Advertisment

സ്ഥാനാര്‍ഥിയാകാനുറച്ച് പി ജെ ജോസഫ് ! ജോസഫിനെ തള്ളി നാലംഗ പാനലുമായി മാണി വിഭാഗം ! പകല്‍ മുഴുവന്‍ നീളുന്ന കേരളാ കോണ്‍ഗ്രസ് യോഗങ്ങള്‍ ഞായറാഴ്ച, പ്രഖ്യാപനം പിന്നെയും നീളും ! സ്ഥാനാര്‍ഥി ലിസ്റ്റിലെ പ്രമുഖനെതിരെ യുഡിഎഫില്‍ ഒളിയുദ്ധം തുടങ്ങി ?

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന സ്ഥാനാര്‍ഥി പ്രഖ്യാപനം തിങ്കളാഴ്ചയെന്നു സൂചന. പി ജെ ജോസഫ് മത്സരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായി മാറിയ കേരളാ കോണ്‍ഗ്രസിന്റെ സീറ്റ് വിഭജനം സംബന്ധിച്ച നിര്‍ണ്ണായക കൂടിയാലോചനകള്‍ നടക്കുന്നത് ഞായറാഴ്ചയാണ്.

Advertisment

ഞായറാഴ്ച രാവിലെ 11 ന് കോട്ടയത്ത് ഉന്നതാധികാര സമിതിയും 2 മണിക്ക് സ്റ്റിയറിംഗ് കമ്മിറ്റിയും ചേരുകയാണ്. രണ്ടു യോഗങ്ങളിലും മുതിര്‍ന്ന നേതാവ് പി ജെ ജോസഫ് മത്സരിക്കാനുള്ള ആഗ്രഹം അറിയിക്കുമെന്നുറപ്പാണ്. എന്നാല്‍ രണ്ട് സമിതികളിലും ജോസഫ് വിഭാഗത്തിനു ഭൂരിപക്ഷമില്ല.

publive-image

എന്നുമാത്രമല്ല, ജോസഫ് വിഭാഗത്തിന്‍റെ പ്രാതിനിധ്യം ഇരു സമിതികളിലും പരിമിതവുമാണ്. അതിനാല്‍ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം കേരളാ കോണ്‍ഗ്രസില്‍ നടപടിയാകുന്ന വിഷയമല്ല.

തീരുമാനമല്ല, ചര്‍ച്ചകള്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍

ഉന്നതാധികാര സമിതിയിലെ പ്രധാന തീരുമാനം കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമേ നല്‍കാനാകൂ എന്ന കോണ്‍ഗ്രസിന്റെ നിലപാട് പ്രതിഷേധത്തോടെ അംഗീകരിക്കുകയാണ്. സ്ഥാനാര്‍ഥി സംബന്ധിച്ച ചര്‍ച്ചകള്‍ സ്റ്റിയറിംഗ് കമ്മിറ്റിയിലായിരിക്കും ഉണ്ടാകുക. 100 ലേറെപ്പേര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്.

ചെറിയൊരു ജില്ലാ സമ്മേളനത്തിന്റെ ആള്‍ക്കൂട്ടം ഈ കമ്മിറ്റിയിലുണ്ട്. അതിനാല്‍ ചര്‍ച്ച നടക്കുമെങ്കിലും അവിടെയും തീരുമാനം ഉണ്ടാകില്ല. പകരം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള ചുമതല പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെ ചുമതലപ്പെടുത്തി യോഗം പിരിയാനാണ് സാധ്യത.

എന്നാല്‍, പിറ്റേദിവസം ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കേരളാ കോണ്‍ഗ്രസ് സമരം നടക്കുന്നതിനാല്‍ തിങ്കളാഴ്ചയും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകാനിടയില്ല. അങ്ങനെയെങ്കില്‍ തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ചയോ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

publive-image

പാനലില്‍ തോറ്റ എംഎല്‍എമാരും യുവത്വവും ഒരേപോലെ

എന്തായാലും ഞായറാഴ്ചത്തെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചൂടേറിയ ചര്‍ച്ച നടക്കുമെന്നുറപ്പാണ്. മുന്‍ എം എല്‍ എമാരായ സ്റ്റീഫന്‍ ജോര്‍ജ്ജ്, തോമസ്‌ ചാഴിക്കാടന്‍, യൂത്ത് ഫ്രണ്ട് മുന്‍ പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസ്, യൂത്ത് ഫ്രണ്ട് മുന്‍ ജനറല്‍സെക്രട്ടറിയും നിലവില്‍ കെ സി വൈ എം സംസ്ഥാന പ്രസിഡന്റുമായ സിറിയക് ചാഴിക്കാടന്‍ എന്നിവരാണ് ലിസ്റ്റിലെ പ്രമുഖര്‍.

യൂത്ത് ഫ്രണ്ടിന്റെ പതിനാല് ജില്ലാപ്രസിഡണ്ടുമാരും നിര്‍ദ്ദേശിച്ചിരിക്കുന്നത് സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞക്കടമ്പന്റെ പേരാണ്. ഇവരില്‍ സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ കാര്യത്തില്‍ മാണി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ധാരണ ആയതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

publive-image

ചാട്ടക്കാരനെ വേണ്ട !

