കോട്ടയത്ത് എന്‍ഡിഎയില്‍ പി സി തോമസിന്റെ സ്ഥാനാര്‍ഥിത്വം തീരുമാനമായി. മാണിയുടെ സ്ഥാനാര്‍ഥി ദുര്‍ബലനാകുകയും പി സി തോമസ്‌ മാണി വിഭാഗത്തിന്‍റെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്‌താല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന് വിജയസാധ്യതയെന്ന്‍ ഇടത് വിലയിരുത്തല്‍. കോട്ടയത്ത് കേരളാ കോണ്‍ഗ്രസുകളുടെ പോരാട്ടത്തിന് കളമൊരുങ്ങുന്നു 

ബെയ് ലോണ്‍ എബ്രഹാം
Tuesday, February 12, 2019

കോട്ടയം:  എന്‍ ഡി എയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പായ മണ്ഡലങ്ങളില്‍ ആദ്യത്തെതായി കോട്ടയം മാറി. കേരളാ കോണ്‍ഗ്രസിനനുവദിച്ച ഇവിടെ മുന്‍ എം പി പി സി തോമസിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസും ഈ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. മുന്‍ എം എല്‍ എ സ്റ്റീഫന്‍ ജോര്‍ജ്ജാകും ഇവിടെ മാണിയുടെ സ്ഥാനാര്‍ഥി എന്നാണ് സൂചന.

ഈ സാഹചര്യത്തില്‍ കോട്ടയം പിടിക്കാന്‍ ഇടത് മുന്നണി ഇവിടെ മറ്റൊരു കേരളാ കോണ്‍ഗ്രസിനെ പരീക്ഷിക്കാനുള്ള സാധ്യതയും പരിഗണനയിലാണ്.  ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് ലോക്സഭാ സീറ്റ് അനുവദിക്കുന്നത് പരിഗണനയില്‍ ഇല്ലെങ്കിലും കേരളാ കോണ്‍ഗ്രസ് തട്ടകമായ കോട്ടയത്ത് പാര്‍ട്ടിയുടെ സ്ഥാപക ചെയര്‍മാന്‍ കെ എം ജോര്‍ജ്ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ മത്സരിപ്പിച്ചാല്‍ ഈ സീറ്റ് മുന്നണിക്ക് പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് സി പി എം വിലയിരുത്തല്‍.

യു ഡി എഫിന് മുന്‍‌തൂക്കമുള്ള മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം അനുഗ്രഹമാകുമെന്നാണ് സി പി എമ്മിന്റെ പ്രതീക്ഷ.  അത് മുതലെടുക്കണമെങ്കില്‍ കേരളാ കോണ്‍ഗ്രസ് പാരമ്പര്യമുള്ള സ്ഥാനാര്‍ഥി തന്നെ മത്സര രംഗത്തുണ്ടാകണമെന്നാണ് സി പി എം നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യം ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് കോട്ടയത്ത് ലോക്സഭാ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

1989 മുതല്‍ 2009 വരെ സ്ഥലം എം പിയായിരുന്നപ്പോഴത്തെ ബന്ധങ്ങളിലാണ് പി സി തോമസിന്റെ പ്രതീക്ഷ. കേരളാ കോണ്‍ഗ്രസ് വിട്ട് എന്‍ ഡി എയുടെ ഉള്‍പ്പെടെ പിന്തുണ നേടി സ്വതന്ത്രനായി ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ പോലും പി സി തോമസിനായിരുന്നു ഇവിടെ (പഴയ മൂവാറ്റുപുഴ) വിജയം.

മണ്ഡലത്തിലാകമാനമുള്ള രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരുമായി കാലങ്ങളായുണ്ടാക്കിയ വ്യക്തി ബന്ധങ്ങള്‍ തന്നെയാണ് പി സി തോമസിന്റെ കരുത്ത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായി ഭിന്നതയിലായിട്ട് കാലങ്ങള്‍ ആയെങ്കിലും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയിലും ഇപ്പൊഴു൦ വ്യക്തിപരമായ സൗഹൃദവും അടുപ്പവും സൂക്ഷിക്കുന്ന നേതാവാണ്‌ പി സി തോമസ്‌. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ക്കിടയിലും പി സി തോമസിന് നല്ല ബന്ധമാണുള്ളത്.

ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദുര്‍ബലനാണെങ്കില്‍ അത് തനിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് പി സി. ജോസ് കെ മാണി മത്സര രംഗത്തില്ലെന്ന് ഉറപ്പായിരിക്കെ മറ്റൊരു ശക്തനായ സ്ഥാനാര്‍ഥി മാണി വിഭാഗത്തില്‍ നിന്നും ഉണ്ടാകില്ലെന്നാണ് പി സി തോമസിന്റെ വിലയിരുത്തല്‍.

പരിഗണനയിലുള്ളത് നിയമസഭയില്‍ രണ്ടില്‍ കുറയാത്ത തവണ മത്സരിച്ച് പരാജയപ്പെട്ട മുഖങ്ങളാണ്. അതില്‍ നിന്നും തമ്മില്‍ ഭേദം എന്ന നിലയില്‍ ഒരാളേ തെരഞ്ഞെടുക്കുകയാണ് കേരളാ കോണ്‍ഗ്രസിന് മുന്നിലെ പോംവഴി. സ്റ്റീഫന്‍ ജോര്‍ജ്ജിനാണ് സാധ്യതയെന്നാണ് നിലവിലെ സൂചന.

അങ്ങനെയെങ്കില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും സ്റ്റീഫന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാത്ത വിഭാഗത്തിന്‍റെ പിന്തുണ പി സി തോമസും ഇടത് മുന്നണിയും ഒരേപോലെ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം കേരളാ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ശീലമില്ലാത്ത വലിയൊരു വിഭാഗം കോണ്‍ഗ്രസുകാരുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നു.

ഫലത്തില്‍ മാണിയുടെ സ്ഥാനാര്‍ഥി ദുര്‍ബലനാകുകയും പി സി തോമസ്‌ കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തുകയും ചെയ്‌താല്‍ ഇടത് പക്ഷത്തിന് കോട്ടയത്ത് വിജയസാധ്യത പ്രതീക്ഷിക്കുന്നവരാണ് ഇടത് നേതാക്കളിലേറെപ്പേരും. ഫ്രാന്‍സിസ് ജോര്‍ജ്ജിനെപ്പോലെ കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്താന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍ വിജയം ഉറപ്പെന്നാണ് സി പി എം നേതാക്കളുടെ കണക്കുകൂട്ടല്‍.

×