കോട്ടയത്ത് സ്റ്റീഫന്‍ ജോര്‍ജ്ജ് കേരളാ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ഥിയായേക്കും. മത്സരത്തിന് മുന്നോടിയായി സ്റ്റീഫന്‍ ജോര്‍ജ്ജ് വി ആര്‍ എസിന് അപേക്ഷ നല്‍കി. സ്കൂളധ്യാപകനായ സ്റ്റീഫന്റെ സ്വയംവിരമിക്കല്‍ അപേക്ഷ വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ. സ്ഥാനാര്‍ഥി പ്രഖ്യാപനം ഈ മാസം തന്നെയെന്ന് സൂചന 

ബെയ് ലോണ്‍ എബ്രഹാം
Monday, February 11, 2019

കോട്ടയം:  ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനൊരുങ്ങുന്നതായി സൂചന.  മുന്‍ എം എല്‍ എ സ്റ്റീഫന്‍ ജോര്‍ജ്ജിനെ കോട്ടയത്ത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ നേതൃതലത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ തവണ രാജ്യസഭയിലേക്ക് ഇദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കിലും അവസാനം ജോസ് കെ മാണിയെ പാര്‍ലമെന്റില്‍ നിന്നും രാജിവയ്പ്പിച്ച് രാജ്യസഭയിലേക്ക് അയയ്ക്കുകയായിരുന്നു. ഇതോടെ സ്റ്റീഫനെ പാര്‍ലമെന്റിലേക്ക് പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സ്ഥാനാര്‍ഥിത്വത്തിലേക്ക് പരിഗണിക്കുന്നതിന്റെ ഭാഗമായി എയിഡഡ് സ്കൂള്‍ അധ്യാപകനായ സ്റ്റീഫന്‍ ജോര്‍ജ്ജ് വി ആര്‍ എസിന് അപേക്ഷ നല്‍കി. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥാനാര്‍ഥിത്വത്തിന് തടസമാകാതിരിക്കാന്‍ അദ്ദേഹം വി ആര്‍ എസിന് അപേക്ഷ നല്‍കിയത്.

കോട്ടയം രൂപതാ മാനേജ്മെന്റിന്റെ കീഴിലുള്ള കൈപ്പുഴ സ്കൂള്‍ അധ്യാപകനായ സ്റ്റീഫന്‍ ജോര്‍ജ്ജ് ഈ വര്‍ഷം മേയ് 3 ന് വിരമിക്കേണ്ടതാണ്. എന്നാല്‍ മാര്‍ച്ച് ആദ്യം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നിരിക്കെ മാര്‍ച്ച് അവസാനത്തോടെ നോമിനേഷന്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വരും. അതിന് മുന്നോടിയായാണ് കഴിഞ്ഞ മാസം തന്നെ അദ്ദേഹം വി ആര്‍ എസിന് അപേക്ഷ നല്‍കിയത്.

നേരത്തെ കോട്ടയത്തേക്ക് യുവ നിരയെ പരിഗണിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  എന്നാല്‍ യുവാക്കള്‍ക്ക് അവസരം നല്‍കിയാല്‍ അത് മുതിര്‍ന്ന നേതാക്കളെ പ്രകോപിതരാക്കും എന്ന ആശങ്കയാണ് സീനിയര്‍ നേതാക്കളെ പരിഗണിക്കാന്‍ കാരണം.

തോമസ്‌ ചാഴിക്കാടന്‍, സ്റ്റീഫന്‍ ജോര്‍ജ്ജ്, ജോയി എബ്രാഹം എന്നീ പേരുകളായിരുന്നു ആദ്യ പരിഗണനയില്‍.  എന്നാല്‍ നിലവില്‍ ജോസ് കെ മാണിയുടെ വിശ്വസ്തനെന്നത് സ്റ്റീഫന് തുണയായി.

കഴിഞ്ഞ തവണ കടുത്തുരുത്തിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന്‍ കെ എം മാണിയെ വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് വിട്ട സ്റ്റീഫന്‍ ജോര്‍ജ്ജ് പിന്നീട് പി സി തോമസിനൊപ്പം കേരളാ കോണ്‍ഗ്രസ് സ്കറിയാ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു.

അടുത്ത കാലത്താണ് അദ്ദേഹം സ്കറിയാ തോമസിന്റെ പാര്‍ട്ടി വിട്ട് മാതൃസംഘടനയിലേക്ക് തിരികെയെത്തിയത്. അതിനുശേഷം കേരളാ കോണ്‍ഗ്രസ് – എമ്മിന്റെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവമായിരുന്നു.  ജോസ് കെ മാണി നയിക്കുന്ന കേരളാ യാത്രയുടെ മുഖ്യ സംഘാടകരിലൊരാളും സ്റ്റീഫന്‍ ജോര്‍ജ്ജാണ്.

സ്റ്റീഫനെ കേരളാ കോണ്‍ഗ്രസിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി അടുത്തിടെ അദ്ദേഹത്തെ കേരളാ കോണ്‍ഗ്രസ് ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു.  ജോയ് എബ്രാഹത്തില്‍ നിന്നുമാണ് ഓഫീസിന്റെ ചുമതല സ്റ്റീഫന് കൈമാറിയത്.

അതേസമയം, സംഘടനാ ചുമതല ജോയ് എബ്രാഹത്തില്‍ തന്നെ തുടരുകയായിരുന്നു.  സ്റ്റീഫന്‍ ജോര്‍ജ്ജ് കോട്ടയത്ത് വിജയിച്ചാല്‍ സംഘടനാ ചുമതല കൂടി നല്‍കി അദ്ദേഹത്തെ പാര്‍ട്ടിയില്‍ ശക്തനാക്കാനാണ് സാധ്യത.

ഈ മാസം 24 നകം കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. 15 നാണ് ജോസ് കെ മാണിയുടെ യാത്ര തലസ്ഥാനത്ത് സമാപിക്കുന്നത്. അതോടെ സീറ്റ് മോഹികളെ പറഞ്ഞൊതുക്കി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങളിലെക്ക് കേരളാ കോണ്‍ഗ്രസ് കടക്കും.

ഇടുക്കി സീറ്റിനായി രംഗത്തുള്ള ജോസഫിനെയും അനുനയിപ്പിക്കേണ്ടതുണ്ട്. അതിനുശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം.

×