Advertisment

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയോട് ഹൈക്കമാന്റ് അഭിപ്രായം ആരാഞ്ഞു ? ഉമ്മന്‍ചാണ്ടി പോരിനിറങ്ങിയാല്‍ കോട്ടയമോ ഇടുക്കിയോ ?

New Update

ഡല്‍ഹി:  മുന്‍ മുഖ്യമന്ത്രിയും  പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ചാണ്ടിയോട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്റ് അഭിപ്രായം തേടിയതായി റിപ്പോര്‍ട്ട്.

Advertisment

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ അത് കേരളത്തില്‍ യു ഡി എഫിന് ഗുണം ചെയ്യുമെന്നാണ് ഹൈക്കമാന്റ് നിലപാട്. എന്നാല്‍ ഉമ്മന്‍ചാണ്ടി ഈ നിര്‍ദ്ദേശത്തോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന.

publive-image

ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയാറായാല്‍ അത് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ കോട്ടയത്തായിരിക്കും എന്ന അഭ്യൂഹം ശക്തമാണ്. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് അനുവദിച്ചപ്പോള്‍ കോട്ടയം പാര്‍ലമെന്റ് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കി പകരം ഇടുക്കി സ്വീകരിക്കണമെന്ന നിലയില്‍ രഹസ്യ ധാരണയുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത പുറത്തുവന്നതോടെ കേരളാ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ മത്സരിച്ച് ഈ റിപ്പോര്‍ട്ട് തള്ളിക്കളയുകയായിരുന്നു.  മാത്രമല്ല, ഇത് വിവാദമായതോടെ കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇപ്പോള്‍ കോട്ടയം വിട്ടുനല്‍കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന അവസ്ഥയിലുമെത്തി.

publive-image

എങ്കിലും ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയാറായാല്‍ സ്വാഭാവികമായും കേരളാ കോണ്‍ഗ്രസും വിട്ടുവീഴ്ചയ്ക്ക് തയാറാകേണ്ടി വരും. മുന്‍ധാരണയും അതായിരിക്കണം.

അതേസമയം, ഉമ്മന്‍ചാണ്ടിക്ക് മത്സരിക്കാന്‍ മറ്റൊരു സാധ്യതയുള്ള മണ്ഡലം ഇടുക്കിയാണ്. ഒന്ന്, അത് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റല്ലെന്നതാണ്. ഉമ്മന്‍ചാണ്ടിയെപ്പോലൊരു പ്രമുഖന്‍ മത്സരിക്കുമ്പോള്‍ അത് ഒരു സീറ്റ് ഇടത് പക്ഷത്ത് നിന്നും പിടിച്ചെടുക്കേണ്ട നിലയിലായിരിക്കണം എന്നാണ് അഭിപ്രായം. ഉമ്മന്‍ചാണ്ടിക്കും അതാണ്‌ ഇഷ്ടം.

publive-image

മാത്രമല്ല, ബൂത്ത് തലം മുതല്‍ ഗ്രൂപ്പും ഗ്രൂപ്പിനകത്തെ ഗ്രൂപ്പും കൊണ്ട് കോണ്‍ഗ്രസ് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ജില്ലയാണ് ഇടുക്കി. അവിടെ ഉമ്മന്‍ചാണ്ടിയെപ്പോലെ ഉന്നത നേതാവിന്റെ സാന്നിധ്യം ഉണ്ടായാല്‍ അത് പാര്‍ട്ടിയെ ഇടുക്കിയില്‍ ശക്തിപ്പെടുത്തുന്നതിന് ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. ഇടുക്കിയില്‍ ബി ജെ പിയുടെ വളര്‍ച്ചയും കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

publive-image

എന്നാല്‍, ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയം ഉപേക്ഷിക്കുന്നതിന് ഉമ്മന്‍ചാണ്ടിക്ക് താല്പര്യമില്ല. എ ഗ്രൂപ്പിലും ഇതിനോട് കടുത്ത വിയോജിപ്പുണ്ട്. എന്നാല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവുമായിരിക്കെ എം പി ആയിരിക്കേണ്ടതിന്റെ ആവശ്യകത ഉമ്മന്‍ചാണ്ടിക്കും അറിയാം. ഡല്‍ഹി രാഷ്ട്രീയത്തിന് അത് അനിവാര്യമാണ്.

publive-image

എന്തായാലും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ ഹൈക്കമാന്റിന്റെ സമ്മര്‍ദ്ദം ഉണ്ടാകില്ലെന്നാണ് സൂചന. തീരുമാനം എന്തായാലും അത് കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം ഉമ്മന്‍ചാണ്ടിക്ക് തന്നെ ആയിരിക്കും.

Advertisment