്കുമെന്ന് വ്യാപകമായ പ്രചരണങ്ങള്‍ അഴിച്ചുവിട്ടത് കേരളാ കോണ്‍ഗ്രസ് വിരുദ്ധ കേന്ദ്രങ്ങള്‍ തന്നെയായിരുന്നു. അത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിന് പിന്നിലും ഈ കേന്ദ്രങ്ങളുടെ സ്വാധീനമുണ്ടായിരുന്നു.

publive-image

എന്നാല്‍ പിതാവിനും മകനും പിന്നാലെ മരുമകള്‍ കൂടി മത്സരിക്കാനെത്തിയാല്‍ കുടുംബ വാഴ്ചയുടെ പേരില്‍ ഉണ്ടാകാവുന്ന കനത്ത തിരിച്ചടി മറ്റുള്ളവരേക്കാള്‍ അറിയുന്നത് കെ എം മാണിക്ക് തന്നെ. അതിനാല്‍ അത്തരം ചര്‍ച്ചകളെപ്പോലും ഏറ്റവുമധികം ഭയപ്പെടുന്നത് മാണി കുടുംബം തന്നെ. അതോടെ എതിര്‍ ക്യാമ്പിലുള്ളവരുടെ അത്തരം പ്രതീക്ഷകളൊക്കെ അസ്ഥാനത്തായി.

എന്തൊക്കെയായാലും ഒന്നുറപ്പാണെന്ന് കരുതാം.  വാലും തുമ്പുമുള്ള കേരളാ കോണ്‍ഗ്രസുകളാകും ഇത്തവണ കോട്ടയത്ത് പരസ്പരം പോരടിക്കുക. അതൊരു മത്സരം തന്നെയായിരിക്കും എന്നും ഉറപ്പാണ്.

kottayam ele 2019
Advertisment