അഞ്ചര പതിറ്റാണ്ടുനിറഞ്ഞുനിന്ന പൊതുജീവിതത്തില്‍ മാണിയുടെ അവസാന പ്രഖ്യാപനം – തോമസ്‌ ചാഴികാടന്‍ ! തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ആഘോഷങ്ങള്‍ ഒഴിവാക്കി ചാഴികാടന്‍. ചെണ്ടയും കലാപരിപാടികളും ഇല്ല, പൊതുയോഗങ്ങളും വെട്ടിച്ചുരുക്കി ! പകരം കെ എം മാണി സ്മൃതി യാത്ര !

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, April 12, 2019

കോട്ടയം: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‍ കോട്ടയത്തെ യു ഡി എഫ് സ്ഥാനാര്‍ഥി തോമസ്‌ ചാഴികാടന്റെ തെരഞ്ഞെടുപ്പ് പര്യടനം കെ എം മാണി സ്മൃതിയാത്രയായി മാറും.  യു ഡി എഫിന്റെ തല മുതിര്‍ന്ന നേതാവായിരുന്ന കെ എം മാണിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചനയോടുകൂടിയായിരിക്കും ഓരോ കേന്ദ്രങ്ങളിലും ഇനി മുതല്‍ തോമസ്‌ ചാഴിക്കാടന്റെ പര്യടനം കടന്നുപോകുക.  ഇന്ന് നീണ്ടൂര്‍, ഏറ്റുമാനൂര്‍ ഭാഗങ്ങളിലാണ് ചാഴികാടന്റെ പര്യടനം നടക്കുക.

യു ഡി എഫിനെ സംബന്ധിച്ച് കോട്ടയത്തിന്റെ അഭിഭാജ്യ ഘടകമായിരുന്നു കെ എം മാണിയെന്ന വ്യക്തിത്വം. കോട്ടയത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി നടന്ന തെരഞ്ഞെടുപ്പുകളില്‍ മാണിയുടെ തന്ത്രങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു.  കേരളത്തില്‍ തന്നെ യു ഡി എഫിന്റെ മൂന്നാമത്തെ വലിയ നേതാവായിരുന്നെങ്കിലും തലയെടുപ്പുകൊണ്ട് അതിലും മേലേയായിരുന്നു മാണിസാറിന്‍റെ സ്ഥാനം.

ഈ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി കെ എം മാണി സ്മൃതികളോടെ പ്രചരണം മുന്നോട്ട് കൊണ്ടുപോകാനാണ്‌ യു ഡി എഫിന്റെ തീരുമാനം. പ്രചരണ പരിപാടികളില്‍ നിന്നും ചെണ്ടമേളം, കലാപരിപാടികള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. പ്രമുഖ കലാകാരന്മാരെ അണിനിരത്തി മുന്‍ഷി പോലുള്ള ചില കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

പൊതുയോഗങ്ങളുടെ എണ്ണവും കുറയ്ക്കും. ഒഴിവാക്കാനാകാത്ത കേന്ദ്രങ്ങളില്‍ മാത്രമാകും പൊതുയോഗം. പകരം കുടുംബയോഗങ്ങളുടെ എണ്ണം കൂട്ടാനാണ് തീരുമാനം.

കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ച് അവരുടെ എല്ലാമായിരുന്ന കെ എം മാണിയുടെ വിയോഗം തീര്‍ത്ത ഞെട്ടലില്‍ നിന്നും അവര്‍ മോചിതരായിട്ടില്ല. അതിനാല്‍ തന്നെ പ്രചരണവും ഏറ്റവും ലളിതമായി തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ്‌ തീരുമാനം.

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കളുമായി മാണിസാറിനുണ്ടായിരുന്നതും അടുത്ത ബന്ധം തന്നെയായിരുന്നു. യു ഡി എഫിനെ സംബന്ധിച്ച് മറ്റൊരു പ്രാധാന്യം കൂടിയുണ്ട് ഈ തെരഞ്ഞെടുപ്പിന്. കെ എം മാണിയുടെ അവസാനത്തെ പ്രഖ്യാപനമായിരുന്നു കോട്ടയത്ത് സ്ഥാനാര്‍ഥിയായി തോമസ്‌ ചാഴിക്കാടന്റെത്.

ചാഴിക്കാടന് വേണ്ടിയാണ് മാണിയുടെ അവസാനത്തെ പത്രക്കുറിപ്പും അവസാന പത്രസമ്മേളനവും. ജോസഫും മോന്‍സും എല്ലാം ഉള്‍പ്പടെ പാര്‍ട്ടി ഒറ്റക്കെട്ടായി തോമസ്‌ ചാഴികാടന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നായിരുന്നു മാണിസാര്‍ അവസാനമായി പത്രക്കാരോട് പറഞ്ഞതും. അത് പ്രാവര്‍ത്തികമാക്കാനുള്ള ഓട്ടമാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസും യു ഡി എഫും നടത്തുന്നത്.

×