എന്നാല്‍ ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസിനുള്ളിലും യു ഡി എഫിലും പരക്കെ എതിര്‍പ്പുണ്ട്. മുന്‍പ് സീറ്റ് കിട്ടാതെ പിണങ്ങിപ്പോയി കേരളാ കോണ്‍ഗ്രസ് വിടുകയും പി സി തോമസിനൊപ്പം ചേര്‍ന്ന് സ്കറിയാ വിഭാഗം കേരളാ കോണ്‍ഗ്രസിന്റെ ഭാഗമായി ഇടത് മുന്നണിയിലെത്തി ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തശേഷം ഒരിടത്തും അഭയം ലഭിക്കാതെ തിരികെ വന്ന നേതാവെന്നതാണ് സ്റ്റീഫനുള്ള അയോഗ്യതയായി എം എല്‍ എമാരടക്കം ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് സി പി എമ്മും സി പി ഐയും ബി ജെ പിയും ഉള്‍പ്പെടെ പരിഗണിക്കുന്ന സ്ഥാനാര്‍ഥികളെല്ലാം പ്രഗല്‍ഭരും കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വങ്ങളുമാണെന്നതിനാല്‍ അവര്‍ക്കൊപ്പം നില്‍ക്കാത്ത ഒരാളെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയാല്‍ അത് പൊട്ടിത്തെറിയാകും.

മുതിര്‍ന്ന സി പി എം നേതാവ് വൈക്കം വിശ്വന്റെ പ്രസംഗം കേട്ട് ആകൃഷ്ടനായാണ് താന്‍ രാഷ്ട്രീയ രംഗത്ത് സജീവമായതെന്നു പറഞ്ഞ് മുന്‍പ്  ഇടത് മുന്നണി യോഗത്തില്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് നവമാധ്യമ ഗ്രൂപ്പുകളില്‍ സജീവമാണ്.

publive-image

ഊര്‍ജ്ജസ്വലത സ്റ്റീഫന് തുണയാകും

എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ഊര്‍ജ്ജസ്വലനായ നേതാവെന്ന നിലയിലാണ് സ്റ്റീഫന്‍ ജോര്‍ജ്ജിനെ കേരളാ കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്. തെറ്റ് തിരുത്തിയാണ് അദ്ദേഹം മടങ്ങി വന്നതെന്നതും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.  പാര്‍ട്ടി സമ്മര്‍ദ്ദത്തിലായ പല സംഭവങ്ങളിലും കെ എം മാണിയുടെ വാദം അംഗീകരിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ സ്റ്റീഫന്‍ നടത്തിയ പോരാട്ടം പഴയ പിണക്കങ്ങളൊക്കെ മറക്കാന്‍ പര്യാപ്തവുമായിരുന്നു.

പാര്‍ട്ടി വളര്‍ത്താന്‍ ജോസ് കെ മാണിക്കൊപ്പം ഓടി നടന്നു പ്രവര്‍ത്തിക്കാന്‍ പ്രാപ്തനായ അദ്ദേഹത്തെക്കാള്‍ സീനിയര്‍ നേതാവെന്നതാണ് സ്റ്റീഫന്‍ ജോര്‍ജ്ജില്‍ മാണി വിഭാഗം കാണുന്ന പ്രധാന ഗുണം.

അതേസമയം, തോമസ്‌ ചാഴിക്കാടന് വിനയാകുന്നതും ഇതേ മാനദണ്ഡമാണ്. 67 കാരനായ ചാഴിക്കാടനേക്കാള്‍ 56 കാരനായ സ്റ്റീഫന് പ്രാധാന്യ൦ ലഭിക്കുന്നതും അതിനാലാണ്. ഓടി നടക്കാന്‍ പോരെന്നതും ചാഴിക്കാടന് വിനയാകും. കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലും തോമസ്‌  ചാഴികാടനാണ് ഭൂരിപക്ഷ പിന്തുണ.

publive-image

പ്രിന്‍സാണെങ്കില്‍ ഉറപ്പ് ?

കഠിനാധ്വാനം പോരെന്നതാണ് പ്രിന്‍സ് ലൂക്കോസിനെതിരെയുള്ള ആരോപണം.  അതേസമയം, വിജയിക്കുമെന്ന് ഉറപ്പുള്ള യുവ നേതാവായി പൊതു വിലയിരുത്തലുള്ളത് പ്രിന്‍സിനാണ്.  മികച്ച പ്രാസംഗികനെന്നതും പാരമ്പര്യവും യുവത്വവും പ്രിന്‍സിന് അനുകൂലമാണ്.

publive-image

അത്ര ചെറുപ്പം വേണോ ? സിറിയക്കിന് പാര പ്രായം !

പ്രായത്തിലെ ചെറുപ്പമാണ് സിറിയക് ചാഴിക്കാടന് വിനയാകുന്നത്. 35 കാരനായ ചെറുപ്പക്കാരനെ അംഗീകരിക്കാന്‍ 60 പിന്നിട്ടവര്‍ക്ക് ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് വൈമുഖ്യമുണ്ട്.  അതേസമയം, കെ സി വൈ എം സംസ്ഥാന അധ്യക്ഷനായ സിറിയക്കിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ സഭാ നേതൃത്വവു൦ കേരളാ കോണ്‍ഗ്രസുമായി അടുത്ത കാലത്തുണ്ടായ അകല്‍ച്ച കുറയ്ക്കാന്‍ കഴിയും എന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

സഭാ നേതൃത്വം മുന്നോട്ട് വയ്ക്കുന്ന പേരും സിറിയക്കിന്റെതാണ്. അത് അംഗീകരിച്ചില്ലെങ്കില്‍ സഭ വീണ്ടും പിണങ്ങും എന്ന ഭയവും നേതാക്കള്‍ക്കുണ്ട് . പക്ഷേ സിറിയക്കിനെ തല്‍ക്കാലം പരിഗണിക്കാന്‍ സാധ്യത കുറവാണത്രെ . എന്തായാലും കേരളാ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം അത്ര ലളിതമായിരിക്കില്ലെന്നുറപ്പാണ്.

jose km loksabha ele
Advertisment