ഇടത് മുന്നണിയില്‍ വി എന്‍ വാസവന് മുന്‍ഗണന. എന്‍ഡിഎയില്‍ പിസി തോമസിനും. മാണിയില്‍ യുവത്വത്തിന് സാധ്യത. കോട്ടയത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മൂന്ന്‍ മുന്നണികളും

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, July 25, 2018

കോട്ടയം:  ജോസ് കെ മാണി രാജ്യസഭാംഗമായി മാറിയതോടെ ഒഴിവുവന്ന കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തകൃതിയാക്കി 3 മുന്നണികളും രംഗത്ത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ഭൂരിപക്ഷത്തില്‍ വിജയിച്ച ജോസ് കെ മാണി മത്സര രംഗത്തുണ്ടാകില്ലെന്നുറപ്പായിരിക്കെ മൂന്ന്‍ മുന്നണികളും ഒരേപോലെ വിജയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

സ്ഥാനാര്‍ഥിയാകും മുമ്പ് ബൂത്ത് തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിക്കുന്ന നടപടികളിലേക്ക് തന്നെ പാര്‍ട്ടികള്‍ കടന്നുകഴിഞ്ഞു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകളും കൈമാറി കഴിഞ്ഞു. ഇതോടെ നിലവില്‍ ഒഴിവുവന്ന മണ്ഡലം എന്ന നിലയില്‍ സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നണികളുടെ പ്രചരണ പരിപാടികള്‍ കോട്ടയത്ത് നിന്നാകും തുടക്കം കുറിയ്ക്കുകയെന്നുറപ്പായി.

സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടികള്‍ രണ്ടാം ഘട്ടത്തിലേക്കാണ് മാറ്റി വച്ചിരിക്കുന്നത്. എങ്കിലും പരിഗണിക്കപ്പെടേണ്ട സ്ഥാനാര്‍ഥികളുടെ പട്ടിക മുന്നണികള്‍ തയാറാക്കുകയും ചെയ്തിരിക്കുന്നു.

ഇടത് മുന്നണി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടിയിരിക്കുന്നത് ജില്ലയില്‍ നിന്നുള്ള പ്രമുഖ സി പി എം നേതാക്കള്‍ തന്നെയാണ്. കഴിഞ്ഞ തവണ ജനതാദള്‍ നേതാവ് മാത്യു ടി തോമസ്‌ മത്സരിച്ച മണ്ഡലം നിലവിലെ സാഹചര്യത്തില്‍ ഏറ്റെടുക്കാന്‍ തന്നെയാണ് സി പി എം തീരുമാനം. അതിനുള്ള മുന്നൊരുക്കങ്ങളാണ് സി പി എം ബ്രാഞ്ച് തലത്തില്‍ തന്നെ നടത്തുന്നത്.

ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, മുന്‍ ജില്ലാ സെക്രട്ടറിമാരായ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗ൦ കെ ജെ തോമസ്‌, മുന്‍ ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, എസ് എഫ് ഐ സംസ്ഥാന അധ്യക്ഷന്‍ ജെയ്ക് സി തോമസ്‌ എന്നിവരുടെ പേരുകളാണ് ഇടത് മുന്നണി പരിഗണിക്കുന്നത്. ഇതില്‍ വി എന്‍ വാസവന്റെ സാധ്യത കൂടുതലാണ്. ജില്ലയിലുടനീളം സാമുദായിക, സംഘടനാ നേതാക്കളുമായുള്ള സൗഹൃദവും ജനകീയതയും വാസവന് ഗുണം ചെയ്തേക്കാം.

ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവായ വൈക്കം വിശ്വന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് തീരുമാനിച്ചാല്‍ അദ്ദേഹത്തിന്റെ സാധ്യതയും വര്‍ദ്ധിക്കുന്നു. കെ ജെ തോമസിനെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ രണ്ടെണ്ണത്തിലും പരിഗണിച്ചതാണെങ്കിലും ഒടുവില്‍ സീറ്റ് നല്കാനായിരുന്നില്ല. അതിനാല്‍ തന്നെ ലോക്സഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കണമെന്ന ആവശ്യം നിലവിലുണ്ട്.

കേരളാ കോണ്‍ഗ്രസ് ലോക്സഭയിലേക്ക് പരിഗണിക്കുക 40 വയസില്‍ താഴെയുള്ള യുവ നേതാക്കളെയാണെന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെ വന്നാല്‍ ഇതേ പരിഗണനയില്‍ വരുന്ന എസ് എഫ് ഐ സംസ്ഥാന അധ്യക്ഷന്‍ ജെയ്ക് സി തോമസിനെ എതിരാളിയാക്കുന്ന സാഹചര്യവും സി പി എം പരിഗണിച്ചേക്കും.

കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇതുവരെ സാധ്യതാ പട്ടിക തയാറായിട്ടില്ല. അതേസമയം കേരളാ കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയും ചെയ്യുന്നുണ്ട്. യുവത്വത്തിനാകും മാണി വിഭാഗം പരിഗണന നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍ ഡി എയില്‍ ബി ജെ പിയ്ക്ക് ഈ സീറ്റിനോട് താല്പര്യമുണ്ടെങ്കിലും കേരളാ കോണ്‍ഗ്രസ് – പി സി തോമസ്‌ വിഭാഗത്തിന് അനുമദിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ മുന്‍ എ൦പി പി സി തോമസ്‌ ഇവിടെ സ്ഥാനാര്‍ഥിയാകുമെന്നുറപ്പാണ്.

അതേസമയം, മാണിയില്‍ നിന്നും കോണ്‍ഗ്രസ് ഈ സീറ്റ് ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ഇവിടെ മത്സരിക്കാനിറങ്ങിയാല്‍ കോട്ടയത്തെ സ്ഥിതി അപ്പാടെ മാറിമറിയും.

×